ആ അമ്മമാരെ പോലെ ഇവരും ആവർത്തിക്കുമോ?; സൗഹൃദം പങ്കിട്ട് താരപുത്രിമാർ; ഇരുവരും നേരിടാനുള്ള വെല്ലുവിളി
സിനിമാ താരങ്ങളുടെ മക്കൾ എപ്പോഴും വാർത്താ പ്രാധാന്യം നേടുന്നവരാണ്. മാതാപിതാക്കളുടെ പാത പിന്തുടർന്ന് മക്കളും സിനിമ കരിയറാക്കുന്നത് ബോളിവുഡിൽ വർഷങ്ങളായുള്ള രീതിയാണ്. മലയാളത്തിൽ ഈ പ്രവണത തുടങ്ങിയിട്ട് അധികം വർഷങ്ങളായിട്ടില്ല. സോഷ്യൽ മീഡിയയുടെ കടന്ന് വരവോടെ താരങ്ങളുടെ മക്കൾ സിനിമാ താരങ്ങളേക്കാൾ ചർച്ചയാകുന്നു. ഇതിനേറ്റവും വലിയ ഉദാഹരമമാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി. ഒരു സിനിമയിൽ പോലും ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും യുവ നായികമാരേക്കാൽ ജനശ്രദ്ധ മീനാക്ഷിക്ക് ലഭിക്കുന്നു.
ഇതേപോലെ ജനങ്ങൾക്ക് മമതയുള്ള മറ്റൊരു താരപുത്രിയാണ് ഉർവശിയുടെയും മനോജ് കെ ജയന്റെയും മകൾ തേജാലക്ഷ്മി. അടുത്ത സുഹൃത്തുക്കളാണ് മീനാക്ഷിയും തേജാലക്ഷ്മിയും. ഇവർ ഒരുമിച്ചുള്ള പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. നെപ്പോട്ടിസം ടേക്ക് ഓവർ എന്നാണ് ഫോട്ടോയ്ക്ക് തേജാലക്ഷ്മി നൽകിയ ക്യാപ്ഷൻ. താരപുത്രിമാരായ രണ്ട് പേരുടെയും ജീവിതത്തിൽ സമാനമായ ചില ഘടകങ്ങളുണ്ട്.

ഫോട്ടോ കടപ്പാട്: നിധീഷ് ഫോട്ടോഗ്രഫി
ഇതാണ് മറ്റ് താരപുത്രിമാരേക്കാൾ കൂടുതൽ മീനാക്ഷിയിലേക്കും തേജാലക്ഷ്മിയിലേക്കും ജനശ്രദ്ധ പോകാൻ കാരണം. മലയാള സിനിമ കണ്ട ഏറ്റവും പ്രഗൽഭരായ നടിമാരാണ് മീനാക്ഷിയുടെയും തേജാലക്ഷ്മിയുടെയും അമ്മ. തേജാലക്ഷ്മിയുടെ അമ്മ ഉർവശിക്ക് സിനിമാ രംഗത്തുള്ള ഖ്യാതി ചെറുതല്ല. അഭിനയ മികവിൽ ഉർവശിക്ക് പകരം വെക്കാൻ ആളില്ലെന്ന് ഏവരും പറയുന്നു. ഉർവശിക്ക് ലഭിച്ചത് പോലെ വൈവിധ്യമുള്ള കഥാപാത്രങ്ങൾ മലയാളത്തിൽ മറ്റേതെങ്കിലും നടിക്ക് ലഭിച്ചോയെന്ന് സംശയമാണ്.
ഇന്നും മികച്ച വേഷങ്ങൾ ഉർവശിയെ തേടിയെത്തുന്നു. മറുവശത്ത് മീനാക്ഷിയുടെ അമ്മ മഞ്ജു വാര്യരെ പോലൊരു കരിയർ ഗ്രാഫുള്ള നടി തെന്നിന്ത്യൻ സിനിമയിൽ ഇല്ല. 45ാം വയസിലും ലേഡി സൂപ്പർസ്റ്റാറെന്ന ഖ്യാതി മഞ്ജുവിനുണ്ട്. രണ്ട് പ്രഗൽഭ നടിമാരുടെ മക്കളായ മീനാക്ഷിയും തേജാലക്ഷ്മിയും അടുത്ത സുഹൃത്തുക്കളാണെന്നത് ആരാധകരെ സന്തോഷിക്കുന്നു.

അമ്മയുടെ കഴിവുകൾ രണ്ട് പേർക്കും കിട്ടിയിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. പ്രത്യേകിച്ചും മീനാക്ഷിയുടെ നൃത്തത്തിന് ആരാധകർ ഏറെയാണ്. എന്നാൽ സിനിമാ രംഗത്തേക്ക് കടന്ന് വരാൻ മീനാക്ഷി ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം സിനിമയിലേക്ക് വരികയാണെന്ന് തേജാലക്ഷ്മി അടുത്തിടെ വ്യക്തമാക്കി.
അമ്മമാരെ പോലെ മീനാക്ഷിയുടെയും തേജാലക്ഷ്മിയുടെയും അച്ഛൻമാരും സിനിമാ ലോകത്ത് അനുഭവ സമ്പത്തുള്ളവരാണ്. മലയാള സിനിമാ രംഗത്ത് താരപുത്രൻമാർ നിരവധിയാണെങ്കിലും താരപുത്രിമാർ ചുരുക്കമാണ്. അതേസമയം സിനിമാ കുടുംബത്തിൽ നിന്നുള്ള കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് തുടങ്ങിയവർക്ക് മികച്ച അവസരങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ മറ്റ് ഭാഷകളിലെ പോലെ താരപുത്രിമാർക്ക് വലിയ സ്വീകാര്യത മോളിവുഡിൽ ഇല്ലെന്നും അഭിപ്രായമുണ്ട്.
കീർത്തിക്ക് മികച്ച അവസരങ്ങൾ ലഭിച്ചത് മറ്റ് ഭാഷകളിലാണ്. കല്യാണിയുടെ അഭിനയം പോരെന്നാണ് വലിയൊരു വിഭാഗം പ്രേക്ഷകരും പറയുന്നത്. മീനാക്ഷിയും തേജാലക്ഷ്മിയും സിനിമാ രംഗത്തേക്ക് കടന്ന് വന്നാൽ അത് വലിയ വാർത്താ പ്രാധാന്യം നേടുമെന്നുറപ്പാണ്. അതേസമയം അമ്മമാരുടെ കഴിവുമായുള്ള താരതമ്യം ഇവരുടെ കരിയറിൽ ഉടനീളം ഉണ്ടാകാനും സാധ്യതയുണ്ട്. ഇതിനേറ്റവും വലിയ ഉദാഹരണമാണ് ബോളിവുഡ് നടി ജാൻവി കപൂർ. അമ്മ ശ്രീദേവിയുമായി എപ്പോഴും ജാൻവി താരതമ്യം ചെയ്യപ്പെടുന്നു.


Click it and Unblock the Notifications