കുടുംബത്തെ വരെ വലിച്ചിഴച്ചു; എത്ര പണി കിട്ടിയാലും പഠിക്കില്ല; ദുരനുഭവം തുറന്ന് പറഞ്ഞ് മീനാക്ഷി രവീന്ദ്രൻ
സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെടുകയാണ് മീനാക്ഷി രവീന്ദ്രൻ. എയർഹോസ്റ്റസ് ജോലി ഉപേക്ഷിച്ചാണ് മീനാക്ഷി അഭിനയ രംഗത്തേക്ക് വന്നത്. നായികാ നായകൻ എന്ന ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട മീനാക്ഷി പിന്നീട് ടെലിവിഷൻ അവതാരകയായും ശ്രദ്ധ നേടി. കോമഡി ചെയ്യാൻ വഴക്കമുള്ള മീനാക്ഷിക്കും ഷോകളിലും ഇത് ഉപകരിച്ചു. മാലിക് എന്ന സിനിമയിൽ ശ്രദ്ധേയ വേഷം മീനാക്ഷിക്ക് ലഭിച്ചു. സോഷ്യൽ മീഡിയയിൽ പലപ്പോഴും അധിക്ഷേപങ്ങൾ മീനാക്ഷിക്ക് നേരിടേണ്ടി വരാറുണ്ട്. എന്നാൽ നടി ഇതൊന്നും കാര്യമാക്കാറില്ല.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വരുന്ന മോശം കമന്റുകളെക്കുറിച്ച് സംസാരിക്കുകയാണ് മീനാക്ഷി രവീന്ദ്രൻ. മിർച്ചി മലയാളവുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. കമന്റുകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. എനിക്ക് തോന്നാറില്ല. എന്റെ സമയം ഇതിന് അർഹിക്കുന്നില്ലെന്ന് തോന്നുന്നു. 200 കമന്റുകളിൽ രണ്ട് കമന്റേ നല്ലതുള്ളൂയെങ്കിൽ രണ്ട് കമന്റേ ഞാൻ എടുക്കൂ. ബാക്കി കമന്റുകൾക്ക് കളയാനുള്ള സമയം എന്റെ പക്കലില്ല. ആരുമറിയാതെ ജീവിച്ചപ്പോഴും ഷോർട്സുകൾ ഞാനിടുമായിരുന്നു.

ആ സമയത്തും ആളുകൾ പിറകിൽ നിന്ന് കിന്നാരം പറയുന്നത് കേട്ടിട്ടുണ്ട്. ഞാനത് കാര്യമാക്കിയില്ല. ചെറിയ വിഭാഗത്തെ താൻ പണ്ടേ ബ്ലോക്ക് ചെയ്തതാണെന്നും മീനാക്ഷി രവീന്ദ്രൻ വ്യക്തമാക്കി. ബ്രായുടെ വള്ളി കാണുന്നു എന്ന് പറഞ്ഞാൽ പൈസ കൊടുത്ത് വാങ്ങിച്ചതല്ലേ കാണട്ടെ എന്നേ ഞാൻ പറയൂ. അങ്ങനെ പറഞ്ഞിട്ടുണ്ട്. പൈസ കൊടുത്ത് വാങ്ങിച്ചതല്ലേ, ഏത് ബ്രാൻഡിന്റെ ആണോയെന്ന് അറിയാമോ എന്ന് കളിയാക്കി വിടും. അറിയാത്ത ആളാണെങ്കിൽ വിട്ടുകളയുമെന്നും മീനാക്ഷി രവീന്ദ്രൻ വ്യക്തമാക്കി.
തനിക്ക് നേരെ വന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ചും മീനാക്ഷി സംസാരിച്ചു. മെലിഞ്ഞതിന്റെ പേരിൽ പൊരിച്ച മത്തി എന്ന് വിളിച്ചു. പറയുന്ന ആളുടെ നിലവാരം എന്തായിരിക്കും. എനിക്ക് തന്നെ ചിരിവരും. ഇപ്പോഴും അങ്ങനെ വിളിക്കാറുണ്ട്. ആദ്യമാെക്കെ വിഷമമുണ്ടായിരുന്നു. എന്നെ ഞാനായി സ്വയം സ്വീകരിച്ചു. നമ്മൾക്ക് തന്നെ ഒരു ആത്മവിശ്വാസമുണ്ടാകും. സിനിമാ നടിമാർക്ക് കൺവെൻഷണൽ ബ്യൂട്ടി വേണമെന്ന് പറയുമ്പോൾ ലോകത്ത് പല മെലിഞ്ഞവരും തടിച്ചവരും കറുത്തവരും വെളുത്തവരുമുണ്ട്. അങ്ങനത്തെ ആളുകളുടെ റോൾ ചെയ്യാൻ ആരും വേണ്ടേയെന്ന് ചിന്തിച്ചിട്ടുണ്ട്.

സുഹൃത്തുക്കളിൽ നിന്നും നേരിട്ട വിശ്വാസ വഞ്ചനയെക്കുറിച്ചും മീനാക്ഷി രവീന്ദ്രൻ സംസാരിച്ചു. ഞാൻ പെട്ടെന്ന് ആളുകളെ വിശ്വസിക്കുന്ന ആളാണ്. എല്ലാവരെയും വിശ്വസിച്ച് ഹൃദയം തുറക്കും. പിറകിൽ നിന്ന് എന്തെങ്കിലും പണി തരും. എത്ര പണി കിട്ടിയാലും പുതിയ ആളെ കാണുമ്പോൾ ഇയാൾ പാവമാണെന്ന് കരുതും. വീണ്ടും പണിവരും. കുറച്ച് നാൾ വിഷമിച്ചിരിക്കും. എന്റെ വളരെ അടുത്ത ഒരു ഫ്രണ്ടുണ്ടായിരുന്നു.
ആ കുട്ടിയിൽ നിന്ന് പ്രതീക്ഷിക്കാത്ത തരത്തിൽ ഒരു സംഭവം ഉണ്ടായി. എന്റെ വീട്ടുകാരെ പോലും അതിലേക്ക് വലിച്ചിഴച്ചു. അത് വിഷമമുണ്ടാക്കി. എന്നോട് ക്ഷമ പറയുന്നുണ്ട്. ക്ഷമ പറഞ്ഞാൽ സ്വീകരിക്കുന്ന ആളാണ് ഞാൻ. പക്ഷെ ഇനി അധികം അടുപ്പിക്കരുതെന്ന് തന്റെയുള്ളിൽ തോന്നലുണ്ടെന്നും മീനാക്ഷി രവീന്ദ്രൻ വ്യക്തമാക്കി.
പ്രണയത്തിലും പങ്കാളിത്തതിലും താൽപര്യമുണ്ടെങ്കിലും തേടി പോകുന്ന ആളല്ല. സ്വാഭാവികമായി സംഭവിക്കട്ടെയെന്ന് കരുതുന്നു. കമ്മിറ്റഡായാൽ എന്റെ ജീവനും കൂടെ കൊണ്ട് പോകൂ എന്ന് പറയുന്ന ആളാണ് താൻ. അതിനാൽ പ്രണയത്തിലാകാൻ പേടിയുണ്ടെന്നും മീനാക്ഷി രവീന്ദ്രൻ വ്യക്തമാക്കി.


Click it and Unblock the Notifications