എന്റെ വർക്ക് സ്പേസിൽ പോലും വലിയ പ്രശ്നമായിട്ടുണ്ട്; പക്ഷെ മാറ്റാൻ പറ്റുന്നില്ല; മീര നന്ദൻ പറയുന്നു
മുല്ല എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന മീര നന്ദൻ വളരെ പെട്ടെന്നാണ് സിനിമാ രംഗത്ത് ശ്രദ്ധ നേടിയത്. ഉയർച്ച താഴ്ചകൾ ഒരുപോലെ വന്ന സിനിമാ കരിയറിന്റെ ഒരു ഘട്ടത്തിൽ റേഡിയോ ജോക്കി എന്ന കരിയറിലേക്ക് മീര നന്ദൻ മാറി. ദുബായിൽ പുതിയൊരു ജീവിതം കെട്ടിപ്പടുത്ത മീര നന്ദനെ അടിമുടി മാറ്റങ്ങളോടെയാണ് പിന്നീട് പ്രേക്ഷകർ കണ്ടത്. കഴിഞ്ഞ ദിവസമാണ് മീര നന്ദന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്.
ലണ്ടനിൽ നിന്നുള്ള മലയാളി ശ്രീജുവാണ് മീര നന്ദന്റെ വരൻ. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഏറെനാളായി മീര നന്ദന് നേരിടേണ്ടി വരുന്നുണ്ട്. ആരാധകർക്ക് സർപ്രെെസായാണ് മീര നന്ദൻ വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ പുറത്ത് വിട്ടത്. നാട്ടിൽ നിന്നും മാറി ദുബായിൽ ദീർഘകാലമായി ജീവിക്കുന്നതിനെക്കുറിച്ച് മീര നന്ദൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ധന്യ വർമയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

ദുബായിലേക്ക് മാറിയത് ജീവിതത്തെ മാറ്റി മറിച്ച തീരുമാനം ആയിരുന്നെന്ന് മീര നന്ദൻ പറയുന്നു. ഒരു വ്യക്തിയെന്ന നിലയിൽ മാറ്റം വന്നു. ആളുകളെ ഡീൽ ചെയ്യുന്ന രീതിയിലുൾപ്പെടെ മാറ്റം വന്നു. മുമ്പ് അമ്മയുമായി ഇടയ്ക്കിടെ അടിയുണ്ടാക്കുമായിരുന്നു. ഇപ്പോൾ ആലോചിക്കുമ്പോൾ ഞാൻ വളരെ സില്ലി ആയിരുന്നെന്ന് മനസിലാക്കുന്നെന്ന് മീര നന്ദൻ വ്യക്തമാക്കി.
ഇഷ്ടമില്ലാത്ത ആളുകളോട് പുറമേക്ക് ചിരിച്ച് കൊണ്ട് പെരുമാറാൻ തനിക്ക് പറ്റില്ലെന്നും മീര വ്യക്തമാക്കി. ഇഷ്ടമില്ല എന്നത് എന്റെ നെറ്റിയിൽ എഴുതി വെച്ചിട്ടുണ്ടാകും. ഇഷ്ടമില്ലാത്തവരോട് നല്ല രീതിയിൽ സംസാരിക്കുന്ന ആളുകളെ താൻ കണ്ടിട്ടുണ്ട്. പക്ഷെ തനിക്കത് പറ്റില്ല. ഞാൻ വർക്ക് ചെയ്യുന്ന ഫീൽഡിലൊക്കെ അത് വളരെ ബുദ്ധിമുട്ടാണ്. ചില കാര്യങ്ങൾ തുറന്നടിച്ച് പറയുന്നത് വർക്ക് സ്പേസിൽ വലിയ പ്രശ്നമായിട്ടുണ്ട്. പക്ഷെ തനിക്കത് മാറ്റാൻ പറ്റില്ലെന്നും മീര നന്ദൻ വ്യക്തമാക്കി.

ദുബായിലെ തുടക്ക നാളുകളെക്കുറിച്ചും മീര നന്ദൻ സംസാരിച്ചു. സിംഗിൾ ജീവിതം ആസ്വദിച്ചിരുന്നു. ഒരു ബ്രേക്ക് അക്ക് ഒക്കെ കഴിഞ്ഞാണ് ഞാൻ സ്വയം സ്നേഹിക്കാൻ തുടങ്ങിയത്. സെൽഫ് കെയർ എന്നത് എന്താണെന്ന് മനസിലാക്കി തന്ന സമയമാണ് ആദ്യത്തെ കുറച്ച് നാളുകൾ. റിലേഷൻഷിപ്പിന്റെ കാര്യത്തിൽ റിഗ്രറ്റ് ഇല്ല. എല്ലാത്തിൽ നിന്നും നമ്മൾ പഠിക്കും. ദുബായിൽ തനിക്ക് വളരെ അടുത്ത സുഹൃദ് വലയങ്ങൾ ഉണ്ടെന്നും മീര നന്ദൻ ചൂണ്ടിക്കാട്ടി.
വിദേശത്ത് ഒറ്റപ്പെടൽ അനുഭവപ്പെട്ടതിനെക്കുറിച്ചും മീര നന്ദൻ സംസാരിച്ചു. അടിച്ച് പൊളിക്കൽ ആദ്യത്തെ കുറച്ച് നാളത്തെ മനോഹരമായ കാര്യങ്ങളാണ്. അതിനിടെയാണ് കൊവിഡ് സംഭവിച്ചത്. എല്ലാ വീക്കെൻഡിലും സുഹൃത്തുക്കളെ കാണുമായിരുന്നു. അതില്ലാതായി. നാട്ടിലേക്ക് വരാൻ പറ്റാതായി. അപ്പോഴും കുടുംബം ഒപ്പം നിന്നെന്നും മീര നന്ദൻ പറയുന്നു.
ഞാൻ ഒരേ വീട്ടിലാണ് ഏഴരക്കൊല്ലത്തോളം താമസിക്കുന്നത്. സ്ഥലം മാറുകയെന്നത് വളരെ പ്രധാനമാണെന്ന് ഒരു സുഹൃത്തിനോട് സംസാരിച്ചപ്പോഴാണ് മനസിലാക്കുന്നത്. കാരണം തീർത്തും ഡൗൺ ആയിപ്പോകുന്ന സാഹചര്യങ്ങൾ ഉണ്ടാകും. എനിക്ക് വർക്കിന് പോയിട്ട് റേഡിയോ ഷോയ്ക്ക് പോയിട്ട് മൈക്ക് ഓണാക്കുമ്പോൾ ചിരിക്കുകയും ഓഫ് ചെയ്യുമ്പോൾ കരയുകയും ചെയ്യുന്ന ഘട്ടം ഉണ്ടായിരുന്നു. വീട് മാറിയപ്പോൾ വ്യത്യാസം തോന്നിയെന്നും മീര നന്ദൻ വ്യക്തമാക്കി. മീരയുടെ വിവാഹ ദിനം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications