കണ്ണടച്ച് ഞാൻ പറയും; ശോഭന യൂണിവേഴ്സിറ്റിയിൽ പേപ്പർ അവതരിപ്പിക്കുന്നത് കണ്ടപ്പോൾ; മേതിൽ ദേവിക
നൃത്തത്തിലെ മികവ് കൊണ്ട് വൻ ജനപ്രീതി നേടിയവരാണ് ശോഭനയും മേതിൽ ദേവികയും. ശോഭന സിനിമാ താരമെന്ന നിലയിൽ കൂടി പേരെടുത്തെങ്കിലും മേതിൽ ദേവിക പൂർണമായും നൃത്തത്തിലേക്ക് സമർപ്പിക്കുകയാണ് ചെയ്തത്. നായികയായി മികച്ച അവസരങ്ങൾ വന്നിട്ടും മേതിൽ ദേവിക നൃത്ത രംഗത്ത് തന്നെ തുടർന്നു. അതേസമയം ശോഭനയ്ക്ക് തന്റെ യുവത്വത്തിലെ വലിയാെരു കാലം സിനിമകളിലേക്ക് മാറ്റി വെക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ അന്നും തന്റെ മനസിൽ നൃത്തമായിരുന്നെന്ന് നടി നേരത്തെ തുറന്ന് പറഞ്ഞടിട്ടുമുണ്ട്.
സിനിമാ കരിയറിലെ തിരക്ക് കുറഞ്ഞ് വന്ന കാലഘട്ടത്തിലാണ് പൂർണമായും നൃത്തത്തിലേക്ക് ശോഭന ശ്രദ്ധ തിരിക്കുന്നത്. സിനിമാ രംഗത്ത് ശോഭന ഇപ്പോൾ സജീവമല്ല. അതേസമയം നൃത്ത വേദികളിൽ ഇന്നും ശോഭന അവിസ്മരണീയ പ്രകടനം കാഴ്ച വെക്കാറുണ്ട്. ഇപ്പോഴിതാ നർത്തകിയെന്ന നിലയിൽ ശോഭനയുമായി വരുന്ന താരതമ്യങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് മേതിൽ ദേവിക. വണ്ടർവാൾ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മേതിൽ ദേവിക.

തന്നേക്കാൾ മികച്ച നർത്തകി ശോഭനയാണെന്ന് മേതിൽ ദേവിക പറയുന്നു. ഒരു താരതമ്യം ഇല്ലെന്ന് കണ്ണടച്ച് ഞാൻ പറയും. സിനിമയിൽ നമ്മൾ കാണുന്നത് മാത്രമല്ല അവർ. സിനിമയിലും എക്സലന്റ് ആണ്. ഒരിക്കൽ ഒരിക്കൽ ഒരു ഫെെൻ ആർട്സിൽ കൃഷ്ണയുടെ വർക്ക് അവർ സംഘടിപ്പിച്ചിരുന്നു. അതിന് എന്നെ വിളിച്ചു. വർഷങ്ങൾക്ക് മുമ്പാണ്. അങ്ങനെയാണ് ആദ്യം ഞങ്ങൾ തമ്മിൽ ഇന്റരാക്ട് ചെയ്യുന്നത്. വളരെ ഫ്രൂട്ട് ഫുൾ ആയ വർക്കായിരുന്നു.
ചില സ്ഥലങ്ങളിൽ അവരത് പരാമർശിക്കുകയും ചെയ്തു. ഒരിക്കൽ മിഡ് ഡേ മാഗസിനിൽ എഴുതിയത് കണ്ടിരുന്നു. കുറച്ച് വർഷം മുമ്പ് തമിഴ്നാട്ടിൽ ഏതോയൊരു യൂണിവേഴ്സിറ്റിയിൽ ഞങ്ങൾ സ്പീക്കേർസ് ആയിരുന്നു. ഒരു പേപ്പർ വളരെ അക്കാദമിക്കായി അവർ അവതരിപ്പിക്കുന്നത് ഞാൻ കണ്ടു. ആരാണ് മികച്ചത് എന്ന ചോദ്യമില്ല. തീർച്ചയായും അത് ശോഭനയാണ്. അങ്ങനെ ആരെയും താരതമ്യം ചെയ്യാനും പാടില്ല.

എന്റെ ജൂനിയറായ കുട്ടികളിൽ പോലും എന്നേക്കാൾ മികച്ച എത്രയോ പേരുണ്ടെന്നും മേതിൽ ദേവിക വ്യക്തമാക്കി. സിനിമാ രംഗത്ത് തുടക്കം കുറിക്കാനുള്ള ഒരുക്കത്തിലാണ് മേതിൽ ദേവിക ഇപ്പോൾ. ബിജു മേനോൻ നായകനായി എത്തുന്ന കഥ ഇതുവരെ എന്ന സിനിമയിലൂടെയാണ് നടി പ്രേക്ഷകർക്ക് മുന്നിലെത്താൻ പോകുന്നത്.
മേപ്പടിയാൻ എന്ന സിനിമയുടെ സംവിധായകൻ വിഷ്ണു മോഹനാണ് കഥ ഇതുവരെ സംവിധാനം ചെയ്യുന്നത്. വർഷങ്ങൾക്ക് മുമ്പ് നിരവധി സിനിമകളിലേക്ക് മേതിൽ ദേവികയെ നായികയായി ക്ഷണിച്ചിരുന്നു. കൊച്ചു കൊച്ചു സന്തോഷങ്ങൾ, കാബൂളിവാല തുടങ്ങിയ സിനിമകളിൽ അവസരം വന്നെങ്കിലും നടി നോ പറയുകയാണുണ്ടായത്.
അതേസമയം ഇനി തനിക്ക് ഇഷ്ടപ്പെടുന്ന സിനിമകൾ വന്നാൽ ചെയ്യുമെന്ന് മേതിൽ ദേവിക വ്യക്തമാക്കിയിട്ടുണ്ട്. ഡാൻസിൽ എനിക്കുള്ള പ്രേക്ഷകർ എന്തിനാണ് നിങ്ങളിത് ചെയ്തതെന്ന് ചോദിക്കാൻ പാടില്ല. സിനിമയിൽ തനിക്ക് തന്റെ ആശയങ്ങൾ പ്രകടിപ്പിക്കാൻ താൽപര്യമുണ്ടെന്നും മേതിൽ ദേവിക വ്യക്തമാക്കി. ഒരു ഡാൻസർ സ്ക്രിപ്റ്റ് എഴുതുമ്പോൾ വ്യത്യസ്തമായിരിക്കും. സിനിമകളിൽ കാണുന്ന നൃത്തം പലപ്പോഴും ക്ലീഷേ ആണെന്നും മേതിൽ ദേവിക അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications