ചേച്ചിയുടെ വിവാഹം ഷോക്കായിരുന്നു, അളിയനെ ഇപ്പോൾ കാണുമ്പോൾ; അവരുടെ ജീവിതമിങ്ങനെ; നകുൽ
തെന്നിന്ത്യൻ സിനിമാ രംഗത്ത് വൻ ജനപ്രീതി നേടാൻ കഴിഞ്ഞ നടിയാണ് ദേവയാനി. മുംബൈക്കാരിയായ ദേവയാനിക്ക് തമിഴകത്താണ് ശ്രദ്ധിക്കപ്പെടാനായത്. മലയാളത്തിലുൾപ്പെടെ ദേവയാനി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കരിയറിനൊപ്പം തന്റെ ജീവിതവും ദേവയാനി കെട്ടിപ്പടുത്തത് ചെന്നെെയിലാണ്. സംവിധായകൻ രാജകുമാരനെയാണ് ദേവയാനി വിവാഹം ചെയ്തത്. ദേവയാനിയുടെ വിവാഹം അന്ന് വലിയ തോതിൽ ചർച്ചയായി.
രാജകുമാരനുമായി പ്രണയത്തിലായ ദേവയാനി ഒളിച്ചോടി പോയി വിവാഹം ചെയ്യുകയായിരുന്നു. കുടുംബത്തിന്റെ എതിർപ്പ് മറികടന്നുള്ള വിവാഹം അന്ന് വിവാദമായി. പ്രത്യേകിച്ചും സഹോദരങ്ങളുമായി ദേവയാനി അകന്നു. ദേവയാനിയുടെ അനുജനാണ് നടൻ നകുൽ. നകുലും ദേവയാനിയും തമ്മിലുള്ള അകൽച്ച സിനിമാ ലോകത്ത് ചർച്ചയായി. എന്നാൽ വർഷങ്ങൾക്കിപ്പുറം ഈ പ്രശ്നങ്ങളെല്ലാം അവസാനിച്ചു. ദേവയാനിയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നകുൽ.

എനിക്കും ചേച്ചിക്കും 11 വയസിന്റെ വ്യത്യാസം ഉണ്ട്. ഷൂട്ടിംഗിന് അമ്മയും ചേച്ചിയും അന്ന് ഒരുമിച്ചാണ് യാത്ര ചെയ്യുക. ഞങ്ങൾ ബോംബെയിലാണ്. വല്ലപ്പോഴുമേ കാണൂ. ചേച്ചിയുമായി ബന്ധമുണ്ടെങ്കിലും എന്റെ ചേട്ടനാണ് എനിക്ക് സുഹൃത്തിനെ പോലെ. ചേച്ചിയോട് ബഹുമാനമായിരുന്നു. സഹോദരനും സഹോദരിയും എന്ന സ്നേഹമുണ്ട്. എന്നാൽ ഒരു ബഹുമാനത്തോടെയുള്ള സ്നേഹമാണതെന്നും നകുൽ വ്യക്തമാക്കി.
ദേവയാനി സംവിധായകൻ രാജകുമാരനെ വിവാഹം ചെയ്തതിനെക്കുറിച്ചും നകുൽ സംസാരിച്ചു. തുടക്കത്തിൽ ഞങ്ങൾക്ക് ബുദ്ധിമുട്ടായിരുന്നു. അന്ന് എനിക്കും പക്വതയില്ല. ചെറിയ പയ്യനാണ്. എനിക്ക് ജീവിതാനുഭവങ്ങൾ ഇല്ല. എല്ലാം ഒരു ഷോക്കായിരുന്നു. എങ്ങനെ പ്രതികരിക്കണം, കൈകാര്യം ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷെ ഇപ്പോൾ മനസിലാക്കുന്നു. വ്യക്തി വൈരാഗ്യം മനസിൽ വെച്ച് ഇരിക്കുന്ന ആളല്ല ഞാൻ. സംഭവിക്കാനുള്ളത് സംഭവിച്ചു.

എല്ലാം സംഭവിക്കുന്നതിന് ഒരു കാരണം ഉണ്ടെന്ന് പറയും. അതുകൊണ്ട് കുഴപ്പമില്ല. അവർ സന്തോഷമായിരിക്കുന്നു. അദ്ദേഹം നല്ല വ്യക്തിയാണ്. കാണുമ്പോൾ നന്നായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നു. ഭാര്യാ ഭർത്താക്കൻമാരെന്ന നിലയിൽ അവർ സന്തുഷ്ടരാണ്. തനിക്കത് മതിയെന്നും നകുൽ പറഞ്ഞു.
നകുലും ഇന്ന് വിവാഹ ജീവിതം നയിക്കുകയാണ്. ശ്രുതി ഭാസ്കർ എന്നാണ് ഭാര്യയുടെ പേര്. രണ്ട് മക്കളുമുണ്ട്. സിനിമാ രംഗത്ത് നകുലിപ്പോൾ സജീവമല്ല. ബോയ്സ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന നകുൽ വളരെ പെട്ടെന്ന് ശ്രദ്ധ നേടി. എന്നാൽ തുടക്കകാലത്ത് നല്ല അവസരങ്ങൾ ലഭിച്ചെങ്കിലും പിന്നീട് ഈ ഗ്രാഫ് നിലനിർത്താൻ നകുലിന് സാധിച്ചില്ല.
അടുത്തിടെ നൽകിയ അഭിമുഖത്തിൽ വിവാഹ ജീവിതത്തെക്കുറിച്ച് നകുൽ സംസാരിച്ചു. അറേഞ്ച്ഡ് മാര്യേജ് ആയാലും പ്രണയ വിവാഹമായാലും ഒരുമിച്ച് ജീവിക്കുമ്പോഴാണ് പരസ്പരം അറിയുക. ശീലങ്ങൾ ഇഷ്ടാനിഷ്ടങ്ങൾ എന്നിവയെല്ലാം മനസിലാക്കാനാകും. വിവാഹത്തിന് ശേഷവും തങ്ങൾ രണ്ട് പേരും സൗഹൃദം നിലനിർത്തുന്നുണ്ടെന്നും നകുൽ അന്ന് വ്യക്തമാക്കി. ദേവയാനിയും സിനിമാ രംഗത്ത് ഇന്ന് സജീവമല്ല. കുടുംബ ജീവിതത്തിനാണ് നടി പ്രാധാന്യം നൽകുന്നത്. ഷോകളിലും മറ്റും ദേവയാനി സാന്നിധ്യം അറിയിക്കാറുണ്ട്.


Click it and Unblock the Notifications











