ആശ ശരത്താണ് നായികയെന്ന് കേട്ടപ്പോൾ മമ്മൂട്ടി പറഞ്ഞത്; നയൻതാരയിലേക്ക് സിനിമയെത്തിയതിങ്ങനെ; സംവിധായകൻ
തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ മലയാള സിനിമാ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ എകെ സാജന് കഴിഞ്ഞിട്ടുണ്ട്. ശ്രദ്ധേയമായ ഒരുപിടി സിനിമകൾ പ്രേക്ഷകർക്ക് മുമ്പിലെത്തിക്കാൻ എകെ സാജന് കഴിഞ്ഞു. എകെ സാജൻ സംവിധാനം ചെയ്ത് 2016 ൽ പുറത്തിറങ്ങിയ സിനിമയാണ് പുതിയ നിയമം. മമ്മൂട്ടി, നയൻതാര എന്നിവരാണ് സിനിമയിലെ പ്രധാന വേഷം ചെയ്തത്. മമ്മൂട്ടിയോടൊപ്പം തുല്യ പ്രാധാന്യമുള്ള കഥാപാത്രമാണ് ചിത്രത്തിൽ നയൻതാരയ്ക്ക് ലഭിച്ചത്. മികച്ച രീതിയിൽ നടി ഈ വേഷം അവതരിപ്പിച്ചു.
സിനിമയുടെ കാസ്റ്റിംഗിന് പിന്നിൽ നടന്ന സംഭവ കഥകൾ പങ്കുവെക്കുകയാണ് സംവിധായകൻ എകെ സാജൻ. നയൻതാരയും മമ്മൂട്ടിയും ആയിരുന്നില്ല ചിത്രത്തിൽ ആദ്യം തീരുമാനിച്ച അഭിനേതാക്കളെന്ന് എകെ സാജൻ പറയുന്നു. കാൻ ചാനൽ മീഡിയയോടാണ് പ്രതികരണം. ചെറിയ ബഡ്ജറ്റിൽ സിനിമ ചെയ്യാനാണ് ആദ്യം തീരുമാനിച്ചത്. അന്നെന്റെ മനസിൽ രഞ്ജി പണിക്കറും മുത്തുമണിയുമാണ്. ചെറിയ പടം ചെയ്യാൻ എളുപ്പമാണെന്ന് എല്ലാവരും പറയും. പക്ഷെ ചെറിയ പടം ചെയ്യാൻ പ്രൊഡ്യൂസറെ കിട്ടില്ല.

ജയറാമിനെയും ആശ ശരത്തിനെയും വെച്ച് ചെയ്യാമെന്ന് ആന്റോ ജോസഫ് പറഞ്ഞു. ആന്റോ ഉടനെ ഫോണിൽ ജയറാമിനെ വിളിച്ചു. ജയറാമിനോട് ഞാൻ ഫോണിൽ കഥ പറഞ്ഞു. എന്നാൽ പിന്നീട് ആന്റ ജോസഫ് വിളിച്ചു. ജയറാമിനെയല്ല, മമ്മൂക്കയെ വെച്ച് ചെയ്യാമെന്ന് പറഞ്ഞു. ഞാൻ ഞെട്ടി. ഏതോ ഷൂട്ട് മാറിയത് കാരണം 20 ദിവസത്തെ ഡേറ്റ് മമ്മൂക്കയ്ക്കുണ്ട്. 20 ദിവസം കൊണ്ട് തീർക്കാൻ പറ്റുമോ എന്ന് ആന്റോ ചോദിച്ചു. തീർക്കാമെന്ന് ഞാൻ പറഞ്ഞു. മമ്മൂക്കയോട് കഥ പറഞ്ഞു.
എനിക്ക് റോൾ ഒന്നും ഇല്ല, എന്നാലും ഓക്കെ, പത്തിരുപത് ദിവസത്തെ കാര്യമല്ലേ എന്ന് മമ്മൂക്ക. ആരാണ് നായികയെന്ന് ചോദിച്ചു. ആശാ ശരത്താണെന്ന് പറഞ്ഞപ്പോൾ ഓക്കെയാണ്, പക്ഷെ ഈ കഥയിൽ കുറച്ച് കൂടി താരമൂല്യമുള്ള ആൾ വേണം. നയൻതാരയെ കിട്ടുമോ എന്ന് നോക്കെന്ന് പറഞ്ഞു. സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യമാണത്. അങ്ങനെ നയൻതാരയിലേക്കെത്തി. നയൻതാരയുടെ അടുത്ത് പോകേണ്ടി വന്നില്ല. മമ്മൂക്കയുള്ളത് കൊണ്ടും അവർക്കുള്ള വിശ്വാസം കൊണ്ടും ഫോണിൽ കഥ പറഞ്ഞു. അവർ ഓക്കെയായെന്നും എകെ സാജൻ വ്യക്തമാക്കി.

വലിയ താരനിര അണിനിരന്ന സിനിമയാണെങ്കിലും പുതിയ നിയമം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. മലയാളത്തിൽ മമ്മൂട്ടിയുടെ നായികയായാണ് നയൻതാര കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ളത്. രാപ്പകൽ, തസ്കരവീരൻ, ഭാസ്കർ ദ റാസ്കൽ എന്നീ സിനിമകളിൽ ഇരുവരും നായികാ നായകൻമാരായി എത്തി. ഗോൾഡ് ആണ് നയൻതാര അവസാനമനായി അഭിനയിച്ച മലയാള ചിത്രം. പൃഥിരാജായിരുന്നു ചിത്രത്തിലെ നായകൻ. സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെടുകയാണുണ്ടായത്.
മലയാളത്തിൽ വീണ്ടും നയൻതാരയെ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ജവാൻ, ഇരവൈൻ എന്നിവയാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. നയൻതാരയുടെ ആദ്യ ബോളിവുഡ് സിനിമയാണ് ജവാൻ. ഷാരൂഖ് ഖാൻ നായകനായ ചിത്രം മികച്ച വിജയം നേടി. മറുവശത്ത് ജയം രവി നായകനായ ഇരവൈൻ പ്രേക്ഷക പ്രീതി നേടിയില്ല. നയൻതാരയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications