ഭാര്യയുടെ അവസ്ഥയെ പൂർണമായും അവഗണിക്കുന്നു, മാറിയതെല്ലാം സുപ്രിയ; പൃഥിരാജിന് നേരെ വിമർശനം
പൃഥിരാജിന്റെ അഭിമുഖങ്ങൾ എപ്പോഴും ശ്രദ്ധ നേടുന്നതിന് കാരണം നടന്റെ കൃത്യതയുള്ള വാക്കുകളാണ്. ഒരു വിഷയത്തെക്കുറിച്ച് കാര്യ കാരണങ്ങൾ സഹിതം സംസാരിക്കാനും വിശദീകരണം നൽകാനും പൃഥിക്ക് പ്രത്യേക മിടുക്കുണ്ട്. പൃഥിയുടെ അന്നും ഇന്നുമുള്ള അഭിമുഖങ്ങളിൽ ഏവരും ശ്രദ്ധിക്കുന്നതും ഇത് തന്നെയാണ്. പണ്ട് അഹങ്കാരിയെന്ന് വിളിച്ച് കുറ്റപ്പെടുത്തിയവരും ഇന്ന് പൃഥിരാജിനെ പ്രശംസിക്കുന്നു. അതേസമയം വിമർശനങ്ങൾ ഇന്നും താരത്തിന് നേരെ വരാറുണ്ട്.
ഇപ്പോഴിതാ പൃഥിരാജിന്റെ പരാമർശത്തിന് നേരെ വരുന്ന വിമർശനങ്ങളാണ് ചർച്ചയാകുന്നത്. ഒരു അഭിമുഖത്തിൽ തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിച്ചതായിരുന്നു നടൻ. 'എന്റെ മാര്യീഡ് ലൈഫിൽ ഞാൻ ബാച്ചിലർ ലൈഫിൽ ചെയ്തതൊന്നും ചെയ്യാൻ പറ്റുന്നില്ല എന്ന വിഷമം ഇല്ലാത്തതാണ് എന്റെ വിവാഹ ജീവിതത്തിന്റെ ക്വാളിറ്റി. അത് നിങ്ങൾക്കും ഉണ്ടാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. വിവാഹം നിങ്ങളെ മാറ്റില്ല'

'മാറ്റം സംഭവിക്കരുത് എന്നതാണ് എന്റെയൊക്കെ ആഗ്രഹം. നിങ്ങൾ അപ്പോഴും നിങ്ങൾ പഴയ രണ്ട് വ്യക്തികൾ തന്നെയായിരിക്കണം. തന്റേതായ താൽപര്യങ്ങൾ ഉണ്ടാവണം. സുഹൃത്തുക്കളായി കറങ്ങാൻ പറ്റണം. എനിക്ക് ഒരു ട്രിപ്പ് പോകണമെങ്കിൽ എന്റെ ഏറ്റവും നല്ല ട്രാവൽ പാർട്ണർ എന്റെ ഭാര്യയാണ്. എനിക്ക് ഡിന്നറിന് പോകണമെങ്കിൽ എന്റെ ഏറ്റവും എക്സൈറ്റിംഗ് ഡേറ്റ് എന്റെ ഭാര്യയാണ്.അത് നിങ്ങൾക്കും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു,' പൃഥിരാജ് പറഞ്ഞതിങ്ങനെ.
ഈ പരാമർശം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കെ പല തരത്തിലുള്ള കമന്റുകളാണ് വരുന്നത്. പൃഥിരാജിന് മാറ്റം സംഭവിച്ചില്ലെങ്കിലും സുപ്രിയയുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് കമന്റുകളിൽ പറയുന്നു. പുരുഷനെന്ന നിലയിലുള്ള പ്രിവിലേജുകളിലാണ് പൃഥിരാജുള്ളത്. അതുകൊണ്ടുള്ള അറിവ് കേടാണിതെന്നും അഭിപ്രായം വന്നു.

'ഇത് ഇദ്ദേഹത്തിന്റെ കാര്യമാണ്. ഭാര്യ സുപ്രിയയുടെ കാര്യമോ? അവർ ഒരുപാട് ഘട്ടങ്ങളിലൂടെ കടന്ന് പോയി. ജനിച്ച് വളർന്ന നഗരത്തിൽ നിന്നും കേരളത്തിലേക്ക് മാറി. വിജയകരമായ കരിയര് വിട്ടു. കുഞ്ഞിന് ജന്മം നൽകി. പോസ്റ്റ് പാർട്ടം ഡിപ്രഷൻ നേരിട്ടു. അഭിമുഖങ്ങളിലും സോഷ്യൽ മീഡിയ പോസ്റ്റുകളിലും താൻ ഡിപ്രഷനെ നേരിട്ടതിനെക്കുറിച്ച് സുപ്രിയ സംസാരിച്ചു. ജീവിതത്തിലുണ്ടായ ഈ മാറ്റങ്ങൾ കാരണമാണ് അവർക്ക് ഡിപ്രഷൻ വന്നത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ പ്രൊഡക്ഷൻ കമ്പനിയുടെ ഉത്തരവാദിത്വങ്ങൾ ചെയ്യുന്നു'
'എന്നിട്ട് ഇദ്ദേഹം പറയുന്നു, വിവാഹത്തിന് ശേഷം തനിക്ക് ഒരു പ്രശ്നമോ മാറ്റമോ വന്നിട്ടില്ലെന്ന്. ഭാര്യയുടെ മാനസികാരോഗ്യത്തെ പൂർണമായും അവഗണിക്കുന്നതാണ് ഇവിടെ കാണാനാകുന്നത്. ഒന്നും തന്നെ ബാധിച്ചില്ലെന്ന് ഇദ്ദേഹം പറയുന്നതിന് കാരണം ഭാര്യയാണ് ഈ വിവാഹത്തിൽ എല്ലാം സഹിച്ചതെന്നാണ്. സുപ്രിയക്ക് ഇപ്പോഴും തന്റെ അച്ഛന്റെ വിയോഗത്തിൽ നിന്നും പുറത്ത് കടക്കാനായിട്ടില്ല'
'കാരണം സമ്മർദ്ദങ്ങൾക്ക് മേൽ വരുന്ന സമ്മർദ്ദം ഭർത്താവിന്റെ പൂർണ പിന്തുണയില്ലാതെ കൈകാര്യം ചെയ്യാൻ പറ്റില്ല,' സോഷ്യൽ മീഡിയയിൽ വന്ന ദീർഘമായ കമന്റിങ്ങനെ. നേരത്തെ ധന്യ വർമയുമായുള്ള അഭിമുഖത്തിൽ വിവാഹത്തിന് ശേഷം തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചും പോസ്റ്റ്പാർട്ടം ഡിപ്രഷനെക്കുറിച്ചും അച്ഛന്റെ മരണമുണ്ടാക്കിയ ആഘാതത്തെക്കുറിച്ചും സുപ്രിയ തുറന്ന് സംസാരിച്ചിട്ടുണ്ട്. അഭിമുഖം വലിയ തോതിൽ ചർച്ചയായി. സുപ്രിയയെ ആദ്യമായി നിറകണ്ണുകളോടെ ക്യാമറയ്ക്ക് മുമ്പിൽ കണ്ടത് ഈ അഭിമുഖത്തിലാണ്.


Click it and Unblock the Notifications