'നാഗവല്ലി ഇതിന് മാത്രം എന്ത് പാപമാണ് ചെയ്തത്'; ജ്യോതികയുടെ അതേ സാഹചര്യത്തിൽ കങ്കണയും
വിവാദങ്ങളുടെ തോഴിയാണെങ്കിലും അഭിനയത്തിന്റെ കാര്യത്തിൽ കങ്കണ റണൗത്ത് ബോളിവുഡിലെ രാഞ്ജിയാണ്. പകരം വെക്കാനില്ലാത്ത ഒട്ടനവധി പെർഫോമൻസുകൾ നടി കാഴ്ചവെച്ചു. ക്യൂൻ എന്ന സിനിമയിലൂടെയാണ് കരിയർ ഗ്രാഫ് മാറി മറിയുന്നതെങ്കിലും അതിന് മുമ്പേ കങ്കണയുടെ അഭിനയ മികവ് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ആദ്യ ചിത്രം ഗ്യാങ്സ്റ്ററിൽ തന്നെ അവിസ്മരണീയമായ പ്രകടനം നടി കാഴ്ച വെച്ചു. ഫാഷൻ, തനു വെഡ്സ് മനു തുടങ്ങിയ സിനിമകളിലും കങ്കണ തിളങ്ങി. ക്യൂനിന് ശേഷം കങ്കണയുടെ താരമൂല്യം കുത്തനെ വർധിച്ചു.
തനു വെഡ്സ് മനു റിട്ടേൺസ് ഉൾപ്പെടെയുള്ള സിനിമകളുടെ വിജയം ബോളിവുഡ് ക്യൂൻ ആയി കങ്കണയെ മാറ്റി. എന്നാൽ നേടിയെടുത്ത ഖ്യാതികളെല്ലാം കങ്കണ തന്നെ ഇല്ലാതാക്കി എന്നാണ് സിനിമാ ലോകത്തെ സംസാരം. വിവാദങ്ങളുടെ പിറകെ പോയ നടിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടു. താരമൂല്യം കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് കങ്കണയുടെ കരിയർ ഗ്രാഫ് ഇപ്പോൾ.

ഒടുവിൽ പുറത്തിറങ്ങിയ ധക്കഡ് എന്ന ചിത്രം കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ കങ്കണയുടെ ഏറ്റവും പുതിയ സിനിമയാണ് സോഷ്യൽ മീഡിയയിലെ സംസാര വിഷയം. റിലീസിനൊരുങ്ങുന്ന ചന്ദ്രമുഖി 2 എന്ന ചിത്രത്തിലെ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. തമിഴിൽ വൻ ഹിറ്റായ രജിനികാന്ത്-ജ്യോതിക ചിത്രം ചന്ദ്രമുഖിയുടെ രണ്ടാം ഭാഗമാണിത്. രാഘവ ലോറൻസ്, കങ്കണ റണൗത്ത് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ.
പുറത്ത് വന്ന ഗാനരംഗത്തിലെ കങ്കണയുടെ നൃത്തച്ചുവടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ക്ലാസിക്കൽ ഡാൻസ് വശമില്ലാത്ത കങ്കണയെ നിരവധി പേർ പരിഹസിച്ചു. നടിയുടെ നൃത്തം കോമഡി ആയി തോന്നുന്നെന്നാണ് പലരുടെയും കമന്റ്. വർഷങ്ങൾക്ക് മുമ്പ് ചന്ദ്രമുഖിയുടെ ആദ്യ ഭാഗത്തിൽ ജ്യോതികയുടെ പെർഫോമൻസിനും സമാന വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

ഒറിജിനൽ പതിപ്പായ മണിച്ചിത്രത്താഴുമായി താരതമ്യം ചെയ്തായിരുന്നു പരിഹാസങ്ങൾ. നാഗവല്ലി ഇതിന് മാത്രം എന്ത് പാപമാണ് ചെയ്തത്, മണിച്ചിത്രത്താഴ്
റീമേക്ക് ചെയ്ത് നശിപ്പിക്കുന്നു എന്നിങ്ങനെയുള്ള വിമർശനങ്ങൾ അന്നും വന്നിട്ടുണ്ട്.
ഇതേ വിമർശനമാണ് ഇന്ന് കങ്കണയ്ക്കും നേരിടേണ്ടി വരുന്നത്. അതേസമയം ജ്യോതിക ക്ലാസിക്കൽ ഡാൻസ് രംഗങ്ങളിൽ നല്ല പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. എന്നാൽ കങ്കണയുടെ ഡാൻസ് തീർത്തും പരിഹാസ്യമാണെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു. നടിയുടെ മുഖഭാവങ്ങളും അനുയോജ്യമല്ലെന്ന് അഭിപ്രായമുണ്ട്.
നാഗവല്ലിയുടെയും ചന്ദ്രമുഖിയുടെയും ചിത്രങ്ങൾ ചേർത്തുള്ള മീമുകളും വരുന്നുണ്ട്. ഡാൻസിന് പ്രാധാന്യമുള്ള ചിത്രത്തിൽ എന്തുകൊണ്ടാണ് കങ്കണയെ കാസ്റ്റ് ചെയ്തതെന്ന ചോദ്യവും പ്രേക്ഷകർക്കുണ്ട്. ഒരുപക്ഷെ സിനിമയിലെ ഹൊറർ രംഗങ്ങളിൽ നടി മികച്ച പ്രകടനം കാഴ്ച വെച്ചേക്കാം. ഒന്നും കാണാതെ ഉത്തരേന്ത്യക്കാരിയായ കങ്കണയെ ഇത്രയും വലിയ പ്രൊജക്ടിൽ നായികയാക്കില്ലെന്ന് സിനിമാ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
ചന്ദ്രമുഖിയുടെ ആദ്യ ഭാഗം സംവിധാനം ചെയ്ത പി വാസു തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. ചിത്രം സെപ്റ്റംബറിൽ റിലീസ് ചെയ്യും. ഇതിന് മുമ്പ് തലൈവി എന്ന തമിഴ് ചിത്രത്തിൽ കങ്കണ അഭിനയിച്ചിട്ടുണ്ട്. ജയലളിതയുടെ ബയോപിക്കായ ചിത്രത്തിൽ മികച്ച പ്രകടനമാണ് കങ്കണ കാഴ്ച വെച്ചത്. പക്ഷെ സിനിമ തിയറ്ററിൽ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ഹിന്ദിയിൽ തേജസ്, എമർജൻസി എന്നിവയാണ് കങ്കണയുടേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ. എമർജൻസിയുടെ സംവിധാനവും നിർമാണവും കങ്കണ തന്നെയാണ്.


Click it and Unblock the Notifications