മോഡേൺ ഡ്രസ് ധരിക്കേണ്ടത് എങ്ങനെയെന്ന് ജ്യോതികയെ കണ്ട് പഠിക്കൂ; ചേരുന്നില്ല; നയൻതാരയ്ക്ക് വിമർശനം
തെന്നിന്ത്യൻ സിനിമാ രംഗത്തെ താര റാണിയായ നയൻതാരയ്ക്ക് ഇന്ന് കൈനിറയെ അവസരങ്ങളാണ്. മുപ്പത്തിയെട്ടാം വയസിലും മുൻനിര നായിക നടിയായി തുടരുന്ന നയൻതാരയ്ക്ക് തമിഴകത്തെ മറ്റൊരു നടിക്കും അവകാശപ്പെടാനില്ലാത്ത ഖ്യാതികളുമുണ്ട്. ലേഡി സൂപ്പർസ്റ്റാർ എന്ന് ആരാധകർ വാഴ്ത്തുന്ന താരം തന്റെ ഫാഷൻ ചോയ്സുകളിലും എപ്പോഴും ശ്രദ്ധ പുലർത്താറുണ്ട്. തന്റെ സിനിമകളിലെ കോസ്റ്റ്യൂമുകളിൽ നടി തന്നെയാണ് തീരുമാനം എടുക്കാറ്. ഒരു അഭിമുഖത്തിൽ ഭർത്താവ് വിഘ്നേശ് ശിവൻ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുമുണ്ട്.
കോസ്റ്റ്യൂമുകളും ലുക്കും നിശ്ചയിക്കുന്നതിൽ കാണിക്കുന്ന ശ്രദ്ധയെക്കുറിച്ച് നയൻതാരയും ഒരിക്കൽ സംസാരിച്ചു. ഓരോ കഥാപാത്രവും ഏത് സിനിമയിലേതാണെന്ന് പ്രേക്ഷകർക്ക് മനസിലാകാൻ സാധിക്കുമെന്ന് നടി അന്ന് ചൂണ്ടിക്കാട്ടി. സിനിമയ്ക്ക് പുറമെ പൊതുവേദികളിൽ ധരിക്കുന്ന വസ്ത്രത്തിലും നയൻതാരയ്ക്ക് ശ്രദ്ധയുണ്ട്. പൊതുവെ ഇവന്റുകളിൽ നിന്നെല്ലാം മാറി നിൽക്കുന്ന ആളാണെങ്കിലും അടുത്ത കാലത്തായി പൊതുവേദികളിൽ നയൻതാര മുഖം കാണിക്കാറുണ്ട്.

അടുത്തിടെ നടന്ന ഒന്നിലേറെ ഇവന്റുകൾക്ക് താരം എത്തി. അപ്പോഴെല്ലാം നയൻതാര ധരിച്ച വസ്ത്രം ഫാഷൻ ലോകത്ത് ചർച്ചയായി. ഇപ്പോഴിതാ 'ജിക്യു മോസ്റ്റ് ഇൻഫ്ലുവൻഷ്യൽ യങ് ഇന്ത്യൻസ് 2024' ന് എത്തിയ നയൻതാരയാണ് വാർത്താ പ്രാധാന്യം നേടുന്നത്. പതിവിൽ നിന്ന് വ്യത്യസ്തമായി കറുത്ത ഗൗണാണ് നയൻതാര ധരിച്ചിരിക്കുന്നത്. പൊതുവെ സാരിയോ അല്ലെങ്കിൽ ഓവർ എക്സ്പോസിങ് അല്ലാത്ത വസ്ത്രങ്ങളോ ആണ് നയൻതാര പൊതുവേദികളിൽ ധരിക്കാറുള്ളത്.
എന്നാൽ ഇത്തവണ ഇതിന് മാറ്റം വന്നു. ഇത് പലർക്കും ഇഷ്ടപ്പെട്ടിട്ടുമില്ല. ഈ കോസ്റ്റ്യൂം നയൻതാരയ്ക്ക് ചേരുന്നില്ലെന്നാണ് ഭൂരിഭാഗം കമന്റുകളും. മോഡേൺ ഡ്രസുകളേക്കാൾ സാരിയാണ് നയൻതാരയ്ക്ക് ചേരുന്നത്, ഈ വസ്ത്രം ഉയരമുള്ളവർ ധരിച്ചാലേ ചേരൂ എന്നിങ്ങനെ കമന്റുകൾ വന്നു. മോഡേൺ വസ്ത്രങ്ങൾ എങ്ങനെ ധരിക്കണമെന്ന് ജ്യോതികയെ കണ്ട് പഠിക്കൂ എന്നും കമന്റ് വന്നു. ഒരു ഇവന്റിൽ പോലും നയൻതാരയെ ഇത്രയും ഗ്ലാമറസായി കണ്ടിട്ടില്ലെന്നും അഭിപ്രായം വന്നു.

അടുത്ത കാലത്തായി നയൻതാരയുടെ ഹേറ്റേഴ്സിന്റെ എണ്ണം കൂടിയിട്ടുണ്ട്. തുടരെ വരുന്ന പരാജയ സിനിമകൾ, മുൻകോപക്കാരിയെന്ന ഇമേജ്, സിനിമകളുടെ പ്രൊമോഷന് വരാൻ തയ്യാറാകാത്തത് തുടങ്ങി പല കാരണങ്ങൾ ഇതിനുണ്ട്. തന്നെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കരുതെന്നും ആളുകൾ ഇത് കേൾക്കുമ്പോൾ തന്നെ അധിക്ഷേപിക്കുന്നെന്നും ഒരു അഭിമുഖത്തിൽ നയൻതാര പറയുകയുണ്ടായി.
കരിയറിൽ ശക്തമായ തിരിച്ച് വരവ് നയൻതാരയ്ക്ക് ഇന്ന് അനിവാര്യമാണ്. അടുത്തിടെ ഇറങ്ങിയ സിനിമൾ പരാജയപ്പെട്ടു. ജവാൻ വിജയിച്ചെങ്കിലും ഇതിലെ റോൾ ചെറുതായിരുന്നു. അന്നപൂരണിയാണ് ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. നയൻതാരയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. മലയാളത്തിൽ നിവിൻ പോളിയുടെ പുതിയ സിനിമയിൽ നയൻതാര നായികയായെത്തും. ഡിയർ സ്റ്റുഡന്റ്സ് എന്നാണ് ചിത്രത്തിന്റെ പേര്. ഗോൾഡ് ആണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ.


Click it and Unblock the Notifications