'ഒന്ന് വരാമോ; ഒരുപാട് പേരെ വിളിച്ചെങ്കിലും ആരും വന്നില്ല; അച്ഛന്റെ മൃതദേഹം കത്തിച്ചത് പോലും ഞാൻ'
മലയാളത്തിൽ ഇന്ന് മുൻനിര നായിക നടിയായി വളരുകയാണ് നിഖില വിമൽ. അഭിമുഖങ്ങളിലെല്ലാം ബോൾഡായി സംസാരിക്കുന്ന നിഖില പലപ്പോഴും വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. അടുത്തിടെ നടി നടത്തിയ ചില പരാമർശങ്ങൾ ചർച്ചയായിരുന്നു. എന്നാൽ ഇതൊന്നും ഗൗനിക്കാതെ നിഖില മുന്നോട്ട് നീങ്ങി. തന്റെ പിതാവിന്റെ വിയോഗത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് നിഖിലയിപ്പോൾ.
2020 ലാണ് നിഖിലയുടെ പിതാവ് എംആർ പവിത്രൻ മരിക്കുന്നത്. കൊവിഡ് ബാധിച്ച് ചികിത്സയിലെക്കെയായിരുന്നു മരണം. ഒരു അപകടത്തിൽ പരിക്ക് പറ്റി വർഷങ്ങളോളം ശാരീരിക ബുദ്ധിമുട്ടുകൾ ഇദ്ദേഹം നേരിട്ടിരുന്നു. തന്റെ ചെറുപ്പകാലത്താണ് അച്ഛനിങ്ങനെയൊരു അപകടം പറ്റിയതെന്ന് നടി മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഐ ആം വിത്ത് ധന്യ വർമ ചാനലിന് നൽകിയ അഭിമുഖത്തിൽ അച്ഛന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് നിഖില.

അപകടത്തിന് ശേഷം അച്ഛൻ കുട്ടികളെ പോലെയായിരുന്നെന്ന് നിഖില ഓർത്തു. മധുരം വളരെ ഇഷ്ടമാണ്. എപ്പോഴും പഴം കഴിക്കണമായിരുന്നു. പഴത്തിനായി കുട്ടികളെ പോലെ വാശി പിടിക്കുമായിരുന്നെന്നും നടി നിറകണ്ണുകളോടെ പറഞ്ഞു. മധുരം കിട്ടാൻ എന്തും പറഞ്ഞ് കളയും. ഇന്നെനിക്ക് വളരെ ദുഖമാണെന്നൊക്കെ. അച്ഛൻ പറയുന്നതൊക്കെ പഴവും മധുരവും ലഭിക്കാൻ വേണ്ടിയാണെന്ന് ഞങ്ങൾ കരുതി. മരിച്ച് കഴിഞ്ഞ് കർമം ചെയ്യുമ്പോൾ അച്ഛന് വേണ്ടി പഴം, പായസം, ഉണ്ടക്കായ് തുടങ്ങിയ സാധനങ്ങളാണ് വെച്ചത്.
അച്ഛനെ നോക്കുന്നത് എളുപ്പം അല്ലായിരുന്നെങ്കിലും രസകരമായാണ് അച്ഛനൊപ്പമുള്ള സമയം ഓർക്കുന്നത്. പുറത്ത് നിന്ന് നോക്കുമ്പോൾ പലർക്കും ബുദ്ധിമുട്ടാണല്ലോ എന്ന് തോന്നാം. ഒരു പരിധി വരെ അച്ഛനെ നോക്കുന്നത് ബുദ്ധിമുട്ടാണ്. കാരണം എന്ത് പറഞ്ഞാലും അച്ഛൻ അനുസരിക്കില്ല. എന്ത് ചെയ്യരുതെന്ന് പറയുന്നോ അതേ അച്ഛൻ ചെയ്യൂ. പക്ഷെ ഞങ്ങൾ തമാശയായി എടുത്തു. ഇന്ന് അമ്മ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് അച്ഛനെയാണെന്നും നിഖില വിമൽ വ്യക്തമാക്കി.

അച്ഛന്റെ വീഴ്ചയും വിയോഗവും ഏറ്റവും കൂടുതൽ ബാധിച്ചത് ചേച്ചിയെയാണ്. അച്ഛന്റെ മരണം ഉൾക്കൊള്ളാൻ അവൾ സമയം എടുത്തു. അടുത്തിടെയാണ് അച്ഛനെക്കുറിച്ചുള്ള എഴുത്തുകൾ അവൾ പോസ്റ്റ് ചെയ്യുന്നത്. അന്നവൾ എന്നെ വിളിച്ച് ഒരുപാട് കരഞ്ഞു. എന്റെ വീട്ടിൽ ആർക്കെങ്കിലും അസുഖം വന്നാൽ അവളാണ് ഹോസ്പിറ്റലിൽ പോയി നിൽക്കുന്നതൊക്കെ. അച്ഛൻ മരിച്ച സമയത്ത് ചേച്ചിക്കും അമ്മയ്ക്കും കൊവിഡ് ആയിരുന്നെന്നും നിഖില തുറന്ന് പറഞ്ഞു.
അച്ഛനെ കൊവിഡ് ബാധിച്ചപ്പോൾ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് ന്യൂമോണിയ ഉണ്ടായിരുന്നു. ഇൻഫെക്ഷൻ വന്നാണ് അച്ഛൻ മരിച്ചത്. ഞാനേ ഉള്ളൂ. അമ്മയ്ക്കും ചേച്ചിക്കും വയ്യ. അത് ഭയങ്കര അവസ്ഥയായിരുന്നു. അച്ഛന്റെ ബോഡി കൊണ്ടു വന്ന ആംബുലൻസിലാണ് ചേച്ചിയെ ആശുപത്രിയിലാക്കുന്നത്.
കൊവിഡായതിനാൽ ആർക്കും വരാനോ സഹായിക്കാനോ പറ്റില്ല. അവിടത്തെ പാർട്ടിയിലെ ചില ചേട്ടൻമാരും ഞാനും കൂടിയാണ് അച്ഛന്റെ ബോഡി എടുത്തത്. ഞാനാണ് മൃതദേഹം കത്തിക്കുന്നത്. എനിക്കിതൊന്നും അറിയില്ല. ഞാൻ എല്ലാവരെയും വിളിച്ച് ചോദിക്കുന്നുണ്ട്, ആരെങ്കിലും വരുമോ ഇതൊന്ന് ചെയ്യാനെന്ന്.
അച്ഛൻ മരിച്ച ശേഷം കുറേക്കാര്യങ്ങൾ ഞാൻ തിരിച്ചറിഞ്ഞു. ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ആവശ്യമുള്ള സമയത്ത് ഇവരൊന്നും കൂടെ ഉണ്ടാവില്ലെന്ന് മനസ്സിലാക്കി. ഏഴെട്ട് ദിവസം കരയാൻ പോലും പറ്റിയില്ല. ഞാൻ കരഞ്ഞാൽ അമ്മ കരയും. കുടുംബം ഒപ്പം ഉണ്ടാകുമെന്ന് അമ്മ എപ്പോഴും പറയും. പക്ഷെ ആ സമയത്ത് കുടുംബവും ഉണ്ടായില്ല, അതിനാൽ തന്നെ പിന്നീടൊരിക്കലും ആരുടെ അപ്രൂവലിനും ഞാൻ നിന്നിട്ടില്ല. സ്വന്തമായി തീരുമാനങ്ങളെത്തുന്നെന്നും നിഖില വ്യക്തമാക്കി.


Click it and Unblock the Notifications