ഇവരുടേതായിരുന്നു കെമിസ്ട്രി, ഹിറ്റ് ജോഡിക്കെന്ത് പറ്റി, നിത്യയുടെ വാക്കുകൾ ചർച്ചയിൽ; ആ മാജിക് ഇനി കാണാനാകുമോ
തെന്നിന്ത്യൻ സിനിമാ രംഗത്ത് എന്നും നിത്യ മേനോന് തന്റേതായ സ്ഥാനമുണ്ട്. ഒരുപാട് സിനിമകൾ ചെയ്യാറില്ലെങ്കിലും നിത്യ ചെയ്യുന്ന മിക്ക സിനിമകളും ശ്രദ്ധിക്കപ്പെടുന്നു. തമിഴിലും തെലുങ്കിലും തന്റേതായ തീരുമാനങ്ങളുമായി കരിയറിൽ മുന്നോട്ട് പോകാനും മുൻനിര നായിക നടിയായി തുടരാനും നിത്യക്ക് കഴിഞ്ഞു. മലയാള സിനിമാ രംഗത്ത് നിത്യ സജീവമല്ല. തുടക്ക കാലത്ത് തുടരെ മലയാള സിനിമകൾ ചെയ്തെങ്കിലും പിന്നീട് നിത്യ മലയാളത്തിൽ നിന്നും അകന്നു. നിർമാതാക്കളുടെ സംഘടന വിലക്ക് പ്രഖ്യാപിച്ചതും പിന്നീടുണ്ടായ വിവാദങ്ങളുമെല്ലാം ഇതിന് കാരണമാണ്.
ഏത് നായകനൊപ്പം അഭിനയിച്ചാലും മികച്ച ഓൺസ്ക്രീൻ കെമിസ്ട്രി നിത്യക്കുണ്ടാകാറുണ്ട്. അനായാസം നിത്യക്ക് ഇതിന് സാധിക്കാറുണ്ടെന്ന് ആരാധകർ ചൂണ്ടിക്കാട്ടാറുണ്ട്. നിത്യയുടെ ഏറ്റവും മികച്ച ഓൺസ്ക്രീൻ നായകൻ ദുൽഖർ സൽമാനാണ്. ഓകെ കൺമണി, 100 ഡെയ്സ് ഓഫ് ലൗ എന്നീ സിനിമകളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ബാംഗ്ലൂർ ഡെയിസിലും ഒരുമിച്ചുണ്ടായിരുന്നെങ്കിലും നായകനും നായികയുമായിരുന്നില്ല. നിത്യ-ദുൽഖർ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഏറ്റവും വലിയ ഹിറ്റ് സിനിമ തമിഴ് ചിത്രം ഓക്കെ കൺമണിയാണ്.

നിത്യയുടെ കരിയറിൽ ഇന്നും ഏവരും എടുത്ത് പറയുന്ന സിനിമ. ദുൽഖറിന് തമിഴകത്ത് വലിയ ആരാധക വൃന്ദം നേടിക്കൊടുത്ത മണിരത്നം ചിത്രം. ഒരുമിച്ച് സ്ക്രീനിലെത്തുമ്പോൾ വല്ലാത്തൊരു മാജിക് ഇവരുടെ കെമിസ്ട്രിയിലുണ്ടെന്ന് ആരാധകർ പറയുന്നു. ഏറെക്കാലമായി ദുൽഖറിനെയും നിത്യയെയും ഒരുമിച്ച് കണ്ടിട്ട്. ദുൽഖർ മലയാളത്തിനേക്കാളും തെലുങ്കിലാണ് സജീവം. നിത്യക്കും ഏറെ ജനപ്രീതിയുള്ള ഇൻഡസ്ട്രിയാണ് ടോളിവുഡ്. എന്തുകൊണ്ട് നിത്യയും ദുൽഖറും ഒരുമിച്ചെത്തുന്നില്ലെന്ന ചോദ്യം ആരാധകർക്കുണ്ട്.
ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഒരു തമിഴ് മീഡിയക്ക് നിത്യ നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. റാപിഡ് ഫയറിൽ പ്രിയപ്പെട്ട നടനാരെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നിത്യ. പൃഥ്വിരാജ്, ദുൽഖർ സൽമാൻ എന്നിവരിൽ ഒരാളെ തെരഞ്ഞെടുക്കാൻ പറഞ്ഞപ്പോൾ പൃഥ്വിരാജിനെയാണ് നിത്യ തെരഞ്ഞെടുത്തത്. ഫഹദ് ഫാസിൽ, നിവിൻ പോളി എന്നിവരുടെ പേര് വന്നപ്പോഴും നിത്യ തെരഞ്ഞെടുത്ത് പൃഥ്വിയെ തന്നെ. അതേസമയം ഈ റാപിഡ് ഫയർ ഒരു തമാശയായാണെന്നും അഭിമുഖത്തിൽ പറയുന്നുണ്ട്.

പൃഥ്വിക്കൊപ്പം അൻവർ, ഉറുമി എന്നീ സിനിമകളിൽ നിത്യ അഭിനയിച്ചിട്ടുണ്ട്. അതേസമയം നായകനും നായികയുമായിരുന്നില്ല. അൻവറിൽ പൃഥ്വിയുടെ സഹോദരിയായിരുന്നു നിത്യ. ഉറുമിയിൽ കോംബിനേഷൻ സീനുകളെ വളരെ കുറവ്. നേരത്തെ ദുൽഖർ സൽമാനും റാപിഡ് ഫയർ റൗണ്ടിൽ നിത്യക്ക് പകരം തന്റെ മികച്ച കോ സ്റ്റാറായി തെരഞ്ഞെടുത്തത് മൃണാൽ താക്കൂറിനെയാണ്. സീതാരാമം എന്ന സിനിമ തനിക്ക് സ്പെഷ്യലായത് കൊണ്ടാണിതെന്നും അന്ന് ദുൽഖർ പറഞ്ഞു.
അതേസമയം ദുൽഖറിനൊപ്പം വീണ്ടും സിനിമ ചെയ്യണമെന്നുണ്ടെന്ന് നിത്യ വ്യക്തമാക്കിയിട്ടുണ്ട്. ഇരുവരെയും വീണ്ടും ഒരുമിച്ച് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ലക്കി ഭാസ്കർ ആണ് ദുൽഖറിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രം മികച്ച വിജയം നേടി. കാതലക്കി നേരമില്ലെയിലാണ് നിത്യയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.


Click it and Unblock the Notifications