കുടുംബം പിരിയുമോ എന്ന് ഞാൻ ഭയന്നു; വിവാഹ ശേഷം അവളുടെ ആഗ്രഹം; ഇന്നാണെങ്കിൽ അങ്ങനെ ചെയ്യില്ല; പാർത്ഥിപൻ
സംവിധായകനായും നടനായും പേരെടുക്കാൻ കഴിഞ്ഞ ആർ പാർത്ഥിപൻ ഇന്നും കരിയറിൽ സജീവമാണ്. നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാൻ പാർത്ഥിപന് സാധിച്ചു. പാർത്ഥിപന്റെ വ്യക്തി ജീവിതവും ഒരു കാലത്ത് ചർച്ചയായിട്ടുണ്ട്. നടി സീതയെയാണ് പാർത്ഥിപൻ വിവാഹം ചെയ്തത്. കടുത്ത പ്രണയത്തിലായ ഇരുവരും 1990 ലാണ് വിവാഹിതരായത്. മക്കൾക്കൊപ്പം കുടുംബ ജീവിതം നയിക്കവെ ഇവർക്കിടയിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു. 2001 ൽ സീതയും പാർത്ഥിപനും വേർപിരിഞ്ഞു.
ഇപ്പോഴിതാ സീതയുമായുള്ള വേർപിരിയലിനെക്കുറിച്ച് സംസാരിക്കുകയാണ് പാർത്ഥിപൻ. വേർപിരിയൽ ശരിയായ തീരുമാനമായിരുന്നെന്ന് പാർത്ഥിപൻ പറയുന്നു. വിവാഹ മോചനം വേണ്ട, എങ്ങനെയെങ്കിലും പൊരുത്തപ്പെട്ട് മുന്നോട്ട് പോകാമെന്ന് കരുതി. ഭാര്യയോടും അത് പറഞ്ഞു. അങ്ങനെ ചെയ്യരുതായിരുന്നെന്നാണ് ഇപ്പോൾ തോന്നുന്നത്. അവളെ വിവാഹം ചെയ്യേണ്ട, അവൾ വലിയ താരമാകണം എന്നാണ് ഞാൻ കരുതിയത്. എന്നാൽ അവൾക്ക് അഭിനയിക്കാൻ ഇഷ്ടമല്ല. അതിനാൽ ഞങ്ങൾ വിവാഹം ചെയ്തു.

വിവാഹം ചെയ്ത് പിന്നീട് അഭിനയിക്കണമെന്ന് പറഞ്ഞപ്പോൾ എനിക്കതിൽ താൽപര്യമില്ലായിരുന്നു. കുടുംബം പിരിയുമോ എന്ന് ഭയം. അന്ന് ഞാനൊരു മുട്ടാളനായിരുന്നു. ഇന്നാണെങ്കിൽ നീ സന്തോഷമായി പോയിട്ട് വാ എന്ന് പറഞ്ഞേനെയെന്നും പാർത്ഥിപൻ വ്യക്തമാക്കി. വിവാഹ മോചനത്തിന് ശേഷമാണ് സീത അഭിനയ രംഗത്തേക്ക് തിരിച്ച് വന്നത്. വിവാഹ മോചനത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായവും പാർത്ഥിപൻ പങ്കുവെച്ചു. ഒരുമിച്ച് പോകാൻ പറ്റുന്നില്ലെങ്കിൽ ഉടനെ പിരിയുന്നതാണ് നല്ലത്.
പിരിയാൻ തീരുമാനിക്കുമ്പോൾ എല്ലാവരും തടുക്കും. പക്ഷെ ഒരിക്കൽ വിള്ളൽ വന്നാൽ പിന്നീട് ശരിയായി വരില്ല. അടുത്തിടെ എന്റെ സുഹൃത്തിനും അവന്റെ ഭാര്യക്കുമിടയിൽ പ്രശ്നം വന്നപ്പോൾ ഭാര്യയോട് ഞാൻ പറഞ്ഞത് ഇതൊരു അവസരമായി എടുത്ത് പോകൂ എന്നാണ്. പുതിയൊരു ജീവിതമുണ്ടാകും. പുരുഷൻ മറ്റൊരു സ്ത്രീക്കൊപ്പം അടുപ്പമായാൽ ഭാര്യ കരഞ്ഞിരിക്കേണ്ട. എല്ലാം വിട്ട് മക്കളെ ഹോസ്റ്റലിൽ വിടുക.

നിങ്ങൾ നിങ്ങളുടെ ജീവിതം നോക്കണമെന്നും പാർത്ഥിപൻ അഭിപ്രായപ്പെട്ടു. അതേസമയം ഭാര്യയും ഭർത്താവുമായിരിക്കെ പിരിയുന്നത് പോലെ എളുപ്പമല്ല മാതാപിതാക്കളായ ശേഷം ബന്ധം പിരിയുന്നതെന്നും പാർത്ഥിപൻ ചൂണ്ടിക്കാട്ടി. വിവാഹ മോചനത്തിന് പിന്നാലെ ചില അസ്വാരസ്യങ്ങൾ നേരത്തെ പാർത്ഥിപനും സീതയ്ക്കും ഇടയിൽ ഉണ്ടായിട്ടുണ്ട്. സീതയുടെ അമിത പ്രതീക്ഷകളാണ് വിവാഹ ബന്ധം തകർന്നതിന് കാരണമെന്ന് പാർത്ഥിപൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.
എന്നാൽ ഈ വാദത്തെ സീത എതിർത്തു. ഒരു സാധാരണ ഭാര്യ ആഗ്രഹിക്കുന്നത് മാത്രമാണ് ഞാൻ ആഗ്രഹിച്ചത്. എന്റേത് മാത്രമായ ഭർത്താവിനെ ആഗ്രഹിക്കുന്നത് തെറ്റാണോ എന്ന് സീത ചോദിച്ചു. അടുത്തിടെ നൽകിയ അഭിമുഖത്തിലും സീത പാർത്ഥിപനുമായുള്ള വിവാഹത്തെക്കുറിച്ച് സംസാരിച്ചു. ആർട്ടിസ്റ്റ് എന്ന ചിന്തയേ മനസ്സിൽ നിന്ന് പോയി. കല്യാണം കഴിക്കുക, സെറ്റിലാവുക എന്ന് മാത്രമായിരുന്നു ചിന്ത. അതാണ് ജീവിത ലക്ഷ്യം എന്ന് അന്ന് താൻ കരുതിയെന്നും സീത തുറന്ന് പറഞ്ഞു.


Click it and Unblock the Notifications











