ഗർഭകാലത്തെ ഡയറ്റിംഗ്; പേളിയെ ഭക്ഷണം കഴിപ്പിച്ച് ശ്രീനിയും മകളും; കമന്റുകളുമായി ആരാധകർ
സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് ഇന്ന് പേളി മാണി. ബിഗ് ബോസ് എന്ന ഷോ മുതൽ പേളിയുടെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളും ആരാധകർ കണ്ടതാണ്. പ്രണയ കാലം, വിവാഹം, ആദ്യമായി അമ്മയാകൽ ഇതിനിടെ പേളിയുടെ വ്യക്തത്വത്തിൽ വന്ന മാറ്റങ്ങൾ തുടങ്ങിയതെല്ലാം ജനങ്ങൾ കണ്ടു. പേളി-ശ്രീനിഷ് ജോഡിയെ പോലെ ആഘോഷിക്കപ്പെട്ട മറ്റാെരു പ്രണയിതാക്കളും ബിഗ് ബോസ് മലയാളം ഷോയിൽ പിന്നീട് വന്നിട്ടില്ല.
ഹേറ്റേഴ്സ് കുറവുള്ള ബിഗ് ബോസ് മത്സരാർത്ഥിയും പേളിയാണ്. ജീവിതത്തിൽ സന്തോഷകരമായ മറ്റൊരു ഘട്ടത്തിലാണ് പേളി ഇന്ന്. രണ്ടാമതും അമ്മയാകാൻ പോകുകയാണ് താരം. സോഷ്യൽ മീഡിയയിലൂടെ അടുത്തിടെയാണ് ഈ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. പേളിയുടെ ആദ്യത്തെ മകൾ നില ഇന്ന് സോഷ്യൽ മീഡിയയിലെ താരമാണ്. ആദ്യത്തെ കുഞ്ഞിനെ ഗർഭം ധരിച്ചത് മുതലുള്ള വിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

രണ്ടാമത്തെ ഗർഭകാലത്തെ വിശേഷങ്ങളും ഓരോന്നായി പങ്കുവെക്കുകയാണ് താരം. ഗർഭകാലത്തെ ഡയറ്റിംഗ് എന്ന് പറഞ്ഞ് പങ്കുവെച്ച് വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഭർത്താവ് ശ്രീനിഷ് പേളിക്ക് ചോറ് വാരിക്കൊടുക്കുന്നത് വീഡിയോയിൽ കാണാം. ഇടയ്ക്ക് മകൾ നിലയും മകൾക്ക് ഭക്ഷണം നൽകുന്നുണ്ട്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്. അച്ഛനും മകളും പേളിയെ ഭക്ഷണം കഴിപ്പിച്ച് ശ്വാസം മുട്ടിക്കുന്നെന്ന് ചിലർ കമന്റ് ചെയ്തു. നിലയുടെ ക്യൂട്ട്നെസിനെയും ചിലർ പുകഴ്ത്തി.
നിലയുടെ കുഞ്ഞിലേ തൊട്ടുള്ള എല്ലാ വിശേഷങ്ങളും പേളി മാണി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. മകളുടെ സ്വകാര്യത ഇല്ലാതായില്ലേ എന്ന ചോദ്യത്തിന് മുമ്പൊരിക്കൽ താരം മറുപടി നൽകി. ബിഗ് ബോസിൽ പോയപ്പോൾ മുതൽ തന്റെ പ്രെെവസി പോയി. സ്വകാര്യത വേണമെന്നുള്ള ഒരാളല്ല ഞാൻ. എനിക്കും ശ്രീനിക്കുമുള്ള വലിയ സ്വത്ത് പ്രശസ്തിയാണ്. പണത്തിനും മുകളിലാണ് പ്രേക്ഷകർ തരുന്ന സ്നേഹം.

മകളുടെ ഓരോ ചുവടും ഞങ്ങളെ സ്നേഹിക്കുന്ന പ്രേക്ഷകർ കാണണമെന്ന് ഒരുമിച്ച് തീരുമാനിച്ചതാണ്. അവളുടെ പ്രെെവസി പോകുമെങ്കിലും ഞങ്ങൾ മൂല്യം നൽകുന്ന കാര്യങ്ങൾ അവളും അറിയണമെന്ന് തോന്നിയെന്ന് പേളി വ്യക്തമാക്കി.
രണ്ടാമതും ഗർഭിണിയായ ശേഷം ഷോകൾ ചെയ്യുന്നതിൽ നിന്ന് പേളി മാണി വിട്ട് നിൽക്കുകയാണ്. ഗർഭിണിയായി ആദ്യത്തെ മൂന്ന് മാസം വളരെ പ്രയാസം നിറഞ്ഞതായിരുന്നെന്ന് അടുത്തിടെ പേളി തുറന്ന് പറയുകയും ചെയ്തു. തങ്ങൾ ആഗ്രഹിച്ച്, പ്രാർത്ഥിച്ചാണ് രണ്ടാമതും ഗർഭിണിയായത്. ഒരിക്കലും ആക്സ്മികമായി ഗർഭിണിയായതല്ലെന്നും താരം വ്യക്തമാക്കി. പേളിയുടെ രണ്ടാമത്തെ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
വിവാഹം, കുടുംബ ജീവിതം തുടങ്ങിയവയിലേക്ക് കടക്കുന്ന താരങ്ങൾ ലൈം ലൈറ്റിൽ നിന്നും പതിയെ അകലാറാണ് പതിവെങ്കിലും പേളിയുടെ കാര്യത്തിൽ മറിച്ചാണ് സംഭവിച്ചത്. വിവാഹവും ഗർഭകാലവുമെല്ലാം പേളി മാണി ആഘോഷമാക്കി. നിരവധി ടെലിവിഷൻ ഷോകളിൽ അവതാരകയായെത്തിയ പേളി മാണി ഇന്ന് യൂട്യബ് ചാനലിലാണ് കൂടുതൽ ശ്രദ്ധ നൽകുന്നത്. കണ്ടന്റിലെ പോസിറ്റിവിറ്റിയും പുതുമയും പേളി മാണിയുടെ വീഡിയോകളെ വ്യത്യസ്തമാക്കുന്നു.


Click it and Unblock the Notifications