പേളിയുടെ മക്കളാണ് കേരളത്തിൽ ഭാഗ്യം ചെയ്ത മക്കൾ! അച്ഛനമ്മമാരുടെ പ്രണയം പോലും കണ്‍മുന്നിലുണ്ട്; വൈറൽ കുറിപ്പ്
കുടുംബ ജീവിതം ഏറ്റവുമധികം ആഘോഷമാക്കുന്ന താരദമ്പതിമാരാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ഇരുവരുടെയും പ്രണയകഥ എല്ലാവര്‍ക്കും സുപരിചിതവുമാണ്. ഇപ്പോള്‍ രണ്ട് പെണ്‍മക്കളുടെ മാതാപിതാക്കളായി സന്തോഷകരമായ ദാമ്പത്യവുമായി മുന്നോട്ട് പോവുകയാണ്. പലപ്പോഴും മാതൃകാദമ്പതിമാരായിട്ടാണ് ആരാധകര്‍ ഇവരെ കാണുന്നതും.
യൂട്യൂബ് ചാനലിലൂടെയും മറ്റും വിശേഷങ്ങള്‍ പറഞ്ഞ് താരങ്ങള്‍ എത്തുന്നതും പതിവാണ്. അതേ സമയം പേളി മാണിയുടെ മക്കളാണ് കേരളത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത മക്കളെന്ന നിലയില്‍ സോഷ്യല്‍ മീഡിയയിലൂടെ ഒരു എഴുത്ത് വൈറലാവുകയാണ്. അങ്ങനെ പറയാനുണ്ടായ സാഹചര്യമടക്കം ചൂണ്ടി കാണിച്ചുള്ള പോസ്റ്റാണ് പ്രചരിക്കുന്നത്.

വൈറലാവുന്ന കുറിപ്പിങ്ങനെയാണ്... 'കേരളത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത മക്കള്‍ പേളി മാണിയുടെ മക്കള്‍ ആണെന്ന് തോന്നിയിട്ടുണ്ട്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാല്‍ നമ്മുടെയൊക്കെ മാതാപിതാക്കള്‍ ആദ്യമായി ഒരുമിച്ചു നില്‍ക്കുന്ന ഒരു ഫോട്ടോ നമ്മള്‍ കണ്ടത് അവരുടെ വിവാഹദിനത്തില്‍ എടുത്ത ഫോട്ടോ ആയിരിക്കും. അതിനുമുമ്പ് ഇവര്‍ തമ്മില്‍ സംസാരിച്ചിട്ടുണ്ടോ എന്നത് പോലും സംശയമാണ്. പ്രണയിച്ച് കല്യാണം കഴിച്ചവര്‍ക്ക് ഫോട്ടോ ഉണ്ടാവാം...
പക്ഷേ പേളിയുടെയും ശ്രീനിഷിന്റെയും കാര്യത്തില്‍ നേരെ തിരിച്ചാണ്. അവര്‍ ആദ്യമായി കണ്ട നിമിഷം, ആദ്യമായി പരസ്പരം ഷേക്ക് ഹാന്‍ഡ് കൊടുത്തത്, ആദ്യമായി പരസ്പരം പേരുകള്‍ പറഞ്ഞത്, ആദ്യമായി സൗഹൃദത്തില്‍ ആയത്, ആദ്യമായി വാരിപ്പുണര്‍ന്നത്, ആദ്യമായി ചുംബിച്ചത്, ഇതിന്റെ എല്ലാം വീഡിയോ ഫൂട്ടേജുകള്‍ ഉണ്ട്.
അതായത് സ്വന്തം അച്ഛനും അമ്മയും കേവലം പരിചയത്തില്‍ നിന്നും സൗഹൃദത്തിലേക്കും സൗഹൃദത്തില്‍ നിന്നും പ്രണയത്തിലേക്കും എത്തിയത് എല്ലാം അവരുടെ കണ്‍മുന്നില്‍ തന്നെയുണ്ട്. ബിഗ് ബോസിന് ശേഷം നടന്ന സംഭവങ്ങളും ഏറെക്കുറെ ഡോക്യുമെന്റഡ് ആണ്.
ഇവരുടെ വിവാഹം, നിലയുടെ ജനനം ഇതെല്ലാം തന്നെ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ആഘോഷമായിരുന്നല്ലോ. കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞ് നിലയും നിറ്റാരയും ഇതെല്ലാം എടുത്തു വച്ച് നോക്കുമ്പോള്‍ അവര്‍ക്ക് ഉണ്ടാകുന്ന ഫീല്‍ ഒന്ന് വേറെ തന്നെയായിരിക്കും'... എന്ന് പറഞ്ഞാണ് ഒരു എഴുത്ത് വൈറലാവുന്നത്.

ടെലിവിഷന്‍ അവതാരകയായി കരിയര്‍ തുടങ്ങിയ പേളി മാണിയും സീരിയല്‍ നടനായ ശ്രീനിഷും ബിഗ് ബോസ് ഷോ യിലൂടെയാണ് പരിചയത്തിലാവുന്നത്. മലയാളത്തിലെ ബിഗ് ബോസിന്റെ ആദ്യ സീസണിലാണ് പേളിയും ശ്രീനിയും മത്സരിച്ചത്. അതുവരെ പരിചയമില്ലാതിരുന്ന ഇരുവരും ഷോ യിലൂടെ അടുപ്പത്തിലായി.
നൂറ് ദിവസങ്ങളായി നടക്കുന്ന ഷോ പകുതിയായപ്പോള്‍ തന്നെ വിവാഹം കഴിക്കാമെന്ന തീരുമാനവുമായി. മത്സരത്തിന് ശേഷം വീട്ടുകാരും ഇവരുടെ താത്പര്യത്തിനൊപ്പം നിന്നതോടെ കാര്യങ്ങള്‍ എളുപ്പമാവുകയായിരുന്നു. അങ്ങനെ 2018 ലാണ് പേളിയും ശ്രീനിഷും വിവാഹിതരാവുന്നത്. രണ്ട് മതാചാരപ്രകാരം ആഘോഷമായിട്ടാണ് താരവിവാഹം നടന്നത്. ഒരു വര്‍ഷത്തിന് ശേഷം പേളി ഗര്‍ഭിണിയാവുകയും ഒരു മകള്‍ക്ക് ജന്മം കൊടുക്കുകയും ചെയ്തു. ശേഷം കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് രണ്ടാമതൊരു പെണ്‍കുഞ്ഞ് കൂടി താരങ്ങള്‍ക്ക് ജനിക്കുന്നത്.
അതുവരെ ടെലിവിഷന്‍ പരിപാടികളും മറ്റുമായി സജീവമായിരുന്ന താരങ്ങള്‍ ഇപ്പോള്‍ കുടുംബത്തിലേക്ക് ചുരുങ്ങി. പേളി മാണിയുടെ യൂട്യൂബ് ചാനലും മറ്റുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.


Click it and Unblock the Notifications











