മുന്‍പ് സുകുമാരനൊപ്പവും ഇപ്പോള്‍ പൃഥ്വിരാജിനൊപ്പവും! ബിഗ് സ്‌ക്രീനില്‍ തിളങ്ങി കോട്ടയം രമേഷ്
അയ്യപ്പനും കോശിയും എന്ന സിനിമ തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം നടന്ന് കൊണ്ടിരിക്കുകയാണ്. പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ കോട്ടയം രമേഷ് എന്ന നടനും ശ്രദ്ധിക്കപ്പെട്ടു. പൃഥ്വിരാജ് അവതരിപ്പിച്ച കോശി എന്ന കഥാപാത്രത്തിന്റെ ഡ്രൈവറായിട്ടാണ് രമേഷ് അഭിനയിച്ചിരുന്നത്. പിന്നാലെ അദ്ദേഹത്തെ കുറിച്ചുള്ള ഓരോ അഭിപ്രായങ്ങളും പുറത്ത് വന്നു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുകുമാരനും ഇപ്പോള്‍ പൃഥ്വിരാജിനുമൊപ്പം അഭിനയിച്ച കോട്ടയം രമേഷിനെ കുറിച്ച് ഒരു ആരാധകന്‍ എഴുതിയ കുറിപ്പ് വൈറലാവുകയാണ്.
'ഇന്നലെ അയ്യപ്പനും കോശിയും കണ്ടു കഴിഞ്ഞു കുമാരേട്ടനെ കെട്ടിപ്പിടിച്ചു സന്തോഷം പങ്കു വെച്ചപ്പോള്‍ രമേഷേട്ടന്‍ പഴയ ഒരു ഓര്‍മ്മ പങ്കു വെച്ചു. 1989 ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത 'ഞങ്ങളുടെ കൊച്ചു ഡോക്ടര്‍' എന്ന സിനിമയില്‍ സുകുമാരന്‍ അവതരിപ്പിക്കുന്ന ഡോക്ടര്‍ കഥാപാത്രത്തെ ചോദ്യം ചെയ്യാന്‍ വരുന്ന ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു രമേഷേട്ടന്.

ഒരു പാട്ട് രംഗത്തില്‍ സെക്കന്റുകള്‍ മാത്രം സ്‌ക്രീനില്‍ വന്നു പോകുന്ന വേഷം. എവിടെയാണ് വന്നു പോകുന്നതെന്ന് കൃത്യമായി രമേഷേട്ടന്‍ പറഞ്ഞു തന്നത് കൊണ്ട് അപ്പോള്‍ തന്നെ യൂട്യൂബില്‍ കയറി ആ സീനിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്തു. സുകുമാരനൊപ്പമുള്ള ആ പഴയ ഫോട്ടോയും തലേന്ന് പൃഥ്വിരാജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുമാരനോടൊപ്പമുള്ള ഫോട്ടോയും കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.
കാലം കാത്തു വെക്കുന്ന ചില കൗതുകങ്ങള്‍ ഉണ്ട് അച്ഛനൊപ്പമുള്ള പേരില്ലാത്ത കഥാപാത്രത്തില്‍ നിന്നും മകന്‍ 'കുമാരാ' എന്നു നീട്ടി വിളിക്കുന്ന തലയെടുപ്പുള്ള കഥാപാത്രത്തിലേക്കുള്ള വളര്‍ച്ച. അഭിമാനം രമേഷേട്ടാ'...


Click it and Unblock the Notifications