'എന്തൊക്കെ പരീക്ഷണങ്ങളാണ്; ചൊറി പിടിച്ചത് പോലെയായി'; പ്രയാഗയ്ക്ക് നേരെ വീണ്ടും അധിക്ഷേപങ്ങൾ
മലയാള സിനിമയിൽ ഇന്ന് യുവ നായികമാരുടെ വലിയൊരു നിര തന്നെയുണ്ട്. മുമ്പത്തേതിൽ നിന്ന് വ്യത്യസ്തമായി സിനിമാ രംഗത്തേക്ക് കടന്ന് വരുന്ന സ്ത്രീകളുടെ എണ്ണം കൂടുതലാണ്. മലയാളത്തിൽ നിന്ന് വേണ്ടത്ര അവസരങ്ങൾ ലഭിക്കാതായതോടെ പല നടിമാരും തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് കടന്നു. പൊതുവെ യുവ നടിമാരിൽ ഭൂരിഭാഗം പേർക്കും വലിയ സ്വീകാര്യത മലയാളത്തിൽ നിന്ന് ലഭിക്കാറില്ല.
കുറച്ച് സിനിമകൾക്ക് ശേഷം താരമായി മാറുമ്പോഴേക്കും ഇവർക്കെതിരെ സൈബറധിക്ഷേപം നടത്തുന്ന പ്രവണത മലയാളി പ്രേക്ഷകർക്ക് കൂടുതലാണെന്ന് പൊതുവെ അഭിപ്രായമുണ്ട്. പ്രിയ വാര്യർ, സാനിയ ഇയപ്പൻ, സംയുക്ത, അനുപമ പരമേശ്വരൻ തുടങ്ങി നിരവധി നടിമാർ ഇത്തരം അധിക്ഷേപങ്ങൾക്കിരയായി.
അടുത്ത കാലത്തായി തുടരെ ട്രോളുകൾ നേരിടുന്ന നടിയാണ് പ്രയാഗ മാർട്ടിൻ. പ്രയാഗ മാർട്ടിൻ എങ്ങോട്ട് തിരിഞ്ഞാലും ഇപ്പോൾ ട്രോളാണ്. സിനിമയിൽ നിന്നും കുറച്ച് നാളത്തേക്ക് ഇടവേളയെടുത്ത് തന്റേതായ സമയം ആസ്വദിക്കുകയാണ് പ്രയാഗ മാർട്ടിൻ.

വലിയ മേക്കോവറാണ് നടിയുടെ ലുക്കിൽ വന്നിരിക്കുന്നത്. ശാലീന സുന്ദരിയായി കണ്ടിരുന്ന പ്രയാഗ ഇന്ന് ആളാകെ മാറി. മുടി വെട്ട കളർ ചെയ്ത നടി തന്റെ വസ്ത്ര ധാരണത്തിലും മാറ്റം വരുത്തി. മഞ്ഞ കലർന്ന നിറത്തിലുള്ള മുടിയുമായി പ്രയാഗയെ ആദ്യം പൊതുവേദിയിൽ കണ്ടപ്പോൾ ഏവരും അമ്പരന്നു. പിന്നീട് ട്രോളുകളുടെ പെരുമഴയായി.
താനുദ്ദേശിച്ച കളർ ഇതായിരുന്നില്ലെന്നും ഇങ്ങനെ വന്ന് പോയതുമാണെന്നാണ് മുടിയെക്കുറിച്ച് പിന്നീട് പ്രയാഗ പറഞ്ഞ വാക്കുകൾ. ഇപ്പോഴിതാ പ്രയാഗ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് തന്റെ കാലിൽ പച്ച കുത്തിയിരിക്കുകയാണ് നടി. വട്ടത്തിലുള്ള കറുത്ത പൊട്ട് പോലൊരു ടാറ്റൂ ആണ് പ്രയാഗയുടേത്. വ്യത്യസ്തമായ ടാറ്റൂവിനെ ആരാധകർ പ്രശംസിച്ചപ്പോൾ ചിലർ പരിഹാസവുമായെത്തി. ശരീരത്തിൽ ചൊറി പിടിച്ചതാണോ എന്നാണ് ഇവരുടെ ചോദ്യം.
എന്തൊക്കെ പരീക്ഷണങ്ങളാണ് ശരീരത്തിൽ നടത്തുന്നത്, കണ്ണ് തട്ടാതിരിക്കാൻ ആണോ, ഒരു പൊട്ട് തൊട്ടാൽ പോരായിരുന്നുോ എന്നിങ്ങനെ നീളുന്ന കമന്റുകൾ. പെട്ടെന്നാണ് പ്രയാഗയിൽ ഇത്തരം മാറ്റങ്ങൾ കാണുന്നത്. എന്താണ് നടിക്ക് പറ്റിയതെന്നും ആരാധകർ ചോദിക്കുന്നു.

അതേസമയം നടിയെ പിന്തുണയ്ക്കുന്നവരും ഉണ്ട്. സിനിമയിൽ നിന്ന് മാറി നിൽക്കുന്ന സമയത്ത് തന്റെ ഇഷ്ടാനുസരണം ജീവിക്കാൻ പ്രയാഗ ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റെന്നും മറ്റൊരാളുടെ ഇഷ്ടാനിഷ്ടങ്ങളെ എന്തിനിങ്ങനെ ചോദ്യം ചെയ്യുന്നെന്നും ഇവർ ചോദിക്കുന്നു. ഫുക്രി, രാമ ലീല, ഒരേ മുഖം, കട്ടപ്പനയിലെ ഹൃതിക് റോഷൻ, ബ്രദേഴ്സ് ഡേ തുടങ്ങി ഒരുപിടി മലയാള
സിനിമകളിൽ പ്രയാഗ മാർട്ടിൻ ഇതിനകം അഭിനയിച്ചിട്ടുണ്ട്.
2016 ൽ ഒരു മുറെെ വന്ത് പാരായ എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് കടന്ന് വരുന്നത്. ഉണ്ണി മുകുന്ദനായിരുന്നു സിനിമയിലെ നായകൻ. പിന്നീട് കൈ നിറയെ അവസരങ്ങൾ പ്രയാഗയെ തേടി വന്നു. എന്നാൽ കുറച്ച് നാളത്തേക്ക് സിനിമ ചെയ്യുന്നില്ല എന്ന തീരുമാനം എടുത്തിരിക്കുകയാണെന്ന് നടി അടുത്തിടെ വ്യക്തമാക്കിയിരുന്നു.
പൊതുവെ ട്രോളുകളോട് പ്രയാഗ മാർട്ടിൻ പ്രതികരിക്കാറില്ല. അതേസമയം തനിക്ക് നേരെ വന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ച് പ്രയാഗ സംസാരിച്ചിരുന്നു. പലരും തന്നോട് വണ്ണം കുറയ്ക്കാനും വണ്ണം കുറച്ചാൽ കുറേക്കൂടി ഭംഗിയുണ്ടാവുമെന്നും പറയാറുണ്ട്. അതെ പക്ഷെ ശരിയായിരിക്കും. പക്ഷെ തനിക്ക് വണ്ണം കുറയ്ക്കണമെന്നത് ബുദ്ധിമുട്ടാണ്. കാരണം തനിക്ക് പിസിഒഎസ്ഡി ഉണ്ടെന്നും പ്രയാഗ അന്ന് തുറന്ന് പറഞ്ഞു.


Click it and Unblock the Notifications