ഈ ദുനിയാവിലെ കോടിക്കണക്കിന് പേരിൽ നിങ്ങളുടെ കൈയിലാവാനാണ് ഞാനാഗ്രഹിച്ചത്; ഭർത്താവിനോട് ഷംന
ഡാൻസ് വേദികളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഷംന കാസിം. നടി എന്നതിലുപരി ചടുലമായ നൃത്തച്ചുവടുകളുമായെത്തുന്ന നർത്തകിയായാണ് ഷംനയെ മലയാളികൾ കൂടുതലും കണ്ടിട്ടുള്ളത്. കഴിവും സ്ക്രീൻ പ്രസൻസുമുള്ള നടിയായിട്ടും ഷംനയ്ക്ക് അർഹമായ അവസരങ്ങൾ മലയാളത്തിൽ നിന്ന് അധികം ലഭിച്ചിട്ടില്ല.
ചട്ടക്കാരി എന്ന സിനിമയിലാണ് നടി ശ്രദ്ധേയ പ്രകടനം മലയാളത്തിൽ കാഴ്ച വെച്ചത്. മറുഭാഷകളിൽ പൂർണ എന്ന പേരിലാണ് ഷംന അറിയപ്പെടുന്നത്. തെലുങ്ക് സിനിമകളിൽ ഒരുപിടി നല്ല സിനിമകൾ ഷംനയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇവിടെ ഡാൻസ് റിയാലിറ്റി ഷോകളിൽ ജഡ്ജായും ഷംന കാസിം എത്താറുണ്ട്.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഷംനയുടെ വിവാഹം കഴിഞ്ഞത്. ദുബായിൽ പ്രവർത്തിക്കുന്ന ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്. ദുബായിൽ വെച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. ദുബായിൽ ഒരു ഷോയ്ക്ക് എത്തിയപ്പോഴാണ് ഷംന ഷാനിദിനെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും ഇഷ്ടത്തിലാവുകയും വീട്ടുകാരുടെ സമ്മതപ്രകാരം വിവാഹം നടത്തുകയും ചെയ്തു.

വിവാഹ ശേഷം താൻ ഗർഭിണിയാണെന്ന സന്തോഷ വാർത്തയും ഷംന ആരാധകരെ അറിയിച്ചു. അടുത്തിടെ നടിയുടെ ബേബി ഷവറും നടന്നു. ബേബി ഷവറിന് ശേഷം കുറച്ച് നാൾ കൂടി നാട്ടിൽ തങ്ങിയ ഷംന ദുബായിൽ ഭർത്താവിനടുത്തേക്ക് പോയി.
പ്രസവം ദുബായിൽ ആണെന്ന് നടി തന്റെ യൂട്യൂബ് ചാനലിലൂടെ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇനി നാട്ടിലേക്ക് വരുമ്പോൾ തന്റെ കുഞ്ഞും ഒപ്പമുണ്ടാവുമെന്ന് ഷംന പറഞ്ഞിരുന്നു. ഇപ്പോഴിതാ പ്രണയ ദിനത്തിൽ ഷംന പങ്കുവെച്ച വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.

ഭർത്താവിനൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുകയാണ് ഷംന കാസിം. ഈ ദുനിയാവിൽ 14 ബില്യൺ കൈകളുണ്ട്. അതിൽ എനിക്ക് നിങ്ങളുടെ കൈകളിൽ മാത്രമായാൽ മതി എന്നാണ് ഷംന വീഡിയോക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയിരിക്കുന്നത്. ചിലർ ഷംനയ്ക്ക് ആശംസകൾ അറിയിച്ചപ്പോൾ ചിലർ ഷംനയെ ട്രോളി. ഇതൊക്കെ കാട്ടിക്കൂട്ടലുകളാണെന്നാണ് ചിലരുടെ കമന്റ്. കമന്റുകൾക്കൊന്നും ഷംന മറുപടി നൽകിയിട്ടില്ല.

അടുത്തിടെ തന്റെ വിവാഹത്തെക്കുറിച്ചും ഗർഭകാലത്തെക്കുറിച്ചും ഷംന സംസാരിച്ചിരുന്നു. വീട്ടുകാർ കുറേ നാളുകളായി വിവാഹ ആലോചനകൾ നടത്തുന്നുണ്ടായിരുന്നു പല കാരണങ്ങളാൽ അത് നടന്നില്ല.
ബന്ധുക്കളുടെയും മറ്റും ചോദ്യങ്ങൾ വീട്ടുകാർക്ക് നേരെ വന്നിരുന്നു. സ്ത്രീകൾ സാമ്പത്തികമായി സ്വയം പര്യാപ്തത കൈ വരിച്ച ശേഷം വിവാഹം കഴിക്കുന്നതാണ് നല്ലതെന്നാണ് തന്റെ അഭിപ്രായം. രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം നടന്നതിൽ സന്തോഷമുണ്ടെന്നും ഷംന നേരത്തെ പറഞ്ഞിരുന്നു.

അമ്മയാവാൻ പോവുന്നതിനെക്കുറിച്ചും നടി സംസാരിച്ചു. ഗർഭിണിയായ ശേഷം ഏറ്റവും കൂടുതൽ ബഹുമാനം തോന്നിയത് സ്വന്തം മമ്മിയോടാണ്. മുമ്പും സ്നേഹമുണ്ടായിരുന്നെങ്കിലും അവരേതൊക്കെ ഘട്ടങ്ങളിലൂടെ കടന്ന് പോയെന്ന് ഇപ്പോൾ മനസിലാക്കുന്നെന്നും നടി പറഞ്ഞു.
വിവാഹ ശേഷവും വർക്കുകൾക്കായി നാട്ടിലേക്ക് വന്നിരുന്നു. ഇനി കുറച്ച് മാസം ദുബായിൽ തന്നെയായിരിക്കും. സ്വന്തം വീട് തനിക്ക് മിസ് ചെയ്യുമെന്നും ഷംന പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ഷംന യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.


Click it and Unblock the Notifications