മാസ്ക്ക് ധരിച്ച് പോലീസ് ഗെറ്റപ്പിൽ പൃഥ്വിരാജ്, കോൾഡ് കേസ് അന്വേഷിക്കാൻ എ.സി.പി.സത്യജിത്ത് എത്തി
2014 ൽ പുറത്തിറങ്ങിയ ടമാർ പഠാർ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ് വീണ്ടും പോലീസ് കഥാപാത്രത്തിൽ എത്തുന്ന ചിത്രമാണ് കോൾഡ് കേസ് . ഇപ്പോഴിത ചിത്രത്തിലെ താരത്തിന്റെ ലുക്ക് പുറത്ത്. സമൂഹമാധ്യമങ്ങളിലും സിനിമ കോളങ്ങളിലും ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളും വൈറലായിട്ടുണ്ട്. എ.സി.പി.സത്യജിത്ത് എന്ന കഥാപാത്രത്തെയാണ് പൃഥ്വി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

പുതിയ കഥാപാത്രത്തെ പൃഥ്വിതന്നെയാണ് പ്രേക്ഷകരോട് പങ്കുവെച്ചിരിക്കുന്നത്. ഛായാഗ്രാഹകൻ തനു ബാലക്ക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അരുവി ഫെയിം അദിതി ബാലനാണ് നായിക.. കോൾഡ് കേസിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. തിരുവനന്തപുരത്തേയ്ക്ക് പോകുന്ന വിവരം നടൻ കഴിഞ്ഞ ദിവസം ആരാധകർക്കായി പങ്കുവെച്ചിരുന്നു
യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.. ഗിരീഷ് ഗംഗാധരനും ജോമോൻ.ടി. ജോണും ഛായാഗ്രഹണം നിർവഹിക്കുന്നു. ആന്റോ ജോസഫും പ്ലാൻ ജെ സ്റ്റുഡിയോയുടെ ബാനറിൽ ജോമോൻ.ടി.ജോൺ, ഷമീർ മുഹമ്മദ് എന്നിവരും ചേർന്നാണ് നിർമ്മാണം. ശ്രീനാഥ് വി. നാഥ് ആണ് ആർട്ട് ഡയറക്ടർ .അജയൻ ചാലിശ്ശേരി. ഷമീർ മുഹമ്മദാണ് എഡിറ്റിംഗ്. ചിത്രത്തിൽ ഏറെയും ഇൻഡോർ സീക്വൻസുകളാണെന്നും കൊവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ച് കൊണ്ടാകും ചിത്രീകരണം നടക്കുക എന്ന് സംവിധായകൻ തനുബാലക്കും നിർമ്മാതാക്കളും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
പൃഥ്വിരാജിന്റെ പോലീസ് ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. സത്യം,മുംബൈ പോലീസ്', 'മെമ്മറീസ്' എന്നീ സിനിമകളിലെ പൃഥ്വിയുടെ പോലീസ് വേഷം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നടൻ വീണ്ടും പോലീസ് കഥാപാത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. എസിപി സത്യജിത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന 'ജന ഗണ മന'യുടെ ചിത്രീകരണം പൂർത്തിയാക്കിയതിന് ശേഷമാണ് പൃഥ്വി കോൾഡ് കേസിൽ ജോയിൻ ചെയ്തിരിക്കുന്നത്. ജയരാജ് സംവിധാനം ചെയ്ത 'ഓഫ് ദ പിപ്പിൾ', 'ട്രെയിൻ' എന്നീ സിനിമകളുടെ ഛായാഗ്രാഹകനായ തനു ബാലക് നിരവധി പരസ്യചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. തനു ബാലക്ക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.


Click it and Unblock the Notifications