ഫിഫ്റ്റി ഫിഫ്റ്റിയാണ്; അമ്മയാകാൻ ഒരുക്കമല്ലേ എന്ന ചോദ്യത്തോട് പ്രിയാമണി; ശ്രദ്ധ നേടി വാക്കുകൾ
ലഭിക്കുന്ന ഏത് കഥാപാത്രവും അതിന്റെ പൂർണതയിൽ എത്തിക്കാൻ കെൽപ്പുള്ള നടിയാണ് പ്രിയാമണി. തിരക്കഥ, പരുത്തിവീരൻ എന്നീ സിനിമകളിലെ പ്രകടനം ഇന്നും പ്രേക്ഷകർ എടുത്ത് പറയുന്നു. പരുത്തിവീരൻ എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും പ്രിയാമണിക്ക് ലഭിച്ചു. അഭിനയ മികവുണ്ടായിട്ടും അർഹമായ അവസരങ്ങൾ നടിയെ തേടി വരുന്നില്ല എന്ന പരാതി ആരാധകർക്കുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആ പരാതി ഇല്ല. തെന്നിന്ത്യയിലും ബോളിവുഡിലും ശ്രദ്ധേയ വേഷങ്ങൾ പ്രിയാമണിക്ക് ലഭിക്കുന്നു.
ഫാമിലി മാൻ എന്ന സീരീസിലൂടെയാണ് പ്രിയാമണിയുടെ ജനസ്വീകാര്യത വർധിച്ചത്. പിന്നീട് കൈനിറയെ അവസരങ്ങൾ പ്രിയാമണിയെ തേടി വന്നു. വെബ് സീരീസുകളിൽ നിന്നും തുടരെ അവസരങ്ങൾ വരുന്നു. വിവാഹശേഷമാണ് പ്രിയാമണിക്ക് സിനിമകൾ തുടരെ ലഭിക്കാൻ തുടങ്ങിയത്. വിവാഹത്തിന് ശേഷം സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ചില നിബന്ധനകൾ വെച്ച പ്രിയാമണി പക്ഷെ മുമ്പേത്തേക്കാളും കരിയറിൽ സജീവമായി. നായികാ വേഷം മാത്രമേ ചെയ്യൂ എന്ന നിർബന്ധവും ഇന്ന് നടിക്കില്ല.

വിരാട പർവം എന്ന തെലുങ്ക് സിനിമയിലുൾപ്പെടെ ക്യാരക്ടർ റോളാണ് നടി ചെയ്തത്. കരിയറിനൊപ്പം കുടുംബ ജീവിതത്തിനും പ്രിയാമണി ഇന്ന് പ്രാധാന്യം നൽകുന്നു. മുസ്തഫ രാജ് എന്നാണ് നടിയുടെ ഭർത്താവിന്റെ പേര്. സിസിഎൽ മാച്ചിനിടെ പ്രണയത്തിലായ ഇരുവരും 2017 ലാണ് വിവാഹിതരായത്. 39 കാരിയായ പ്രിയാമണി ഭർത്താവിനൊപ്പമുള്ള ഫോട്ടോ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അമ്മയാകാൻ തയ്യാറാണോ എന്ന ചോദ്യത്തിന് പ്രിയാമണി നൽകിയ മറുപടിയാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഐഡ്രീം മീഡിയ എന്ന തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇതേക്കുറിച്ച് പ്രിയാമണി മനസ് തുറന്നത്. കുഞ്ഞുങ്ങളോടുള്ള ഇഷ്ടം ഫിഫ്റ്റി ഫിഫ്റ്റിയാണ്. എന്റെ സഹോദരന് മകളുണ്ട്. എനിക്കവളെ ബുള്ളി ചെയ്യാൻ ഇഷ്ടമാണ്. എന്നെപ്പോലെയാണ് മകളെന്ന് നാത്തൂൻ മിക്കപ്പോഴും പറയും. അമ്മയാകുന്നതിന് ക്ഷമ വേണം. എനിക്ക് കുറച്ച് ക്ഷമ കുറവാണ്. പക്ഷെ അമ്മയാകാൻ ഇഷ്ടമാണെന്നും പ്രിയാമണി വ്യക്തമാക്കി. വിവാഹ ജീവിതത്തെക്കുറിച്ചും നടി മനസ് തുറന്നു.

വിശ്വാസവും കമ്മ്യൂണിക്കേഷനുമാണ് ബന്ധത്തിന്റെ ശക്തി. ഒരുമിച്ച് സമയം ചെലവഴിക്കാൻ തോന്നുന്ന സമയം ഉണ്ടാകും. ഒപ്പം ഒരു പേഴ്സണൽ സ്പേസും ഒരു ഘട്ടത്തിൽ വേണ്ടി വരും. പക്ഷെ പരസ്പരം എല്ലാ കാര്യങ്ങളും പങ്കുവെക്കുക. മറ്റൊരു പ്രധാന കാര്യം ക്ഷമയാണ്. രണ്ട് പേരും തങ്ങളുടേതായ തിരക്കിലാണ്. അദ്ദേഹം നന്നായി കുക്ക് ചെയ്യും.
തന്റെ ലുക്കിൽ അദ്ദേഹം വലിയ ശ്രദ്ധ പുലർത്തും. എയർപോർട്ടിൽ പോകുമ്പോൾ പോലും ഏത് വസ്ത്രം ധരിക്കണമെന്ന് മുസ്തഫയെ വിളിച്ച് ചോദിക്കും. ഇക്കാലയളവിനിടെ ക്ഷമാശീലം വന്നു. അതിന് നന്ദി പറയേണ്ടത് മുസ്തഫയോടാണെന്നും പ്രിയാമണി വ്യക്തമാക്കി. ജവാനാണ് നടിയുടെ റിലീസിനൊരുങ്ങുന്ന സിനിമ.
താരത്തിന്റെ ഭർത്താവ് മുസ്തഫയുടെ ആദ്യ വിവാഹബന്ധം വേർപിരിഞ്ഞതാണ്. ആയിഷ എന്നാണ് ഇദ്ദേഹത്തിന്റെ ആദ്യ ഭാര്യയുടെ പേര്. ഈ ബന്ധത്തിൽ മക്കളുമുണ്ട്. ആയിഷയുമായി പിരിഞ്ഞ ശേഷമാണ് പ്രിയാമണി മുസ്തഫയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. മുമ്പൊരിക്കൽ മുസ്തഫയ്ക്കെതിരെ ആദ്യ ഭാര്യ രംഗത്ത് വരികയുമുണ്ടായി.
താനുമായുള്ള ബന്ധം നിയമപരമായി വേർപെടുത്തിയിട്ടില്ലെന്നും അതിനാൽ പ്രിയാമണിയുമായുള്ള വിവാഹം നിലനിൽക്കില്ലെന്നുമായിരുന്നു ആയിഷയുടെ വാദം. എന്നാൽ ആരോപണം നിഷേധിച്ച് മുസ്തഫ രാജ് രംഗത്തെത്തി.


Click it and Unblock the Notifications