അതിന് പിന്നിൽ ആന്റണി പെരുമ്പാവൂറിന്റെ ബുദ്ധി; അല്ലെങ്കിൽ ഇതിലും വലിയ നഷ്ടം വന്നേനെ; സന്തോഷ് ടി കുരുവിള
അടുത്ത കാലത്തിറങ്ങിയ മോഹൻലാൽ ചിത്രങ്ങളിൽ ഭൂരിഭാഗവും പ്രേക്ഷകരെ നിരാശപ്പെടുത്തുകയാണുണ്ടായത്. ഇവയിൽ ചില സിനിമകൾക്ക് നേരെ സോഷ്യൽ മീഡിയയിൽ വ്യാപക ട്രോളുകളും വന്നു. ഇവയിൽ ഏറ്റവും കൂടുതൽ ട്രോളുകൾ വന്നത് 2021 ൽ റിലീസ് ചെയ്ത മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്ക്കാണ്. വൻതാര നിര അണിനിരന്ന സിനിമ മോളിവുഡിൽ ചരിത്രം കുറിക്കുമെന്നാണ് റിലീസിന് മുമ്പ് ഏവരും പ്രതീക്ഷിച്ചത്.
മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറക്കിയ മരയ്ക്കാറിൽ പ്രണവ് മോഹൻലാൽ, കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജുൻ സർജ, മഞ്ജു വാര്യർ തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ അണിനിരന്നു. 100 കോടിക്കടുത്തായിരുന്നു സിനിമയുടെ ബജറ്റ്. റിലീസിന് മുമ്പ് വലിയ ഹൈപ്പ് സിനിമയ്ക്ക് ലഭിച്ചിരുന്നു. എന്നാൽ തിയറ്ററിൽ സിനിമ കണ്ട പ്രേക്ഷകരിൽ ഭൂരിഭാഗം പേർക്കും നിരാശയായി. സിനിമയ്ക്ക് നേരെ വ്യാപക ട്രോളുകളും വന്നു.

മരയ്ക്കാർ അറബിക്കടലിന്റെ സിനിമയെക്കുറിച്ച് നിർമാണത്തിൽ പങ്കാളിയായ സന്തോഷ് ടി കുരുവിള പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമയ്ക്ക് ലഭിച്ച ഹൈപ്പിൽ തെറ്റില്ലെന്നും നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ബുദ്ധിയാണതെന്നും സന്തോഷ് ടി കുരുവിള വ്യക്തമാക്കി. സില്ലി മോങ്ക്സ് മോളിവുഡുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നിർമാതാവ്.
ഞാനും ആ സിനിമയുടെ ചെറിയ ഭാഗമാണ്. ആന്റണി ചേട്ടനാണ് ആ സിനിമയുടെ പ്രൊഡ്യൂസർ. 30 കോടിക്ക് സിനിമയെടുക്കുന്ന മലയാള സിനിമാ രംഗത്താണ് 95 കോടിക്ക് ഈ സിനിമയെടുക്കുന്നത്. ഹൈപ്പ് കൊടുത്തില്ലെങ്കിൽ ഈ പണം എവിടെ നിന്ന് വരും. പുറത്ത് നിന്ന് പറയുന്നവർക്ക് എന്തും പറയാം. അതിന് മുമ്പിറങ്ങിയ മലയാളത്തിലെ ഏറ്റവും വലിയ പടം ലൂസിഫറാണ്. ഹൈപ്പില്ലായിരുന്നെങ്കിൽ മരയ്ക്കാറിന് വലിയ നഷ്ടം വന്നേനെ.

മലയാളത്തിലെ ഏറ്റവും ബുദ്ധിമാനായ പ്രൊഡ്യൂസറാണ് ആന്റണി പെരുമ്പാവൂർ. പുള്ളി അങ്ങനെ വലിയ മണ്ടത്തരങ്ങൾ ചെയ്യുമെന്ന് ഞാനൊരിക്കലും വിശ്വസിക്കുന്നില്ല. ഞാൻ അദ്ദേഹത്തോട് അഭിപ്രായങ്ങൾ ചോദിക്കാറുണ്ട്. ആ ഹൈപ്പ് കൊടുത്തില്ലായിരുന്നെങ്കിൽ മരയ്ക്കാറിന് അതിലും വലിയ നഷ്ടം വന്നേനെയെന്നും സന്തോഷ് ടി കുരുവിള അഭിപ്രായപ്പെട്ടു.
മലയാള സിനിമാ രംഗത്ത് മാറ്റങ്ങളുടെ തുടക്കം കുറച്ച സിനിമകൾ കൊണ്ട് വരാൻ കഴിഞ്ഞ നിർമാതാവാണ് സന്തോഷ് ടി കുരുവിള. നിരൂപക പ്രശംസയും സാമ്പത്തിക വിജയവും ഇദ്ദേഹത്തിന്റെ സിനിമകൾക്ക് ഒരുപോലെ ലഭിച്ചു. മഹേഷിന്റെ പ്രതികാരം, മായാനദി, ന്നാ താൻ കേസ് കൊട്, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, നാരദൻ, ആർക്കറിയാം, വൈറസ് തുടങ്ങിയ സിനിമകളുടെ സഹനിർമാതാവാണ് ഇദ്ദേഹം.
സിനിമകളിലെ കാസ്റ്റിംഗിൽ വന്ന മാറ്റങ്ങളെക്കുറിച്ച് സന്തോഷ് ടി കുരുവിള കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. മഹേഷിന്റെ പ്രതികാരത്തിലേക്ക് ആദ്യം നായികയായി പരിഗണിച്ചത് സായ് പല്ലവിയെയാണ്. എന്നാൽ പിന്നീട് പുതുമുഖമായ അപർണ മുരളിയിലേക്ക് സിനിമയെത്തുകയായിരുന്നു. സമാനമായി മായാനദിയിൽ ഒരു പുതുമുഖ നടിയെയാണ് ആദ്യം നായികയായി തീരുമാനിച്ചത്. എന്നാൽ സ്ലീവ് ലെസ് ഡ്രസ് ഇടാൻ പറ്റില്ലെന്ന് നടി പറഞ്ഞതോടെ ഇവർക്ക് പകരം ഐശ്വര്യ ലക്ഷ്മിയെ നായികയാക്കിയെന്നും സന്തോഷ് ടി കുരുവിള തുറന്ന് പറഞ്ഞു.


Click it and Unblock the Notifications