ദിവസം മുഴുവൻ കിടന്ന് കരഞ്ഞ കാലം; ഇതല്ല, ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് തിരിച്ചറിഞ്ഞു; രചന നാരായണൻകുട്ടി
സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും ചർച്ചയാകുന്ന നടിയാണ് രചന നാരായണൻ കുട്ടി. മറിമായം എന്ന സിറ്റ്കോമിലൂടെയാണ് രചന ശ്രദ്ധിക്കപ്പെടുന്നത്. വളരെ പെട്ടെന്ന് തന്നെ സിനിമകളിലും നല്ല വേഷങ്ങൾ ലഭിച്ചു. എങ്കിൽ പോലും പലപ്പോഴും നിരവധി ട്രോളുകൾ രചനയ്ക്ക് നേരെ വന്നിട്ടുണ്ട്. അഭിമുഖങ്ങളിലെ പരാമർശവും അഭിനയിച്ച ചില സീനുകളുമെല്ലാം ചൂണ്ടിക്കാട്ടിയാണ് പരിഹാസവും അധിക്ഷേപവും രചനയ്ക്ക് നേരെ വരാറുള്ളത്.
ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് രചന. ട്രോളുകളെ താൻ കാര്യമാക്കുന്നില്ലെന്ന് രചന പറയുന്നു. സില്ലി മോങ്ക്സ് മോളിവുഡുമായുള്ള അഭിമുഖത്തിലാണ് പരാമർശം. ഞാനെപ്പോഴും ഹാപ്പിയാണ്. ഒട്ടും വിഷമം ഇല്ലെന്നല്ല. ജീവിതത്തിലെ സാഹചര്യം അനുസരിച്ച് വിഷമം. വരും. അതൊക്കെ മറി കടക്കാൻ പറ്റുന്ന കലയാണ് എന്റെ കൂടെയുള്ളത്. നൃത്തം ഒരുപാടധികം എനിക്ക് അനുഗ്രഹമായിട്ടുണ്ട്. ഞാൻ ഇടപെടുന്ന ആളുകളും അങ്ങനെയുള്ള ആളുകളാണ്. എനിക്ക് കൂട്ടുള്ളവരും അങ്ങനെയാണ്.

ഒരിക്കൽ തലവേദനയെന്ന് പിഷു പറഞ്ഞപ്പോൾ ലാലേട്ടൻ പറഞ്ഞത് തലവേദന ആസ്വദിക്കുകയെന്നാണ്. എല്ലാ വേദനകളും അദ്ദേഹം ആസ്വദിക്കുന്നത് പോലെ നമുക്ക് ആസ്വദിക്കാൻ പറ്റിയില്ലെങ്കിലും ഒരു പരിധി വരെ ഇതെല്ലാം നമ്മുടെ മനസിന്റെയാണ്. താങ്കൾ എന്നോട് എന്തെങ്കിലും മോശമായി എന്തെങ്കിലും പറഞ്ഞാൽ ഞാൻ അങ്ങനെയാവില്ല. അത് എനിക്കും അച്ഛനും അമ്മയ്ക്കും ഏട്ടനും അടുത്തറിയാവുന്ന സുഹൃത്തുക്കൾക്കും അറിയാം. എപ്പോഴും ഒരു ജനതയെ ബോധിപ്പിച്ച് ജീവിതം മുന്നോട്ട് പോകേണ്ട കാര്യമില്ല.
കമന്റ് വായിച്ചിട്ട് ഒരു ദിവസം മുഴുവൻ കിടന്ന് കരഞ്ഞ കാലം എനിക്കുണ്ടായിരുന്നു. പക്ഷെ ഇതല്ല, ഒരുപാട് കാര്യങ്ങൾ എനിക്ക് ചെയ്യാനുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. അപരിചതരെ കണ്ടാൽ കുരയ്ക്കുന്നത് പട്ടികളാണെന്ന് പറയും. വേദനിപ്പിക്കാൻ പറയുന്നതല്ല. എന്നെ അറിയാത്ത ആൾക്കാർ എന്നെക്കുറിച്ച് എന്തൊക്കെയോ പറഞ്ഞുണ്ടാക്കുന്നു. അതിൽ ഞാൻ ആശങ്കപ്പെടേണ്ടതില്ല. ഇപ്പോൾ ഒരുവിധം എല്ലാവരും അങ്ങനെയാണ് ട്രോൾ എടുക്കുന്നത്. ഞാനൊക്കെ ട്രോൾ ആസ്വദിക്കുന്ന ആളാണ്.

എന്നെപ്പറ്റി എന്തെങ്കിലും ട്രോൾ വന്നാൾ രണ്ട് മൂന്ന് സുഹൃത്തുക്കളാണ് ആദ്യം അയച്ച് തരിക. ഞങ്ങൾ അതിനെപ്പറ്റി ഇരുന്നുള്ള ചർച്ചയാണ് പിന്നെ. ജീവിതം മനോഹരമാണ്. എന്റെ ജീവിതം കുറച്ച് കൂടെ മനോഹരമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പലരും വന്ന് ഓരോ കാര്യങ്ങളും പറയുമ്പോഴും എന്റെ സ്റ്റുഡന്റ്സ് വന്ന് ഓരോ കാര്യം ചോദിക്കുമ്പോൾ അവർക്ക് ഉത്തരം പറയാനാകുന്നുണ്ടല്ലോ. അതെനിക്ക് സന്തോഷം തരുന്നുണ്ട്.
അവർ ഹാപ്പിയാകുമ്പോൾ ഞാനും ഹാപ്പി. അതിലും വലുതായിട്ട് ഒന്നുമുണ്ടെന്ന് തോന്നുന്നില്ല. ജീവിക്കുക ജീവിക്കാൻ അനുവദിക്കുക എന്നതാണ് ഞാൻ പിന്തുടരുന്ന പോളിസിയെന്നും രചന നാരായണൻ കുട്ടി വ്യക്തമാക്കി. പഞ്ചായത്ത് ജെട്ടിയാണ് രചനയുടെ പുതിയ സിനിമ. മറിമായത്തിലെ മുഴുവൻ അഭിനേതാക്കളും ഒന്നിച്ചെത്തുന്ന സിനിമയാണിത്. മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്നാണ് ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. സിനിമയുടെ പ്രൊമോഷന്റെ തിരക്കിലാണ് രചന നാരായണൻകുട്ടി.


Click it and Unblock the Notifications











