സിത്താരയുടെ തോളിൽ പോലും കൈ വെച്ചില്ല, ഇത്ര അകൽച്ചയെന്തിനെന്ന് നടി ചോദിച്ചു; രാജസേനന്റെ വാക്കുകൾ
മലയാള സിനിമാ രംഗത്ത് ഒരു കാലത്തെ ഹിറ്റ് സംവിധായകനായിരുന്നു രാജസേനൻ. നിരവധി ശ്രദ്ധേയ സിനിമകൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത സിനിമകളായിരുന്നു ഭൂരിഭാഗവും. കടിഞ്ഞൂൽ കല്യാണം, അയലത്തെ അദ്ദേഹം, മേലേപ്പറമ്പിൽ ആൺവീട്, സിഐഡി ഉണ്ണികൃഷ്ണൻ തുടങ്ങി 90 കളിൽ നിരവധി ഹിറ്റുകൾ രാജസേനൻ സൃഷ്ടിച്ചു. ജയറാം-രാജസേനൻ കൂട്ടുകെട്ട് അന്ന് ഏറെ ശ്രദ്ധ നേടി. സംവിധായകൻ 37 സിനിമകളിൽ 16 സിനിമകളിലും ജയറാമായിരുന്നു നായകൻ.
രാജസേനൻ നായകനായി അഭിനയിച്ച സിനിമയാണ് 2009 ൽ പുറത്തിറങ്ങിയ ഭാര്യ ഒന്ന് മക്കൾ മൂന്ന്. ചിത്രം സംവിധാനം ചെയ്തതും ഇദ്ദേഹമാണ്. സിനിമയെക്കുറിച്ച് രാജസേനൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. നായികയായി അഭിനയിച്ച സിത്താരയെ തൊട്ട് അഭിനയിക്കാൻ താൻ തയ്യാറായില്ലെന്ന് സംവിധായകൻ പറയുന്നു. ഭാര്യ ഒന്ന് മക്കൾ മൂന്നിലാണ് ഞാൻ തിരിച്ച് ഹീറോയായി അഭിനയിക്കുന്നത്. അതിനകത്ത് ഞാൻ എന്റെ റോൾ അടക്കിപ്പിടിച്ചു.

സാലു ജോർജ് ആയിരുന്നു ഫോട്ടോഗ്രഫർ. സ്വാന്തനത്തിന് ശേഷം ഇത്രയും മനോഹരമായ സ്ക്രിപ്റ്റ് ഞാൻ വായിച്ചിട്ടില്ല, പക്ഷെ സേനന്റെ റോൾ സേനൻ ചവിട്ടി വെച്ചിട്ടുണ്ട്, അതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ആ സിനിമയിൽ ഞാൻ സിത്താരയുടെ തോളിൽ പോലും കൈ വെച്ചിട്ടില്ല. സ്നേഹമുള്ള ഭർത്താവും ഭാര്യയും അല്ലേ, പക്ഷെ ഭയങ്കര അകൽച്ചയിലാണല്ലോ സീനുകൾ വരുന്നതെന്ന് മൂന്നോ നാലോ ദിവസം കഴിഞ്ഞപ്പോൾ സിത്താര എന്നോട് ചോദിച്ചു.
സ്നേഹം കാണിക്കാൻ വേണ്ടി തൊടണം എന്നൊന്നുമില്ലെന്ന് ഞാൻ പറഞ്ഞു. സ്ക്രിപ്റ്റിന്റെ ടോട്ടാലിറ്റിയിൽ ആ സ്നേഹം ഉണ്ടാകും. ആ സിനിമയിൽ അതുണ്ട്. അന്ന് സിത്താര ശരി, ഓക്കെയെന്ന് പറഞ്ഞു. ഞാൻ പേടിച്ചിട്ടാണ് തൊടാഞ്ഞത്. ഇവിടെയുള്ള പ്രേക്ഷകരുടെ പ്രശ്നം കൊണ്ടാണ്. സിത്താരയെ കെട്ടിപ്പിടിച്ചുള്ള സീൻ ചെയ്താൽ ഇതിനാണ് സംവിധാനം തുടങ്ങിയതല്ലേ എന്ന് വിളിച്ച് പറഞ്ഞ് കളയും.

പിന്നീട് ചെയ്ത സിനിമയിൽ അത്ര പേടി ഇല്ലായിരുന്നെന്നും രാജസേനൻ വ്യക്തമാക്കി. ഭാര്യ ഒന്ന് മക്കൾ മൂന്ന് കണ്ട പലരും എന്നോട് ഇത്രയും സ്നേഹമുള്ള ഭർത്താവാണോ എന്ന് ചോദിച്ചിട്ടുണ്ട്. അത് ഭാര്യ ലതയോട് തന്നെ ചോദിക്കണമെന്ന് താൻ മറുപടി നൽകിയെന്നും രാജസേനൻ ഓർത്തു. ഞാനും പിന്നൊരു ഞാനും ആണ് രാജസേനന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications











