അടുക്കളയിൽ ക്യാമറ വെച്ചിട്ടുണ്ട്; മറ്റാരും കയറാൻ പാടില്ല; മക്കൾ വളരുമ്പോൾ സ്നേഹം അച്ഛനോട്; രംഭ
തെന്നിന്ത്യൻ സിനിമാ രംഗത്തെ താരറാണിയായിരുന്നു ഒരു കാലത്ത് രംഭ. ഗ്ലാമറസ് റോളുകളിലൂടെ സെൻസേഷനായി മാറിയ രംഭയ്ക്ക് നിരവധി ഹിറ്റ് സിനിമകളിൽ അവസരം ലഭിച്ചു. മികച്ച ഡാൻസർ കൂടിയായ രംഭയ്ക്ക് കരിയറിൽ ഇതും ഗുണം ചെയ്തു. ഹരിഹരന്റെ സർഗം എന്ന മലയാള സിനിമയിലാണ് രംഭ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് അടിമുടി മാറ്റങ്ങളോടെ രംഭ തെലുങ്ക്, തമിഴ് സജീവമായി. താരമായ ശേഷം മലയാളത്തിൽ ചില സിനിമകളിൽ രംഭ അഭിനയിച്ചിട്ടുണ്ട്. കൊച്ചിരാജാവ്, ക്രോണിക് ബാച്ചിലർ തുടങ്ങിയവയാണ് രംഭയുടെ ഹിറ്റ് മലയാള സിനിമകൾ.
വിവാഹശേഷമാണ് രംഭ സിനിമാ രംഗം വിട്ട് കാനഡയിലേക്ക് പോകുന്നത്. ശ്രീലങ്കക്കാരനായ ഇന്ദ്രകുമാർ പത്മനാഥൻ ആണ് രംഭയുടെ ഭർത്താവ്. കാനഡയിലാണ് രംഭയും ഭർത്താവും താമസിക്കുന്നത്. മൂന്ന് മക്കളും ദമ്പതികൾക്കുണ്ട്. കുടുംബ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ രംഭ. സിനെ ഉലഗവുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. മക്കൾ ഏഴ് വയസ് വരെ എന്റെ കൂടെയായിരിക്കും. കുറച്ച് വലുതായാൽ അച്ഛനോട് അടുക്കും.

പക്ഷെ ഭർത്താവുൾപ്പെടെ നാല് പേർക്കും ഞാൻ വേണം. അതിലെനിക്ക് ആത്മവിശ്വാസമുണ്ട്. ഞാനില്ലെങ്കിൽ ഇവരുടെ വണ്ടി ഓടില്ല. ഇന്ത്യയിൽ എല്ലാ വർഷവും രണ്ട് തവണ വരാറുണ്ടെന്നും രംഭ വ്യക്തമാക്കി. നാട്ടിലുള്ള എന്റെ വീട്ടിലും വലിയ കിച്ചണുണ്ട്. പക്ഷെ ഞാനില്ലാത്തപ്പോൾ വീട്ടിലുള്ളവർക്ക് ഉപയോഗിക്കാൻ ഒരു ചെറിയ അടുക്കള പണിതിട്ടുണ്ട്. ക്യാമറ വെച്ചിട്ടുണ്ട്. ആരും എന്റെ അടുക്കളയിലേക്ക് വരാൻ പാടില്ല. എല്ലാ സ്ത്രീകളും അങ്ങനെയായിരിക്കണം. അടുക്കള എന്റെ ടെറിറ്ററിയാണ്.
വീട്ടിൽ താൻ തന്നെയാണ് പാചകം തയ്യാറെന്ന് രംഭ പറയുന്നു. പക്ഷെ വീട്ടിൽ ഭക്ഷണം വെച്ചില്ലെങ്കിലും ഭർത്താവിന് കുഴപ്പമില്ല. ഓർഡർ ചെയ്ത് കഴിക്കും. തന്നെ മനസിലാക്കുന്ന വ്യക്തിയാണ് ഭർത്താവെന്നും രംഭ വ്യക്തമാക്കി. സിനിമാ രംഗത്തേക്ക് കാര്യമായൊന്നും ചെയ്യാനില്ലാത്ത കഥാപാത്രങ്ങളിലൂടെ തിരിച്ച് വരാൻ താൽപര്യമില്ലെന്നും രംഭ വ്യക്തമാക്കി.

സിനിമാ രംഗത്ത് എപ്പോഴും നിലനിൽക്കാൻ താൽപര്യമില്ലായിരുന്നു. പത്ത് വർഷം കരിയറിൽ നിന്നാലും പതിനൊന്നാമത്തെ വർഷം റിട്ടയർ ആകണം. ഏത് പ്രായത്തിലും അഭിനയിക്കാം. അതിന് ലുക്ക് മെയിന്റെയ്ൻ ചെയ്യണം. ഒപ്പം പാഷനും വേണം. ചെന്നെെയിൽ സിനിമാ രംഗത്ത് എല്ലാവരും എനിക്ക് സുഹൃത്തുക്കളാണ്. എനിക്ക് ബെസ്റ്റ് ഫ്രണ്ടൊന്നും ഉണ്ടായിട്ടില്ല. ഞാൻ എല്ലാവരുമായും ഫ്രണ്ട്ലിയാണ്.
ഇന്ന് ആരോടെങ്കിലും ഒത്ത് പോകാൻ പറ്റിയില്ലെങ്കിലും ഞാൻ ശാന്തയാകും. കാരണം അതെനിക്ക് ഇപ്പോൾ പ്രധാനമല്ല. അതിലും വലിയ കാര്യങ്ങളുണ്ട്. കുട്ടികളെ സംബന്ധിച്ച് നമ്മൾ എത്ര വലിയ നടിയോ ബിസിനസുകാരനോ ആയാലും അവർക്ക് നമ്മൾ അച്ഛനും അമ്മയുമാണ്. തന്റെ മക്കൾക്ക് കുടുംബന്ധങ്ങളുടെ മൂല്യവും സംസ്കാരവും പറഞ്ഞ് കൊടുത്തിട്ടുണ്ടെന്നും രംഭ വ്യക്തമാക്കി.
മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ രംഭ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. സിനിമാ രംഗത്ത് നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ് രംഭ. 2010 ലാണ് വിവാഹിതയാകുന്നത്. വിവാഹത്തിന് മുമ്പ് തന്നെ തമിഴകത്ത് നടിയുടെ മാർക്കറ്റിൽ ഇടിവ് വന്നിരുന്നു. എന്നാൽ ഇന്നും രംഭയ്ക്ക് നിരവധി ആരാധകരുണ്ട്.


Click it and Unblock the Notifications