അടുത്ത സുഹൃത്തായ സുബിയുടെ മരണ ശേഷം പോയപ്പോൾ ഞാനും നേരിട്ടു; ഇവരെ നിയന്ത്രിക്കണം: രഞ്ജിനി ഹരിദാസ്
സലിം കുമാറിന്റെ സംസ്കാര ചടങ്ങിൽ ഓൺലെെൻ മീഡിയകൾ ഇടിച്ച് കയറി തിക്കും തിരക്കുമുണ്ടായ സംഭവത്തിൽ പ്രതികരണവുമായി ആങ്കർ രഞ്ജിനി ഹരിദാസ്. മീഡിയകളുടെ കടന്ന് കയറ്റം നിയന്ത്രിക്കേണ്ടതുണ്ടെന്ന് രഞ്ജിനി ഹരിദാസ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
എനിക്ക് പൊതുവെ സംസ്കാര ചടങ്ങുകൾക്ക് പോകാൻ ഇഷ്ടമല്ല. വളരെ ചെറിയ പ്രായത്തിൽ എന്റെ വളരെ ക്ലോസ് ആയ ഫ്രണ്ട് മരിച്ച് പോയി. സ്റ്റാർ സിംഗറിലൊക്കെ വന്ന സമയം. ആൾക്കാർക്ക് എന്നെ പരിചയമുണ്ട്. ഞാൻ ഫ്യൂണറലിന് അകത്തേക്ക് കയറുന്നതിന് മുമ്പ് ഒരാൾ വന്ന് ചേച്ചി ഒരു സെൽഫി എന്ന് ചോദിച്ചു. എന്റെ മൂഡ് വേറെയാണ്. എന്റെ ഫ്രണ്ട് മരിച്ച് കിടക്കുകയാണ്. സോറി, എനിക്കിവിടെ വെച്ച് സെൽഫിയെടുക്കാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞു.
ഇത് പോലെ എന്റെ വളരെ അടുത്ത സുഹൃത്ത് സുബി മരിച്ച സമയം. എന്റെ ഇമോഷൻ ആളുകൾ കാണുന്നത് എനിക്കിഷ്ടമല്ല. അതിനാൽ ഞാനെപ്പോഴും സൺഗ്ലാസ് ധരിക്കും. മാത്രവുമല്ല സുബി ഞാനുമായി വളരെ അടുത്ത ആളാണ്. 15 വയസ് മുതൽ എനിക്കറിയാം. വളരെ ക്ലോസ് ആയി അവളുടെ ജീവിതം അറിയുന്ന ആൾ. കറുത്ത ഗ്ലാസ് വെച്ചാണ് ഞാൻ പോയത്. എന്റെ ഉള്ളിലുള്ള ഇമോഷൻ ഞാനെന്തിന് ആൾക്കാരെ കാണിക്കുന്നു. അതെന്റെ പേഴ്സണൽ ചോയ്സ് അല്ലേ. കുറേ ഓൺലെെൻ മീഡിയകൾ രഞ്ജിനി ഹരിദാസ് കണ്ണാടി വെച്ച് ഫ്യൂണറലിന് എന്ന് കൊടുത്തു. എന്തും കണ്ടന്റാക്കി ഇടുക എന്ന് പറയുന്നത് ശരിയല്ല.

സലിം കുമാർ ഉൾപ്പെടെയുള്ളവർ മരിച്ചത് നമുക്ക് ഇത്രയും ആഴമുള്ള വിഷമമാണെങ്കിൽ അവരുടെ കുടുംബാംഗങ്ങൾക്ക് എങ്ങനെയായിരിക്കും എന്ന് മനസിലാക്കേണ്ട സാമാന്യ ബോധമില്ലാത്ത കുറേ ആൾക്കാരുടെ ഇടയിലാണല്ലോ നമ്മൾ ജീവിക്കുന്നത് ആലോചിക്കുമ്പോൾ ഭയങ്കര സങ്കടമുണ്ട്. ഏറ്റവും ഹർട്ട് ചെയ്തത് ചന്തുവിന്റെ റിയാക്ഷൻ കണ്ടപ്പോഴാണ്. സ്വന്തം മകന് അച്ഛൻ മരിച്ചിട്ട് കരയാൻ പോലും പറ്റാത്ത സാഹചര്യം ഉണ്ടാക്കിക്കൊടുത്തു. കേരളത്തിന്റെ മുഖ്യമന്ത്രി അവിടെയുള്ളവരോട് മാറാൻ പറയുന്നു. അവരൊക്കെ ബൗൺസേർസ് ആകേണ്ട അവസ്ഥ. ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകരുതെന്നും രഞ്ജിനി ഹരിദാസ് പറയുന്നു.
ഓൺലെെൻ മീഡിയകൾക്ക് ഐഡി കാർഡ് വേണമെന്നാണ് രഞ്ജിനി ഹരിദാസ് മുന്നോട്ട് വെക്കുന്ന നിർദ്ദേശം. കഴിഞ്ഞ ദിവസം താൻ നടത്തിയ തുറന്ന് പറച്ചിലുകൾ ഓൺലെെൻ മീഡിയകളിൽ വാർത്തയായതിനെക്കുറിച്ചും രഞ്ജിനി സംസാരിച്ചു. പ്രൊഫഷനുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ അതിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ ആളുകൾക്ക് കൗതുകം തോന്നുന്ന കാര്യങ്ങൾ മാത്രം വാർത്തയാക്കി. സംഗീത രംഗത്ത് നിന്നുള്ളയാളെക്കുറിച്ചും ഒരു നടനെക്കുറിച്ചും പറഞ്ഞതാണ് വാർത്തയായത്. പല തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടു. മാധ്യമങ്ങൾ വിളിച്ച് ബെെറ്റ് ചോദിച്ചു. എന്നാൽ താൻ തയ്യാറായില്ലെന്നും ഇക്കാര്യങ്ങൾ മുമ്പേ പറഞ്ഞതാണെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു. കേരളത്തിലെ ഓൺലെെൻ മീഡിയകളുടെ എണ്ണം വളരെയധികമാണെന്നും രഞ്ജിനി പറയുന്നുണ്ട്. കുറച്ച് നാളുകളായി യൂട്യൂബ് ചാനലിൽ സജീവമാണ് രഞ്ജിനി ഹരിദാസ്. ജീവിതത്തിലെയും കരിയറിലെയും വിശേഷങ്ങൾ രഞ്ജിനി ചാനലിലൂടെ പങ്കുവെക്കാറുണ്ട്.


Click it and Unblock the Notifications