നയൻതാരയ്ക്ക് പത്ത് വയസ് കുറഞ്ഞു; അതോടെ അമ്മ പറഞ്ഞത്; ഡബ്ബിംഗിലെ മാറ്റത്തിന് കാരണം
ലേഡി സൂപ്പർസ്റ്റാർ ആയ നയൻതാരയ്ക്ക് ഇന്ന് കരിയറിൽ കൈനിറയെ അവസരങ്ങളാണ്. റിലീസിനൊരുങ്ങുന്ന ജവാനിൽ ഷാരൂഖ് ഖാനൊപ്പമാണ് നടി അഭിനയിച്ചത്. ജവാന്റെ റിലീസിന് ശേഷം നയൻതാരയുടെ താരമൂല്യം വീണ്ടും കുതിച്ചുയരുമെന്നാണ് സിനിമാ ലോകത്തെ നിരീക്ഷണം. മുൻനിര നായികയാണെങ്കിലും തന്റേതായ ചില പരിമിതികൾ നയൻതാരയ്ക്കുണ്ട്. സ്വന്തം ശബ്ദത്തിൽ നടി അധികം സിനിമകളിൽ ഡബ് ചെയ്തിട്ടില്ല എന്നതാണ് ഇതിലൊരു വിമർശനം.
സൂപ്പർ താരപദവി അലങ്കരിക്കുന്ന മിക്ക നടിമാരും സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്യാറുണ്ട്. താനഭിനയിക്കുന്ന എല്ലാ ഭാഷയിലും സ്വന്തം ശബ്ദം കഥാപാത്രത്തിന് ഉപയോഗിക്കണമെന്ന് അന്തരിച്ച നടി ശ്രീദേവിക്ക് നിർബന്ധം ഉണ്ടായിരുന്നു. ബോളിവുഡിൽ പൊതുവെ സ്വന്തം ശബ്ദം ഉപയോഗിക്കാത്ത നടിമാർക്ക് സ്വീകാര്യത ലഭിക്കാറില്ല. കത്രീന കൈഫിനെ പോലും ഹിന്ദി ഭാഷ പഠിച്ച ശേഷമാണ് ബോളിവുഡ് സ്വീകരിച്ചത്.

എന്നാൽ പൊതുവെ തെന്നിന്ത്യയിൽ ഈ നിർബന്ധം ഇല്ല. തമന്ന, ഹൻസിക, കാജൽ അഗർവാൾ തുടങ്ങിയ മിക്ക നടിമാരും സ്വന്തം ശബ്ദം സിനിമയിൽ ഉപയോഗിക്കാറില്ല. ഇവരിൽ പലർക്കും തമിഴോ, തെലുങ്കോ അറിയുകയും ഇല്ല. എന്നാൽ നയൻതാരയ്ക്ക് ഭാഷ വശമുണ്ട്. എന്നിട്ടും സ്വന്തം ശബ്ദം ഉപയോഗിക്കുന്നില്ലെന്ന് വിമർശകർ പറയാറുണ്ട്. അതേസമയം മികച്ച രീതിയിൽ നയൻതാരയ്ക്ക് ഡബ് ചെയ്ത ഒരുപിടി ഡബ്ബിംഗ് ആർട്ടിസ്റ്റുകളുണ്ട്.
നടി ശ്രീജ രവിയാണ് ഇതിൽ ഒരാൾ. നയൻസിന്റെ കരിയറിന്റെ തുടക്കകാലം മുതൽ മലയാളത്തിൽ നടിക്ക് ഡബ് ചെയ്തത് ശ്രീജ രവിയാണ്. കൗതുകരമെന്നോണം വർഷങ്ങൾക്കിപ്പുറം നയൻതാരയ്ക്ക് അനുയോജ്യമായ ലഭിച്ച മറ്റൊരു ശബ്ദം ശ്രീജയുടെ മകൾ രവീണ രവിയുടേതാണ്. ഭാസ്കർ ദ റാസ്കൽ എന്ന സിനിമയിലുൾപ്പെടെ നയൻതാരയ്ക്ക് ഡബ് ചെയ്തത് രവീണ രവിയാണ്. നയൻതാരയ്ക്ക് ഡബ് ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് രവീണയിപ്പോൾ.

അമ്മ ശ്രീജ രവിയാണ് ഇതിന് കാരണമായതെന്ന് രവീണ പറയുന്നു. മൈൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം. നല്ല ട്രിം ആയിട്ടുണ്ട് നയൻതാര, ഒരു പത്ത് വയസ് പിന്നെയും കുറഞ്ഞത് പോലെയുണ്ട്. അതിനാൽ എന്റെ ശബ്ദം വെച്ച് ട്രെെ ചെയ്യാം എന്ന് അമ്മ പറഞ്ഞു. എനിക്ക് ടെൻഷനായി. നയൻതാര വലിയൊരു താരമാണ്. ആ സിനിമയിൽ ഒരു കുട്ടിയുടെ അമ്മയാണ് നയൻതാര.
ആ പക്വത ശബ്ദത്തിൽ കൊണ്ട് വരേണ്ടിയിരുന്നെന്നും രവീണ വ്യക്തമാക്കി. അവരുടെ തുടക്കകാലം മുതൽ അമ്മ ഡബ് ചെയ്തിട്ടുണ്ട്. ആ താരതമ്യം ഉണ്ടാകുമെന്ന് ഉറപ്പാണ്. ഡബ് ചെയ്ത് മോശമാകാൻ പാടില്ലെന്ന ടെൻഷൻ ഉണ്ടായിരുന്നു. സിദ്ദിഖ് സർ തന്ന ആത്മവിശ്വാസം തനിക്ക് ധൈര്യമായെന്നും രവീണ രവി പറഞ്ഞു. 2015 ലാണ് ഭാസ്കർ ദ റാസ്കൽ എന്ന സിനിമ പുറത്തിറങ്ങുന്നത്. മമ്മൂട്ടിയും നയൻതാരയുമാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്.
ഡബ്ബിംഗിന് പുറമെ അഭിനയത്തിലും രവീണ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ മാമന്നൻ എന്ന ചിത്രത്തിൽ രവീണ രവി ചെയ്ത വേഷം ശ്രദ്ധ നേടി. ജ്യോതി എന്ന കഥാപാത്രത്തെയാണ് രവീണ അവതരിപ്പിച്ചത്. ഫഹദ് ചെയ്ത രത്നവേൽ എന്ന കഥാപാത്രത്തിന്റെ ഭാര്യയായാണ് രവീണ ഈ ചിത്രത്തിലെത്തിയത്. വളരെ കുറച്ച് സീനുകൾ മാത്രമേ രവീണയ്ക്ക് ചിത്രത്തിൽ ഉള്ളൂയെങ്കിലും ഈ സീനുകൾ ശ്രദ്ധ നേടി.


Click it and Unblock the Notifications