'അവൾ പൊസസീവാണ്; സുഹൃത്തുക്കളോട് സംസാരിച്ചാൽ ദേഷ്യം'; വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ രവീന്ദർ
തമിഴ് ടെലിവിഷൻ രംഗത്ത് വലിയ വാർത്തയായ സംഭവമാണ് നടി മഹാലക്ഷ്മിയും നിർമാതാവ് രവീന്ദർ ചന്ദ്രശേഖറും തമ്മിലുള്ള വിവാഹം. വിവാഹ ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെ ദമ്പതികൾ വ്യാപക സൈബറാക്രമണത്തിന് ഇരയായി. രവീന്ദറിന്റെ ശരീരഭാരത്തെ കളിയാക്കിക്കൊണ്ടായിരുന്നു അധിക്ഷേപങ്ങൾ. രവീന്ദറിന്റെയും മഹാലക്ഷ്മിയുടെയും ആദ്യ വിവാഹബന്ധം പരാജയപ്പെടുകയായിരുന്നു. ആദ്യ വിവാഹത്തിൽ മഹാലക്ഷ്മിക്ക് ഒരു മകനുമുണ്ട്.
പണം മാത്രം ലക്ഷ്യം വെച്ചാണ് മഹാലക്ഷ്മി ഈ വിവാഹത്തിന് തയ്യാറായതെന്ന കുറ്റപ്പെടുത്തലുകൾ വന്നു. എന്നാൽ ഇത്തരം അധിക്ഷേപങ്ങളൊന്നും രവീന്ദറോ മഹാലക്ഷ്മിയോ കാര്യമാക്കിയില്ല. തങ്ങളുടെ സന്തോഷകരമായ കുടുംബ ജീവിതത്തിലൂടെ പരിഹസിക്കുന്നവർക്ക് ഇരുവരും മറുപടി നൽകി. സോഷ്യൽ മീഡിയയിൽ സജീവമാണ് രവീന്ദറും മഹാലക്ഷ്മിയും. ഒരുമിച്ചുള്ള ചിത്രങ്ങൾ കൂടുതലും പങ്കുവെക്കാറ് രവീന്ദറാണ്.

അടുത്തിടെ ഇരുവരും വേർപിരിയുന്നെന്ന അഭ്യൂഹം തമിഴ് മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പൊതുവെ ഭാര്യക്കൊപ്പമുള്ള ഫോട്ടോകൾ പങ്കുവെക്കുന്ന രവീന്ദർ ഒറ്റയ്ക്കുള്ള ഫോട്ടോ പങ്കുവെച്ചതോടെയാണ് ഇത്തരം അഭ്യൂഹങ്ങൾ പ്രചരിച്ചത്. കുറച്ച് ദിവസങ്ങൾക്കുള്ളിൽ രവീന്ദർ ഇക്കാര്യത്തിൽ വ്യക്തത വരുത്തി. തങ്ങൾക്കിടയിൽ പ്രശ്നങ്ങളില്ലെന്നും സന്തോഷകരമായി ജീവിക്കുകയാണെന്നും രവീന്ദർ തുറന്ന് പറഞ്ഞു.
ഇപ്പോഴിതാ ഭാര്യയുടെ സ്നേഹത്തെക്കുറിച്ച് സംസാരിക്കുകയാണ് രവീന്ദർ. മഹാലക്ഷ്മി വളരെ പൊസസീവ് ആണ്. അവളുടെ സുഹൃത്തുക്കളോട് ഞാൻ സംസാരിക്കുന്നത് കണ്ടാൽ അവൾക്ക് ദേഷ്യം വരും. ഈ ഒരു കാര്യത്തിൽ മാത്രമാണ് വഴക്കുണ്ടാവുന്നത്. മറ്റ് വഴക്കുകളൊന്നും അധിക സമയം നിലനിൽക്കാറില്ലെന്ന് രവീന്ദർ വ്യക്തമാക്കി.
സീരിയൽ രംഗത്ത് ഇപ്പോഴും സജീവമാണ് മഹാലക്ഷ്മി. രവീന്ദറിന്റെ പണം മോഹിച്ച് ഭാര്യയായി എന്ന ആക്ഷേപത്തിന് നേരത്തെ നടി മറുപടി നൽകിയിട്ടുണ്ട്. സാമ്പത്തിക ഭദ്രതയുള്ള വ്യക്തിയാണ് താനെന്നും മകനെ ഒറ്റയ്ക്ക് വളർത്താനുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നെന്നും മഹാലക്ഷ്മി പറഞ്ഞു.
രവീന്ദർ ആദ്യം പ്രൊപ്പോസ് ചെയ്തപ്പോൾ മഹാലക്ഷ്മി നിരസിക്കുകയാണുണ്ടായത്. എന്നാൽ പിന്നീട് ഇരുവരും സുഹൃത്തുക്കളായി. വിവാഹത്തിന് നടി സമ്മതിക്കുകയും ചെയ്തു. വിവാഹ ശേഷം വന്ന ബോഡി ഷെയ്മിംഗ് കമന്റുകളോട് രവീന്ദറും മഹാലക്ഷ്മിയും പ്രതികരിച്ചിരുന്നു. ഭർത്താവിന്റെ ശരീരഭാരം തന്നെ ആശങ്കപ്പെടുത്തിയിട്ടില്ല. ആരോഗ്യസംബന്ധമായ കാരണങ്ങൾ കൊണ്ടല്ലാതെ തനിക്ക് വേണ്ടി വണ്ണം കുറയ്ക്കേണ്ടെന്നാണ് ഭർത്താവിനോട് പറഞ്ഞത്.

തന്റെ ഭർത്താവിനെ മാത്രമല്ല, ആരെയും ശരീരത്തിന്റെ പേരിൽ കളിയാക്കരുതെന്നും മഹാലക്ഷ്മി വ്യക്തമാക്കി. വിവാഹം ചെയ്യുമ്പോൾ തന്റെ ശരീരഭാരത്തിൽ ആത്മവിശ്വാസക്കുറവ് തോന്നിയിരുന്നെന്ന് രവീന്ദർ മുമ്പ് തുറന്ന് പറഞ്ഞിട്ടുണ്ട്. വിവാഹത്തിന് മുമ്പ് വിദേശത്ത് പോയി വണ്ണം കുറയ്ക്കാമെന്ന് പറഞ്ഞതാണ്. എന്നാൽ മഹാലക്ഷ്മിയാണ് അതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞതെന്നും അന്ന് രവീന്ദർ ഓർത്തു.
വിവാഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അടുത്തിടെ രവീന്ദർ സംസാരിച്ചു. ഒരു വ്യക്തിക്ക് ജീവിതം ആസ്വദിക്കണമെങ്കിൽ ഇഷ്ടപ്പെടുന്ന പെണ്ണ് കൂടെ വേണം. അങ്ങനെയാെരു ജീവിതം വിവാഹത്തിലൂടെ മാത്രമേ ലഭിക്കൂ. ലിവിംഗ് ടുഗെദറിൽ ഉത്തരവാദിത്വമില്ല. വിവാഹമെന്നത് രണ്ട് വ്യക്തികൾക്കൊപ്പം കുടുംബങ്ങൾ ഒന്നിക്കുന്ന സമ്പ്രദായമാണെന്നും രവീന്ദർ അഭിപ്രായപ്പെട്ടു.
2013 ൽ 'സുട്ട കഥൈ' എന്ന സിനിമയിലൂടെയാണ് രവീന്ദർ സിനിമാ നിർമാണ രംഗത്തേക്ക് കടക്കുന്നത്. പിന്നീട് ഒരുപിടി തമിഴ് സിനിമകൾ ഇദ്ദേഹം നിർമ്മിച്ചു. 'നളനും നന്ദിനിയും', 'കോലെെ നോക്ക് പാർവെ', 'കല്യാണം' തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. 2022 ൽ സംവിധാന രംഗത്തേക്കും രവീന്ദർ കടന്ന് വന്നു. 'മാർക്കണ്ഡേയ മഗലിർ കല്ലൂരിയം' എന്ന സിനിമയാണ് രവീന്ദർ സംവിധാനം ചെയ്തത്.


Click it and Unblock the Notifications











