വൈകിയാണ് അമ്മയായത്; നീയാണ് തീരുമാനം എടുക്കേണ്ടതെന്ന് അമ്മ; ചോദ്യങ്ങൾ ഉണ്ടായിരുന്നെന്നും രേവതി
അഭിനയവും സംവിധാനവും സിനിമാ സംഘടനാ പ്രവർത്തനങ്ങളുമൊക്കെയായി സിനിമാ രംഗത്ത് സജീവമാണ് രേവതി. എൺപതുകളിലെ തിരക്കേറിയ നായിക നടിയായിരുന്ന രേവതി ഇന്ന് മുതിർന്ന താരമെന്ന നിലയിൽ സിനിമാ രംഗത്തെ തന്റെ ഉത്തരവാദിത്വങ്ങൾ മനസിലാക്കുന്നു. നടിമാർ നേരിടുന്ന പ്രശ്നങ്ങൾ തുറന്ന് സംസാരിക്കാൻ രേവതി മടിച്ചിട്ടില്ല. കരിയറിനപ്പുറം തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് രേവതി അപൂർവമായേ സംസാരിക്കാറുള്ളൂ. അമ്മയായതിനെക്കുറിച്ചും മാതൃത്വത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണിപ്പോൾ രേവതി.
തന്റെ സിനിമകളിലെ അമ്മമാരെക്കുറിച്ച് സംസാരിക്കവെയാണ് പരാമർശം. ആരും പെർഫെക്ട് അല്ല. എല്ലാ സ്ത്രീകളും അമ്മയാകുന്നത് അവരുടെ ജീവിതത്തിൽ ആദ്യമായാണെന്ന് രേവതി ചൂണ്ടിക്കാട്ടി. അവരും പഠിക്കുകയാണ്. പക്ഷെ അമ്മമാരെ ജഡ്ജ് ചെയ്യുന്നതിനെക്കുറിച്ച് നമ്മൾ വലിയ ബഹളം വെക്കുന്നുണ്ടെന്ന് തോന്നുന്നു. ഞാനും വൈകിയാണ് അമ്മയായത്. എന്റെ ചുറ്റുമുള്ള എല്ലാവരും വളരെ സപ്പോർട്ട് നൽകി.

അമ്മമാരോട് ജഡ്ജ്മെന്റലാകുന്നതിന് കാരണം സമൂഹത്തിലെ ചില സമ്പ്രദായങ്ങളാണ്. പക്ഷെ എനിക്ക് ചുറ്റുമുള്ളവർ വലിയ പിന്തുണ നൽകി. പ്രത്യേകിച്ചും എന്റെ അമ്മ. അമ്മ അവരുടെ അമ്മയുടെ ഒരു ഗൈഡൻസും ഇല്ലാതെയാണ് ഞങ്ങളെ വളർത്തിയത്. കാരണം അമ്മയുടെ അമ്മ മരിച്ച് പോയിരുന്നു. അമ്മയുടെ ഹൃദയം പറഞ്ഞത് പോലെയാണ് ഞങ്ങളെ വളർത്തിയത്. അത് തന്നെയാണ് അമ്മ എന്നോടും പറഞ്ഞത്. നീയാണ് അമ്മ, നീ തീരുമാനം എടുക്കെന്ന്. നമ്മുടെ വ്യക്തിത്വമാണ് കുഞ്ഞിനെ വളർത്തുന്നതിൽ പ്രധാനമെന്നും രേവതി അഭിപ്രായപ്പെട്ടു. എബിപി ചാനലിനോടാണ് പ്രതികരണം.
അമ്മയാകാൻ വൈകിയ സമയത്ത് എപ്പോഴാണ് ഗുഡ് ന്യൂസ് തരികയെന്നൊക്കെയുള്ള അന്വേഷണങ്ങൾ വന്നില്ലേയെന്ന ചോദ്യത്തിന് തുടക്കത്തിൽ ചോദിക്കുമായിരുന്നു, പക്ഷെ അന്ന് വർക്ക് ഔട്ട് ആയില്ലെന്ന് രേവതി മറുപടി നൽകി. മഹി എന്നാണ് രേവതിയുടെ മകളുടെ പേര്. 2018 ലാണ് തനിക്കൊരു പെൺകുഞ്ഞുണ്ടെന്ന കാര്യം രേവതി തുറന്ന് പറഞ്ഞത്. ഐവിഎഫിലൂടെയാണ് രേവതി ഗർഭം ധരിച്ചത്.

മകളുടെ സ്വകാര്യത പരിഗണിച്ച് ലൈം ലൈറ്റിൽ നിന്ന് മാറ്റി നിർത്തുന്ന രേവതി മഹിയുടെ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറില്ല. നവജാത ശിവുവിനെ ദത്തെടുക്കാനുളള അവസരം ലഭിച്ചില്ല. ഇതോടെയാണ് ഐവിഎഫ് മാർഗം സ്വീകരിച്ചതെന്ന് നേരത്തെ രേവതി തുറന്ന് പറഞ്ഞിട്ടുണ്ട്. അടുത്തിടെ നൽകിയ മറ്റൊരു അഭിമുഖത്തിലും രേവതി മകളെക്കുറിച്ച് സംസാരിച്ചു. മകളുടെ ജനനമാണ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അനുഭവം.
എത്രയോ വർഷങ്ങളായി ആഗ്രഹിച്ച് എനിക്ക് സംഭവിച്ചതാണ് മകളുടെ ജനനം. തന്റെ ജീവിതം എന്നത്തേക്കുമായി മകൾ മാറ്റി. മഹിയുടെ മുഖം ആദ്യമായി കണ്ട നിമിഷം മറക്കാൻ പറ്റില്ലെന്നും രേവതി വ്യക്തമാക്കി. സംവിധായകനും സിനിമാട്ടോഗ്രാഫറുമായ സുരേഷ് ചന്ദ്ര മേനോനായിരുന്നു രേവതിയുടെ ഭർത്താവ്. 1986 ലാണ് ഇവർ വിവാഹിതരായത്. 2002 ൽ അകന്ന ഇരുവരും 2013 ൽ വിവാഹ മോചനം നേടി.
സലാം വെങ്കിയാണ് രേവതി അടുത്തിടെ സംവിധാനം ചെയ്ത സിനിമ. കജോൾ നായികയായ ബോളിവുഡ് ചിത്രത്തിൽ ആമിർ ഖാൻ അതിഥി വേഷത്തിലെത്തി. മലയാളത്തിൽ ഭൂതകാലം എന്ന സിനിമയിലാണ് രേവതി അവസാനമായി അഭിനയിച്ചത്. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ഈ സിനിമയിലൂടെ രേവതി സ്വന്തമാക്കി. രേവതിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications