മലയാളത്തിൽ രണ്ട് മൂന്ന് സിനിമകൾ നയൻതാര ചെയ്തു, പക്ഷെ സംഭവിച്ചത്; പഴയ മാർക്കറ്റില്ലെന്ന് ശാന്തിവിള ദിനേശ്
സിനിമാ രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത പല നടിമാരുണ്ടെങ്കിലും സൂപ്പർതാര പദവികൾ ലഭിച്ചത് ചുരുക്കം നടിമാർക്കാണ്. നയൻതാര, മഞ്ജു വാര്യർ എന്നിവർക്കാണ് ലേഡി സൂപ്പർസ്റ്റാർ പദവി ലഭിച്ചത്. എന്നാൽ ഈ ഖ്യാതിയോട് രണ്ട് പേർക്കും താൽപര്യമില്ല. ലേഡി സൂപ്പർസ്റ്റാറെന്ന് വിളിക്കേണ്ടെന്ന് മഞ്ജുവും നയൻതാരയും ഒന്നിലേറെ തവണ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇരുവർക്കുമുള്ള ജനസ്വീകാര്യത അത്രത്തോളമാണ്. ഇപ്പോഴിതാ മഞ്ജു വാര്യരെയും നയൻതാരയെയും കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
നയൻതാരയ്ക്ക് ഇന്ന് പഴയ മാർക്കറ്റ് സിനിമാ ലോകത്ത് ഇല്ലെന്ന് ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടു. ഭട്ടതിരിയുടെ മകൻ എഡിറ്റർ അപ്പു സംവിധാനം ചെയ്ത പടം മൂന്നാമത്തെ ദിവസമാണ് ഹോൾഡ് ഓവറായത്. നയൻതാരയായിരുന്നു നായിക. അടുത്ത കാലത്ത് നയൻതാര ഇവിടെ വന്ന് രണ്ട് മൂന്ന് പടം ചെയ്തു. ഒന്നിനും പത്ത് പൈസ കിട്ടിയില്ല. തമിഴ്നാട്ടിൽ ഇപ്പോൾ നയൻതാരയ്ക്ക് പഴയ മാർക്കറ്റില്ല. താരമായി നയൻതാരയെ എന്തിനാണ് പറയുന്നത്. വിജയശാന്തി ഉണ്ടായിരുന്നില്ലേ.

ദക്ഷിണേന്ത്യയിലെ നാല് ഭാഷകളും അടക്കി വാണ നടി. വിജയശാന്തിയുടെ ഡേറ്റ് കിട്ടാൻ വേണ്ടി നിർമാതാക്കൾ പരക്കം പാഞ്ഞ കാലമുണ്ട്. ആരെങ്കിലും വിജയശാന്തിയെ വളർത്തിയെടുത്തതാണോ. അവർ ചെയ്ത ചില വേഷങ്ങൾ കൊളുത്തിയതാണ്. മലയാളത്തിൽ നടിമാരിൽ മഞ്ജു വാര്യരുടെ സിനിമകൾക്ക് പോലും സാമ്പത്തിക നേട്ടമുണ്ടാകുന്നില്ലെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടു.
വർത്തമാന മലയാള സിനിമയിൽ ഒഴിച്ച് കൂടാൻ പറ്റാത്ത അത്രയും നല്ല അഭിനേത്രിയാണ് മഞ്ജു വാര്യർ. അവർക്ക് പോലും ബിസിനസ് വാല്യു ഇല്ലാത്തപ്പോൾ മറ്റ് നടിമാർക്ക് ഉണ്ടാകുമോയെന്ന് ശാന്തിവിള ദിനേശ് ചോദിച്ചു. ദ ന്യൂസ് ടെർമിലനിന് നൽകിയ അഭിമുഖത്തിലാണ് ഒരിക്കൽ ശാന്തിവിള ദിനേശ് അഭിപ്രായങ്ങൾ പങ്കുവെച്ചത്.

അതേസമയം തമിഴകത്ത് ഇന്നും നയൻതാരയ്ക്ക് തന്റെതായ സ്ഥാനമുണ്ട്. പക്ഷെ ജവാൻ ഒഴിച്ച് താരത്തിന്റെ അടുത്ത കാലത്തിറങ്ങിയ സിനിമകൾക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. കരിയറിൽ ശക്തമായ തിരിച്ച് വരവ് താരത്തിന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നയൻതാര. മലയാളത്തിൽ ഗോൾഡ് ആണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. പൃഥിരാജ് നായകനായ ചിത്രത്തിന് റിലീസിന് മുമ്പ് വലിയ ഹൈപ്പ് ലഭിച്ചെങ്കിലും പ്രേക്ഷകരെ നിരാശപ്പെടുത്തി. ഗോൾഡിന് മുമ്പ് നയൻതാര ചെയ്ത നിഴൽ എന്ന മലയാള സിനിമയും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.
ഡിയർ സ്റ്റുഡന്റ്സ്, പേര് പ്രഖ്യാപിച്ചിട്ടില്ലാത്ത മഹേഷ് നാരായണൻ ചിത്രം എന്നിവയാണ് നയൻതാരയുടെ വരാനിരിക്കുന്ന മലയാള സിനിമകൾ. നിവിൻ പോളിയാണ് ഡിയർ സ്റ്റുഡന്റ്സിലെ നായകൻ. ഇരുവരും നേരത്തെ ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മഹേഷ് നാരായണൻ ചിത്രത്തിൽ മോഹൻലാൽ, മമ്മൂട്ടി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങി വലിയ താര നിര അണിനിരക്കുന്നുണ്ട്.


Click it and Unblock the Notifications