'സോമന് രാവിലെ ചായ കുടിക്കുന്ന പോലെ മദ്യം; മദ്യപിച്ച മധുവിന്റെ വാതിലിൽ മുട്ടാൻ ആർക്കും ധൈര്യമില്ല'
സിനിമാ താരങ്ങളുടെ ജീവിതം പലപ്പോഴും സിനിമകളേക്കാൾ നാടകീയത നിറഞ്ഞതായി മാറാറുണ്ട്. നടീ നടൻമാരുടെ ജീവിതത്തിലെ ഉയർച്ചകളും താഴ്ചകളും എപ്പോഴും ചർച്ചയാവാറുണ്ട്. മദ്യപാനം മൂലം ജീവിതത്തിലും കരിയറിലും പ്രശ്നങ്ങൾ നേരിട്ടവരും ഏറെയാണ്. മദ്യപാനം മൂലം ജീവിതം നഷ്ടപ്പെട്ട ചില താരങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശൻ. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'രസകരമായി മദ്യപിക്കുന്നത് കണ്ടത് ജെസി സാറിനെ മാത്രമാണ്. പക്ഷെ ജെസി സാറിന് മുന്നിലിരുന്ന് എംജി സോമൻ മട മടാ കഴിക്കും. സഹികെടുമ്പോൾ സാർ ചോദിക്കും. സോമൂ നീ ആരോടാ ഈ വാശി തീർക്കുന്നത്, ഇതെന്ത് കഴിപ്പാണ് നീ കഴിക്കുന്നതെന്ന്'
'സോമേട്ടന് അതൊരു പ്രശ്നമേ അല്ല. രാവിലെ എണീക്കുമ്പോൾ കണ്ണ് തുറക്കാൻ വേണ്ടി നമ്മൾ ചായകുടിക്കുമ്പോൾ തുടങ്ങുന്നതാണ് സോമേട്ടൻ. എത്ര കഴിച്ചാലും നമുക്ക് മനസ്സിലാവുകയുമില്ല. കാരണം എപ്പോഴും കിറുങ്ങിയിരിക്കുന്ന കണ്ണാണ്. മാത്രമല്ല സോമേട്ടന് മാത്രം ദൈവം കൊടുത്ത വരദാനമാണ് സോമേട്ടന്റെ അടുത്ത് നിന്നാൽ മദ്യത്തിന്റെ മരണം വരില്ല. സോമേട്ടനും നിയന്ത്രണമില്ലാതെ മദ്യപിച്ചാണ് അകാലത്തിൽ പോയത്'

'90 വയസ്സായി മധു സാറിന്. പ്രതാപിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ മദ്യപാനത്തിന്റെ കഥ കേട്ടാൽ ഞെട്ടിപ്പോവും സാർ മദ്യപിച്ചാൽ രണ്ടോ മൂന്നോ ദിവസം ഹോട്ടലിലെ റൂം തുറക്കില്ല. ഒരു റൂം ബോയ്ക്ക് പോലും റൂമിൽ മുട്ടാൻ ധൈര്യമില്ല'
'മുട്ടിയാൽ അടിയുറപ്പാണ്. രണ്ട് മൂന്നും ദിവസം മദ്യപിച്ച് അബോധാസ്ഥയിൽ ഹോട്ടൽ മുറിയിൽ കിടക്കുമായിരുന്നെന്ന് അനുഭവസ്ഥർ പറയുന്നു. നസീർ സാറും മദ്യപിക്കുമായിരുന്നു. പക്ഷെ ഒരു പെഗൊക്കെ. 63ം വയസ്സിൽ അദ്ദേഹം പോയത് മദ്യപാനം കൊണ്ടല്ല'

'കൊല്ലത്ത് ഷൂട്ടിംഗിന് വന്ന കൊട്ടാരക്കര ശ്രീധരൻ നായർ ബാലചന്ദ്ര മേനോനോട് വാശിപിടിച്ചു. തിയറ്ററിൽ കളിക്കുന്ന ചെമ്മീൻ കാണാൻ രണ്ട് പേർക്കും കൂടി പോവണമെന്ന്'
'ചെമ്പൻകുഞ്ഞിനെ അനശ്വരമാക്കിയ കൊട്ടാരക്കരയോടൊപ്പം ചെമ്മീൻ സിനിമ കാണുന്നത് രസമായിരിക്കുമെന്ന് പത്രപ്രവർത്തകനും കൂടിയായ ബാലചന്ദ്രമേനോന് തോന്നുകയും രണ്ട് പേരും കൂടി സിനിമ തിയറ്റിൽ പോയി കാണുകയും ചെയ്തു. ചെമ്പൻകുഞ്ഞ് കസറുന്ന സീൻ കാണവെ കൊട്ടാരക്കരയുടെ കണ്ണിൽ നിന്ന് നീർച്ചാലുകൾ ഒഴുകുകയാണ്'

'സിനിമ പകുതി കണ്ട് തിരിച്ച് പോവാമെന്ന് പറഞ്ഞു. തിരിച്ച് ഹോട്ടലിൽ വന്ന് കണ്ണാടിയിൽ നോക്കി പൊട്ടിക്കരയുന്ന പോലെയോ അലറുന്ന പോലെയോ എടാ ശ്രീധരാ, കണ്ടില്ലേ ആ സിനിമയിൽ നീ ആരായിരുന്നു'
'എവിടെ പോയെടാ നിന്റെ ശരീരം ഉണക്കി വാട്ടി എടുത്തില്ലേ നിന്റെ ശരീരം എന്ന് പറഞ്ഞ് കൊട്ടാരക്കര പൊട്ടിക്കരഞ്ഞു. അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ട് മദ്യത്തിന് വേണ്ടി കാശ് കൈയിലില്ലാതെ കൊട്ടാരക്കര കടന്ന് പോയത് ഞാനെവിടെയോ വായിച്ചിട്ടുണ്ട്'

'ഒരുപാട് കാലം കൊട്ടാരക്കര ശ്രീധരൻനായർ നമ്മളോടൊപ്പം ഉണ്ടാവേണ്ടതായിരുന്നു. അമിതമായ മദ്യപാനം മൂലമാണ് അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചതും അകാലത്തിൽ വിടപറഞ്ഞതും,' ശാന്തിവിള ദിനേശൻ പറഞ്ഞു.
സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പേർ മദ്യപാനം മൂലം കരൾ രോഗം വന്നാണ് മരണപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications