തിലകനെ വിലക്കിയത് ഗതികേട് കൊണ്ടാണ്; പ്രേം നസീറിന്റെ വീടിന് സംഭവിച്ചത്; ശാന്തിവിള ദിനേശ്
മലയാള സിനിമാ രംഗത്ത് താരങ്ങൾക്കെതിരെ രൂക്ഷ പ്രതികരണം നടത്തുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. നിരവധി സിനിമകളിൽ സഹസംവിധായകനായ പ്രവർത്തിച്ച ശാന്തിവിള ദിനേശ് ബംഗ്ലാവിൽ ഔത എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനുമായി. അടുത്തിടെ മലയാള സിനിമാ രംഗത്തുണ്ടായ നിരവധി പ്രശ്നങ്ങളിൽ ശാന്തിവിള ദിനേശ് തന്റെ അഭിപ്രായം തുറന്നടിച്ചിട്ടുണ്ട്.
സിനിമാ രംഗത്തെ ലഹരി ഉപയോഗം, യുവ താരങ്ങൾക്കെതിരെ വന്ന ആക്ഷേപങ്ങൾ തുടങ്ങിയ വിഷയങ്ങളിലെല്ലാം ശാന്തിവിള ദിനേശ് പ്രതികരിച്ചു. അടുത്തിടെ ഷെയ്ൻ നിഗം ശ്രീനാഥ് ഭാസി എന്നിവർക്കെതിരെ രൂക്ഷമായ സിനിമാ സംഘടനകൾ വിലക്ക് പ്രഖ്യാപിച്ച സമയത്തും ശാന്തിവിള ദിനേശ് രംഗത്തെത്തി. വിലക്കിനെ പിന്തുണച്ച സംവിധായകൻ ഷെയ്ൻ നിഗത്തിനെതിരെ സംസാരിക്കുകയും ചെയ്തു.

ഇപ്പോൾ ഷെയ്ൻ നിഗത്തിനും ശ്രീനാഥ് ഭാസിക്കുമെതിരെയുള്ള വിലക്ക് നീക്കിയതിനെക്കുറിച്ച് സംസാരിക്കുകയാണ് ശാന്തിവിള ദിനേശ്. വിലക്ക് നീക്കിയത് നല്ല തീരുമാനമാണെന്ന് ശാന്തിവിള ദിനേശ് പറയുന്നു. രണ്ട് പേരും ഇനിയെങ്കിലും പ്രശ്നങ്ങളുണ്ടാക്കാതെ മുന്നോട്ട് പോകട്ടെ. ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണ്. രണ്ട് വിലക്കുകൾ ഇവർക്ക് വന്നെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി. തിലകൻ ഉൾപ്പെടെയുള്ള താരങ്ങളെ സംഘടനകൾ വിലക്കിയ സാഹചര്യത്തെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു.
'തിലകന്റെയും കാര്യമായാലും സിനിമാ സംഘടനകൾ പാെറുത്ത് നിവൃത്തിയില്ലാതായപ്പോഴാണ് വിലക്കുന്നത്. പുറമേക്ക് പറയുന്നത് കേട്ട് വിശ്വസിക്കരുത്. തീരെ ഗതി കെട്ടിരുന്നു. ഫെഫ്കയുടെ നേതാവായ ബി ഉണ്ണികൃഷ്ണൻ ഗുണ്ടാ നേതാവാണെന്ന് തിലകൻ പ്രസംഗിച്ചു. മോഹൻലാലിനെക്കുറിച്ച് വളരെ മോശമായി സംസാരിച്ചു. അതിർവരമ്പ് ലംഘിച്ചപ്പോഴാണ് വിലക്ക് വന്നത്'

ഈ ഓണനാളിൽ കേട്ട ഏറ്റവും നല്ല വാർത്ത ഷെയ്ൻ നിഗത്തിന്റെയും ശ്രീനാഥ് ഭാസിയുടെയും വിലക്ക് നീക്കിയെന്നതാണെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടൻ പ്രേം നസീറിന്റെ ലൈല കോട്ടേജ് എന്ന വീട് മുമ്പൊരിക്കൽ വിൽപ്പനയ്ക്ക് വെച്ച സാഹചര്യത്തെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിച്ചു.
ചിറയൻകീഴിൽ അദ്ദേഹത്തിന്റെ സ്വപ്ന വീടായ ലൈല കോട്ടേജ് വിൽപ്പനയ്ക്ക് വെച്ചെന്ന് വാർത്ത വന്നു. അങ്ങനെ വിറ്റ് പോകാനുള്ളതല്ല വീടെന്ന് പറഞ്ഞ് നാട്ടുകാർ ഇളകി. സർക്കാർ ലൈല കോട്ടേജ് വാങ്ങി സംരക്ഷിത സ്മാരകമായി നിലനിർത്തണം, അല്ലെങ്കിൽ അമ്മ എന്ന സംഘടന ഈ കെട്ടിടം വാങ്ങണം എന്ന ആവശ്യമുയർന്നു.
നസീർ സാറിനെ മലയാളികൾ എത്ര സ്നേഹത്തോടെ കാണുന്നു എന്ന് ഈ പ്രശ്നം നമ്മളെ വീണ്ടും ബോധ്യപ്പെടുത്തി. ആരായാലും നല്ല കാശ് തന്നാൽ അപ്പോൾ കരാറെഴുതാം എന്ന് പ്രേം നസീറിന്റെ പ്രേം നസീറിന്റെ കൊച്ചുമകൾ അമേരിക്കയിൽ നിന്ന് പറയുന്നു എന്നൊക്കെ അക്കാലത്ത് വാർത്തകൾ സജീവമായി വന്നു.
റീത്ത എന്ന മകളുടെ മകൾ രേഷ്മയ്ക്കാണ് വീടിന്റെ അവകാശം. അവർ അമേരിക്കയിലേക്ക് കുടിയേറിയതാണ്. എന്നാൽ പിന്നീട് വീട് വിൽക്കുന്നില്ലെന്ന് വ്യക്തമാക്കി മകൾ റീത്ത വാർത്ത നിഷേധിച്ചു. ലൈല കോട്ടേജ് പ്രേം നസീറിന്റെ കൊച്ചുമകൾ പുതുക്കി പണിയുന്നുണ്ടെന്നും ശാന്തിവിള ദിനേശ് പറയുന്നു. കൊച്ചുമകളുടെ തീരുമാനത്തെ നമസ്കരിക്കുന്നെന്നും ഇദ്ദേഹം വ്യക്തമാക്കി.
അറുപത് വർഷം പഴക്കമുള്ളതാണ് പ്രേം നസീറിന്റെ ചിറയൻകീഴുള്ള വീട്. നസീറിന്റെ മൂന്ന് മക്കളിൽ ഇളയ മകൾ റീത്തയ്ക്കാണ് ഈ വീടിന്റെ അവകാശം ലഭിച്ചത്. റീത്ത ഇത് മകൾക്ക് നൽകി. കഴിഞ്ഞ വർഷമാണ് വീട് വിൽക്കുന്നെന്ന വാർത്തകൾ പ്രചരിച്ചത്. എന്നാൽ പ്രേം നസീറിന്റെ ബന്ധുക്കൾ വാർത്ത നിഷേധിച്ചു.


Click it and Unblock the Notifications