'പൊട്ടിക്കരഞ്ഞ സൂപ്പർതാരങ്ങൾ തിരിഞ്ഞ് നോക്കിയില്ല; കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് തുണയായത് ദിലീപ്'
കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ നടന്റെ കുടുംബത്തെ സഹായിക്കാമെന്നറിയിച്ച് സുരാജ് വെഞ്ഞാറമൂട് അടക്കമുള്ളവർ രംഗത്ത് വന്നിട്ടുണ്ട്. സുധിക്ക് വീട് വെച്ച് നൽകുമെന്നാണ് സുരാജ് വ്യക്തമാക്കിയത്. ഇതിനിടെ സുധിക്ക് വീട് വെച്ച് നൽകുമെന്ന് ഫ്ലവേഴ്സ് ചാനലും പ്രഖ്യാപിച്ചു. സുധിയുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്നും ചാനൽ അറിയിച്ചു. സുധിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായൊരു വീട്.
എല്ലാവരും സഹായവാഗ്ദാനം നൽകി ഒടുവിൽ ആരുടെയും സഹായം ലഭിക്കാത്ത അവസ്ഥ സുധിയുടെ കുടുംബത്തിന് വരരുതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. സഹപ്രവർത്തകർ മരിക്കുമ്പോൾ പലരും സഹായം പ്രഖ്യാപിക്കുമെങ്കിലും ഇവരിൽ ചുരുക്കം പേർ മാത്രമേ യഥാർത്ഥത്തിൽ സഹായം നൽകാറുള്ളൂയെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടു. നടൻ കൊച്ചിൻ ഹനീഫയുടെ മരണം ഉദാഹരണമായി ചൂണ്ടിക്കാണിക്കുകയും ചെയ്തു.

'കൊച്ചിൻ ഹനീഫ മരിച്ചപ്പോൾ സൂപ്പർതാരങ്ങൾ അവിടെ നിന്ന് പൊട്ടിക്കരഞ്ഞു. പക്ഷെ പിന്നീട് തിരിഞ്ഞ് നോക്കിയോ എന്ന് ചോദിച്ചാൽ ഇല്ലെന്നേ ഞാൻ പറയൂ. മലയാള സിനിമയിൽ കൊച്ചിൻ ഹനീഫയെ തിരിഞ്ഞ് നോക്കിയ ഒരാളെയുള്ളൂ, അത് ദിലീപാണ്. എനിക്ക് പട്ടണം റഷീദുമായി സുൽത്താൻ ബത്തേരി വരെ പോകണം'
'അതിന് വേണ്ടി റഷീദ് വർക്ക് ചെയ്യുന്ന സിനിമയുടെ സെറ്റിൽ എത്തി. ആ പടത്തിൽ നായകൻ ദിലീപാണ്. ഞങ്ങളെ കൊണ്ട് പോവാൻ ഒരു ഇന്നോവ കാറ് വന്നു. റഷീദ് ബാഗോ മറ്റോ എടുക്കാൻ പോയി. ഞാൻ കാറിൽ കയറിയിരുന്നു. ഞങ്ങളുടെ കാണപ്പെട്ട ദൈവമാണ് താങ്കളെന്ന് ഡ്രെെവർ പറഞ്ഞു'
ഡ്രെെവർ പറഞ്ഞ വാക്കുകളും ശാന്തിവിള ഓർത്തു. 'സാറെ ഇത് ദിലീപ് സാറിന്റെ കാറാണ്. ഈ കാറ് സെറ്റിൽ ഓടിക്കിട്ടുന്ന വരുമാനത്തിൽ ഒരു രൂപ പോലും ദിലീപ് എടുക്കാറില്ല. കൊച്ചിൻ ഹനീഫയുടെ വീട്ടിലാണ് കൊടുക്കുന്നത്. അദ്ദേഹം ജയിലിൽ കിടന്നപ്പോൾ പത്ത് പൈസ കാറോടി കിട്ടിയില്ല. മൂന്ന് നാല് ലക്ഷം രൂപ കാർ നന്നാക്കാൻ വേണ്ടി വന്നു. അത് ദിലീപ് സാർ കൈയിൽ നിന്ന് തന്നു. പക്ഷെ കാറിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ ഒരു രൂപ പോലും എടുക്കില്ല'

'ആ പൈസ കൊച്ചിൻ ഹനീഫയുടെ കുടുംബത്തിനാണെന്ന് ഡ്രെെവർ പറഞ്ഞു. പറക്കമുറ്റാത്ത രണ്ട് പെൺകുട്ടികളെയും ഒരു പാവം സ്ത്രീയെയും അനാഥമാക്കിയാണല്ലോ കൊച്ചിൻ ഹനീഫ പോയത്. ദിലീപെങ്കിലുമുണ്ടായിരുന്നു അവരെ സഹായിക്കാൻ,' ശാന്തിവിള ദിനേശ് പറഞ്ഞു.
സംവിധായകൻ ലോഹിതദാസ് മരിച്ചപ്പോൾ കുടുംബത്തെ നോക്കുമെന്ന് പലരും വാചകമടിച്ചു. പക്ഷെ ഒരുത്തനും നോക്കിയില്ല എന്നതാണ് സത്യമെന്നും ശാന്തിവിള കൂട്ടിച്ചേർത്തു. ദിലീപിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു അന്തരിച്ച നടൻ കൊച്ചിൻ ഹനീഫ. സിനിമാ ലോകത്ത് ഏവർക്കും പ്രിയങ്കരനായിരുന്ന കൊച്ചിൻ ഹനീഫ 2010 ഫെബ്രുവരി രണ്ടിനാണ് മരിക്കുന്നത്.
ദിലീപിനെ അനുകൂലിച്ച് നേരത്തെയും ശാന്തിവിള ദിനേശ് സംസാരിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് ആരോപണ വിധേയനായപ്പോഴും നടനെ ശാന്തിവിള ദിനേശ് പിന്തുണച്ചു. അതേസമയം ദിലീപ് നൽകിയ സഹായങ്ങളെക്കുറിച്ച് നേരത്തെ പല പ്രമുഖരും തുറന്ന് പറഞ്ഞിട്ടുണ്ട്. കേസും വിവാദങ്ങളും കാരണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദിലീപ് സിനിമാ രംഗത്ത് സജീവമല്ല. വീണ്ടും കരിയറിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ദിലീപ്. ബാന്ദ്ര, പറക്കും പപ്പൻ തുടങ്ങി ഒരുപിടി സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications