'രാജകീയമായി വന്ന സൽമാന്റെ ബന്ധുക്കൾ; നടന്റെ ചോദ്യത്തിന് മടിക്കാതെ മറുപടി; കാവ്യയോട് പറഞ്ഞ തമാശയും'
മലയാള സിനിമാ ലോകത്ത് വലിയ നഷ്ടമാണ് സംവിധായകൻ സിദ്ദിഖിന്റെ വിയോഗം. സിദ്ദിഖിന്റെ സിനിമകളോട് എന്നും പ്രേക്ഷകർക്ക് പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു. കോമഡി രംഗങ്ങളിലെ മികവാണ് സിദ്ദിഖ് എന്ന സംവിധായകനെ വ്യത്യസ്തനാക്കിയത്. സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിനിമകൾ ബോക്സ് ഓഫീസിൽ തരംഗമായ ഒരു കാലം മലയാള സിനിമയ്ക്കുണ്ട്. ബോഡി ഗാർഡ് എന്ന ചിത്രത്തിന്റെ റീമേക്കിലൂടെ തമിഴിലും ഹിന്ദിയിലും ശക്തമായ സാന്നിധ്യം അറിയിക്കാൻ സിദ്ദിഖിന് സാധിച്ചു.
കരൾ രോഗ ബാധിതനായി ചികിത്സയിലിരിക്കെ ഹൃദയാഘാതം വന്നാണ് സിദ്ദിഖ് മരിക്കുന്നത്. 65ാം വയസ്സിലാണ് വിയോഗം. സിദ്ദിഖിനെക്കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഉയരങ്ങളിലെത്തിയപ്പോഴും തന്നെ ഇന്നത്തെ നിലയിലെത്തിച്ചവരെ സിദ്ദിഖ് മറന്നിരുന്നില്ലെന്ന് ശാന്തിവിള ദിനേശ് പറയുന്നു. സിദ്ദിഖിനെക്കുറിച്ച് നിർമാതാവ് ഔസേപ്പച്ചൻ വളക്കുഴി പറഞ്ഞ വാക്കുകളും ശാന്തിവിള ചൂണ്ടിക്കാട്ടി. സംവിധായകന്റെ ആദ്യ സിനിമ റാംജി റാവു സ്പീക്കിംഗിന്റെ നിർമ്മാണത്തിലെ പങ്കാളിയാണ് ഔസേപ്പച്ചൻ വളക്കുഴി.

ഹിറ്റ്ലർ ഉൾപ്പെടെയുള്ള മറ്റ് സിനിമകളിലും ഇവർ കൈ കോർത്തു. ശാന്തിവിള ദിനേശൻ പറഞ്ഞ വാക്കുകൾ വായിക്കാം. ഹിന്ദിയിൽ സൽമാൻ ഖാൻ വിളിച്ചിട്ടാണ് സിദ്ദിഖ് ബോഡിഗാർഡ് സംവിധാനം ചെയ്യുന്നത്. ഔസേപ്പച്ചൻ വളക്കുഴിയെ അദ്ദേഹം (സിദ്ദിഖ്) മുംബൈയിലേക്ക് വിളിച്ചു. ഔസേപ്പച്ചൻ മുംബൈയിലെത്തി. അവര് രണ്ട് പേരും ഒരു റൂമിൽ സംസാരിച്ചിരുന്നു. ഫസ്റ്റ് കോപ്പി കാണാൻ അവർ കാത്തിരുന്നു. പടം റെഡിയായപ്പോൾ സൽമാൻ ഖാനും അദ്ദേഹത്തിന്റെ വീട്ടുകാർക്കും കാണാനായി പ്രിവ്യൂ ചെയ്യാൻ തീരുമാനിച്ചു.
ഒരുപാട് ആഡംബരങ്ങളുള്ള വിലകൂടിയ വാഹനങ്ങളിൽ രാജകുടുംബാംഗങ്ങൾ വന്നിറങ്ങുന്നത് പോലെയാണ് സൽമാൻ ഖാന്റെ ബന്ധുക്കൾ വന്നിറങ്ങിയത്. മലയാളികളായി സിദ്ദിഖും ഔസേപ്പച്ചനും മാത്രമേ ഉള്ളൂ. അപരിചിതനായ ഒരാളെ ഔസേപ്പച്ചന്റെ കൂടെ കണ്ടപ്പോൾ സൽമാൻ ഖാൻ സിദ്ദിഖിന്റെ അടുത്തേക്ക് വന്നു. അടിമുടി ഔസേപ്പച്ചനെ ഒന്ന് നോക്കി. ഇതാരാണെന്ന് ചോദിച്ചു. ഒരു നിമിഷം ആലോചിക്കുക പോലും ചെയ്യാതെ സിദ്ദിഖ് മറുപടി പറഞ്ഞു. ഫിലിം ഇൻഡസ്ട്രിക്ക് എന്നെ പരിചയപ്പെടുത്തിയ ആളാണെന്നാണ് പറഞ്ഞത്.

എന്റെ നിർമാതാവാണ് എന്ന് പറയുന്നതിന് പകരം സിദ്ദിഖ് ഇങ്ങനെയാണ് പറഞ്ഞത്. ഹായ് എന്ന് വന്നു, പേരെന്താണെന്ന് ഔസേപ്പച്ചനോട് സൽമാൻ ഖാൻ ചോദിച്ചു. സിദ്ദിഖിന് ആദ്യമായി സിനിമ ചെയ്യാൻ അവസരമുണ്ടാക്കിയ നിർമാതാവാണെന്ന ബഹുമാനം അദ്ദേഹത്തോട് സൽമാന് തോന്നി. പടം കഴിഞ്ഞ് സൽമാൻ സിദ്ദിഖിനെ കെട്ടിപ്പിടിച്ചതിനെക്കുറിച്ചും ഔസേപ്പച്ചൻ സംസാരിച്ചിട്ടുണ്ടെന്ന് ശാന്തിവിള ചൂണ്ടിക്കാട്ടി.
നടി കാവ്യ മാധവനോട് സിദ്ദിഖ് പറഞ്ഞ തമാശയെക്കുറിച്ചും ശാന്തിവിള ഓർത്തു. ചിരിക്കാനായിട്ട് തമാശ പറയുന്ന ആളല്ല അദ്ദേഹം. സ്വാഭാവികമായി ചിരിപ്പിക്കുന്ന ആളാണ്. ഒരു ദിവസം കാവ്യ മാധവൻ സന്ധ്യക്ക് സിദ്ദിഖിന്റെ വീട്ടിൽ വന്നു. തൊട്ടപ്പുറത്തെ വീട്ടിൽ പാല് കാച്ചലിൽ പങ്കെടുക്കാൻ വന്നതാണ് കാവ്യ. രാത്രി ആയിട്ടും സംസാരിച്ചിരുന്നു.
നീ എന്തിനാണ് വന്നതെന്ന് സിദ്ദിഖ് ചോദിച്ചു. അടുത്ത വീട്ടിലെ പാല് കാച്ചലിനാണെന്ന് കാവ്യ പറഞ്ഞപ്പോൾ മിക്കവാറും അതൊരു മോര് കാച്ചലാകാൻ സാധ്യതയുണ്ടെന്ന് സിദ്ദിഖ് തമാശയോട് പറഞ്ഞു. അത്രയും രസമുള്ള തമാശകൾ പറയുന്ന വ്യക്തിയായിരുന്നു സിദ്ദിഖെന്നും ശാന്തിവിള ദിനേശൻ ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications