'കല്യാണം വിളിക്കാൻ നമ്പർ തരണം; പക്ഷെ എന്നെ വിളിച്ചില്ല; സ്ഥലകാലബോധമില്ലാതെ നടൻ പെരുമാറുമെന്ന് അയാൾക്കറിയാം'
സിനിമാ രംംഗത്തെ സമകാലിക സംഭവങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. സൂപ്പർതാരങ്ങളെ വിമർശിച്ച് സംസാരിക്കാനും ശാന്തിവിള ദിനേശ് മടിക്കാറില്ല. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ സൂപ്പർതാരങ്ങളെയെല്ലാം സംവിധായകൻ വിമർശിച്ചിട്ടുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെ ശാന്തിവിള ദിനേശ് മിക്കപ്പോഴും സംസാരിച്ചിട്ടുള്ള വ്യക്തികളിൽ ഒരാളാണ് നടൻ സുരേഷ് ഗോപി.
സുരേഷ് ഗോപി ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ചും നടന്റെ ഭാഗത്ത് വന്ന തെറ്റുകളെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ കടുത്ത ആരാധകനായ സംവിധായകനെക്കുറിച്ച് സംസാരിക്കുകയാണ് ശാന്തിവിള ദിനേശ്. സുരേഷ് ഗോപിയെ നായകനാക്കി കുറ്റപത്രം എന്ന സിനിമ ചന്ദ്രു സംവിധാനം ചെയ്തിട്ടുണ്ട്. ഇതേക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിച്ചു. സുരേഷ് ഗോപി താരമാകാനുള്ള ആദ്യത്തെ ചവിട്ട് പടി കുറ്റപത്രമാണ്.

പക്ഷെ ഒരു അഭിമുഖത്തിലും അദ്ദേഹം കുറ്റപത്രത്തെക്കുറിച്ച് സംസാരിക്കില്ല. സിനിമാ ജീവിതത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയാൽ തലസ്ഥാനം മുതലോ ഏകലവ്യൻ മുതലോയെ സംസാരിക്കൂ. പക്ഷെ കുറ്റപത്രം എന്ന സിനിമയെടുക്കാൻ ചന്ദ്രു ഒരുപാട് ത്യാഗം ചെയ്തിട്ടുണ്ടെന്ന് ശാന്തിവിള ദിനേശ് പറയുന്നു. പടം നല്ല പേരുണ്ടാക്കി. പക്ഷെ 33 വർഷം കഴിഞ്ഞിട്ടും ചന്ദ്രു ഒറ്റ സിനിമ പോലും ചെയ്തിട്ടില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.
ചന്ദ്രു സുരേഷ് ഗോപിയുടെ അന്ധമായ ആരാധകനായിരുന്നു. എത്ര പ്രാവശ്യം സുരേഷ് ഗോപി തള്ളിക്കളഞ്ഞാലും ചന്ദ്രു പോവില്ല. ചന്ദ്രു നിഴൽ പോലെ സുരേഷ് ഗോപിക്ക് പിറകെ നടക്കും. അതുകൊണ്ട് തന്നെ സുരേഷ് ഗോപിക്കും ചന്ദ്രുവിനെ ഇഷ്ടമാണ്. ഒരുപാട് ചെറിയ സാമ്പത്തിക സഹായങ്ങൾ സുരേഷ് ഗോപി ഇദ്ദേഹത്തിന് ചെയ്തിട്ടുണ്ടെന്ന് തോന്നുന്നെന്നും ശാന്തിവിള ദിനേശ് പറയുന്നു.

സുരേഷ് ഗോപി രാജ്യസഭാ എംപിയായപ്പോൾ അയാളുടെ ഓഫീസ് കാര്യങ്ങളൊക്കെ കൈകാര്യം ചെയ്യാൻ ചന്ദ്രുവിനെ വിളിച്ചു. നല്ല ശമ്പളം കിട്ടും. പക്ഷെ അയാൾ ഏറ്റെടുത്തില്ല. കാരണം സുരേഷ് ഗോപിക്ക് കൊച്ച് പിള്ളേരെ പോലെ ദേഷ്യം വന്നാൽ സ്ഥലകാലബോധമില്ലാതെ ചീത്ത വിളിക്കുകയും അടിക്കുകയും ചെയ്യുമെന്ന് അയാൾക്കറിയാം. സംവിധായകൻ-നടൻ എന്ന സ്നേഹ ബന്ധം ഉണ്ടാകും. സ്റ്റാഫ് ആയി മാറിയാൽ വില പോകുമെന്ന് ആരെക്കാളും നന്നായി ചന്ദ്രുവിന് അറിയാം.
സുരേഷ് ഗോപിയുടെ മകളുടെ കല്യാണം തിരുവനന്തപുരത്ത് മുഴുവൻ വിളിച്ചത് ചന്ദ്രുവാണ്. ചന്ദ്രുവിന്റെ കൈയിൽ നമ്പറില്ലാത്ത ആളുകളാണെങ്കിൽ എന്നെ വിളിച്ച് ചോദിക്കുമായിരുന്നു. സുരേഷ് ഗോപിയുടെ മകളുടെ കല്യാണ വിളിക്കാൻ നമ്പറൊക്കെ ഞാൻ തരണം അല്ലേയെന്ന് ഞാൻ ചോദിക്കും.
അദ്ദേഹം ചിരിക്കുകയേയുള്ളൂ. കാരണം അദ്ദേഹത്തിനറിയാം വീട്ടിലിരുന്ന് മോശമായി ദിനേശിനെക്കുറിച്ച് സുരേഷ് ഗോപി പറയുമെന്ന്. എന്നെ കല്യാണത്തിന് വിളിച്ചില്ല. തനിക്കതിൽ പ്രയാസവുമില്ലെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി. ലൈറ്റ്സ് ക്യാമറ ആക്ഷൻ എന്ന തന്റെ യൂട്യൂബ് ചാനലിലാണ് ശാന്തിവിള ദിനേശ് ഇക്കാര്യങ്ങൾ സംസാരിച്ചത്.


Click it and Unblock the Notifications