ദിലീപിന്റെ നടക്കാതെ പോയ പ്രണയം; വീട്ടുകാരെ കാണിക്കാനായിരുന്നു അത്; നടനെക്കുറിച്ച് റോബിൻ തിരുമല
മലയാള സിനിമാ ലോകം കണ്ട ഏറ്റവും വലിയ താരോദയങ്ങളിലൊന്നായിരുന്നു നടൻ ദിലീപിന്റേത്. കോമഡി വേദികളിൽ നിന്നും സിനിമാ രംഗത്തേക്ക് വന്ന ദിലീപ് സഹ സംവിധായകനായാണ് തുടക്കം കുറിക്കുന്നത്. പിന്നീട് സഹനടനായും നായകനായും ദിലീപ് വളർന്നു. വിവാദങ്ങൾ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഇപ്പോഴും മലയാളത്തിലെ സൂപ്പർതാരമായി ദിലീപ് നിലനിന്നേനെയെന്ന അഭിപ്രായം പ്രേക്ഷകർക്കുണ്ട്. കരിയറിലെ തുടക്ക കാലത്ത് നിരവധി സിനിമകളിൽ സഹനടനായി ദിലീപ് അഭിനയിച്ചിട്ടുണ്ട്. ഇതിലൊന്നാണ് മാനത്തെ കൊട്ടാരം.
1994 ൽ പുറത്തിറങ്ങിയ സിനിമയിൽ ഖുശ്ബു, ദിലീപ്, സുരേഷ് ഗോപി എന്നിവരാണ് പ്രധാന വേഷം ചെയ്തത്. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളാണ് റോബിൻ തിരുമല. കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സിനിമയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കവെ ദിലീപിനെക്കുറിച്ച് ഇദ്ദേഹം പരാമർശിച്ചിട്ടുണ്ട്. ദിലീപ് വലിയ താരമാകുമെന്ന് അന്നേ ഖുശ്ബു പറഞ്ഞിരുന്നെന്ന് റോബിൻ തിരുമല പറയുന്നു. എംജി റോഡിലെ ഒരു ഹോട്ടലിന്റെ മുകളിൽ വെച്ചായിരുന്നു ദിലീപിന്റെ ഇന്റർവ്യൂ.

ദിലീപ് മിമിക്രിയൊക്കെ കാണിക്കുമ്പോൾ ഞങ്ങൾ പരസ്പരം നോക്കി. ഇയാൾ ഒരു സൂപ്പർസ്റ്റാറാകുമെന്ന് ഖുശ്ബു പറയുന്നുണ്ട്. അന്ന് ദിലീപിനെ താഴെ കൊണ്ടിറക്കി ബെെക്കിൽ കാത്ത് നിന്ന ആളായിരുന്നു നാദിർഷ. പിന്നീട് നാദിർഷ മറ്റൊരാൾക്ക് പകരമായി മാനത്തെ കൊട്ടാരത്തിൽ അഭിനയിച്ചെന്നും റോബിൻ തിരുമല ഓർത്തു. സിനിമയ്ക്കിടെയുണ്ടായ മറ്റൊരു സംഭവവും റോബിൻ തിരുമല പങ്കുവെച്ചു.
ദിലീപ് എനിക്കടുത്ത് വന്ന് ഭായ് എനിക്കൊരു ഉപകാരം ചെയ്യണമെന്ന് പറഞ്ഞു. മാനത്തെ കൊട്ടാരത്തിൽ 50 പോസ്റ്ററുകൾ ഉണ്ട്. ഒരു സെെഡിൽ ദിലീപിന്റെ തലയും ഒരു സൈഡിൽ ഖുശ്ബുവിന്റെ തലയും സെന്ററിൽ സുരേഷ് ഗോപിയുമാണ് പോസ്റ്ററിൽ. ദിലീപ് ആകെ അന്തം വിട്ടു. അത്രയും വലിയ പോസ്റ്ററടിക്കുകയെന്നത് അസാധ്യമാണ്. എനിക്ക് ഇത് പോലത്തെ കുറച്ച് പോസ്റ്റർ സംഘടിപ്പിച്ച് തരാമോ പെെസ ഞാൻ കാെടുക്കാമെന്ന് ദിലീപ് എന്നോട് ചെവിയിൽ ചോദിച്ചു.

അതെന്തിനാണെന്ന് ഞാൻ ചോദിച്ചു. ചെറിയൊരു ആവശ്യമുണ്ടെന്ന് ദിലീപ്. ദിലീപിന്റെ വീടിന്റെയടുത്ത് ഒട്ടിക്കാനായിരുന്നു. അന്ന് പുള്ളിക്ക് ഒരു പ്രണയമുണ്ട്. നടക്കാതെ പോയ പ്രണയം. അവരുടെ വീട്ടുകാർ കാണാൻ വേണ്ടിയോ മറ്റോ ആണ് ഒട്ടിക്കാൻ പറഞ്ഞത്. ആന്റണി അന്ന് പറഞ്ഞ വാക്കുണ്ട്. മാനത്തെ കൊട്ടാരം എന്ന സിനിമയുടെ പോസ്റ്ററാണിത്, ഈ പോസ്റ്റർ ലോകം മുഴുവൻ ഒട്ടിക്കാൻ പോകുകയാണ് നീ ആരാണെന്ന് കുറച്ച് കഴിയുമ്പോൾ ആൾക്കാർ മനസിലാക്കുമെന്ന് പറഞ്ഞു. അത് സത്യമായെന്നും റോബിൻ തിരുമല വ്യക്തമാക്കി.
സഹനായകനിൽ നിന്നും നായകനിരയിലേക്ക് ദിലീപ് വളർന്നത് വളരെ പെട്ടെന്നായിരുന്നു. അത് വരെ ജയറാമിന് പ്രേക്ഷകർ നൽകിയ സ്ഥാനത്തേക്ക് ദിലീപെത്തി. കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായി ദിലീപ് മാറി. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിലാണ് നായക നിരയിൽ ദിലീപ് തിളങ്ങുന്നത്. ഹിറ്റുകൾ മാത്രം സൃഷ്ടിച്ച ഒരു കാലം ദിലീപിന് മലയാള സിനിമയിൽ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് വലിയ ഹിറ്റുകൾ നടനില്ല. ശക്തമായ തിരിച്ച് വരവ് ദിലീപിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. പവി കെയർടേക്കർ ആണ് ദിലീപിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications