എനിക്ക് വാശിയായിരുന്നു; ഇത്തരം സിനിമകൾ ചെയ്തതിൽ വിഷമമുണ്ട്; ഷക്കീല സിനിമകളുടെ സംവിധായകൻ
ഷക്കീല സിനിമകൾ ഒരു കാലത്ത് മലയാള സിനിമ രംഗത്തുണ്ടാക്കിയ തരംഗം ചെറുതല്ല. സോഫ്റ്റ് പോൺ സ്വഭാവമുള്ള ഇത്തരം സിനിമകൾ തിയറ്ററിൽ വിജയം കൊയ്തു. ഏറെനാൾ ഇത്തരം സിനിമകൾ ചെയ്ത് ഷക്കീല പിന്നീട് ഇതിൽ നിന്നും പിൻമാറി. മലയാള സിനിമകളിൽ നിന്നെ നടി മാറി നിന്നു. എ സിനിമകളിൽ പിന്നീട് ഷക്കീലയെ കണ്ടതേയില്ല. ഷക്കീലയുൾപ്പെടെയുള്ള അഭിനേതാക്കളെ വെച്ച് എ സിനിമകൾ ചെയ്ത ഫിലിം മേക്കറാണ് എടി ജോയ്.
ഇന്റിമേറ്റ് സിനിമകൾ ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇദ്ദേഹം. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. 'പിജി വിശ്വംഭരൻ ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ടായിരുന്നു. പി.ടി എബ്രഹാമായിരുന്നു അതിന്റെ പ്രൊഡ്യൂസർ. പുള്ളിക്കാരന്റെ സിനിമകളിൽ സ്റ്റിൽ ഫോട്ടോഗ്രാഫറായി വർക്ക് ചെയ്തിട്ടുണ്ട്'
'പുള്ളിയോട് ചാൻസ് ചോദിച്ചിരുന്നു, പി.ജി വിശ്വംഭരൻ ഒരു പടം ചെയ്യുന്നുണ്ട്. ജോയിയെ ക്യാമറാമാനായി വെക്കാമെന്ന് പറഞ്ഞു. അങ്ങനെ അവർ രണ്ട് പേരും മദ്രാസിൽ വന്നു. ഞാനവരുടെ റൂമിൽ പോയി. ജോയിയാണ് ക്യാമറാമാൻ എന്ന് വിശ്വംഭരൻ സാറോട് നിർമാതാവ് പറഞ്ഞു'

'ഏയ് ജോയിയെ വെക്കാൻ പറ്റില്ല, എനിക്ക് സ്ഥിരം ക്യാമറാമാനുണ്ട്, അങ്ങനെയെങ്കിൽ ക്യാമറയും ഡയരക്ഷനും ജോയിക്ക് കൊടുത്തേക്കെന്ന് പറഞ്ഞു. ഒരു കുഴപ്പവുമില്ല, ഞാൻ വർക്ക് ചെയ്യുന്നില്ല എന്ന് പറഞ്ഞ് ഞാൻ പോയി. എബ്രഹാം ചേട്ടൻ എന്റെ പിന്നാലെ വന്നു, ജോയി വിഷമിക്കേണ്ട പറഞ്ഞ് ശരിയാക്കാം എന്ന് പറഞ്ഞു. കുഴപ്പമില്ല, പടം വർക്ക് ചെയ്യുമ്പോൾ തൃപ്തിയായി വർക്ക് ചെയ്യണം. പക്ഷെ പുള്ളിയോട് പറഞ്ഞേക്ക് ഞാൻ ഡയരക്ഷനും ക്യാമറയും ചെയ്യുമെന്ന് ഞാൻ പറഞ്ഞു'
അതൊക്കെ എന്റെ മനസ്സിലുണ്ടായിരുന്നു. പക്ഷെ നല്ല പടങ്ങൾ കിട്ടിയില്ല. പടങ്ങൾ ചെയ്യണമെന്ന വാശിയിലാണ് എ സിനിമകൾ ചെയ്യുന്നതെന്നും എ.ടി ജോയി പറഞ്ഞു. ആദ്യം ചെയ്യുന്നത് ഷക്കീലയുടെ പടമാണ്. കിന്നാരത്തുമ്പി ഓടിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. അങ്ങനെയൊരു ട്രെൻഡ് വന്നപ്പോൾ വലിയ പടങ്ങളെടുത്ത് സാമ്പത്തിക നഷ്ടം വന്ന നിർമാതാക്കൾ ഇത്തരം സിനിമകളെടുത്തെന്നും എ.ടി ജോയ് ഓർത്തു. അവരുടെ സ്വന്തം പേരിലല്ല ഈ സിനിമകൾ എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
'ഷക്കീലയുൾപ്പെടെയുള്ള നടിമാർ ഷൂട്ടിംഗിന് സഹകരിക്കുമായിരുന്നു. അഭിനയിക്കുന്ന നടൻമാരോടുൾപ്പെടെ നേരത്തെ തന്നെ പറയും നിങ്ങളുടെ വീട്ടിന് മുന്നിലും പോസ്റ്ററൊക്കെ ഒട്ടിക്കും, പിന്നെ എന്നെയൊന്നും പറയരുതെന്ന്. എന്നിട്ടും എനിക്ക് വർക്കലയിൽ നിന്ന് വിളിച്ച് ഒരു ഭീഷണി ഉണ്ടായിരുന്നു. അഭിനയിച്ചയാളുടെ സുഹൃത്തുക്കൾ വിളിച്ച് ചേട്ടനിങ്ങനെ പടം ചെയ്ത് അവന്റെ കരിയർ നഷ്ടപ്പെടുത്തുമെന്ന്'
'ചെയ്യുന്നത് ഏത് പണിയായാലും നന്നായി ചെയ്യുന്നതാണ് രീതി. പിന്നെ സെറ്റ് വളരെ നീറ്റായിരിക്കും. വൃത്തികെട്ട പരിപാടികളാെന്നും സെറ്റിലുണ്ടായിട്ടില്ല. ഇപ്പോഴും ഷക്കീലയോടോ അഭിനയിച്ച മറ്റുള്ളവരോടോ ചോദിച്ചാൽ അവർ പറയും. തൊഴിലായി മാത്രമേ കണ്ടിട്ടുള്ളൂ. കമ്പി പടം എന്ന് പറയുന്നവരുടെ ഷൂട്ടിംഗ് കഴിഞ്ഞാൽ എന്തൊക്കെ പോക്രിത്തരങ്ങളാണവിടെ നടക്കുന്നത്. നല്ലവരും ഉണ്ട്. എനിക്ക് വന്ന നിർമാതാക്കളും നടിമാരെയാെന്നും അപ്രോച്ച് ചെയ്തിട്ടില്ല'
'കാരണം അവർ പൈസ ഇല്ലാതെയാണ് പടമെടുക്കാൻ വരുന്നത്. ഷൂട്ടിംഗ് തീരുമ്പോഴേക്കും ഡിസ്ട്രിബ്യൂട്ടേർസൊക്കെ വരും. എല്ലാവർക്കും കാശ് കൊടുക്കും' ഇത്തരം സിനിമകൾ ചെയ്തതിൽ ഇപ്പോൾ വിഷമമുണ്ടെന്നും പക്ഷെ എന്ത് ചെയ്യനാണെന്നും ക്യാമറയും ഡയരക്ഷനും ചെയ്യാനുള്ള വാശിയായിരുന്നു ആ സമയത്തെന്നും എടി ജോയ് ഓർത്തു.


Click it and Unblock the Notifications











