തരംഗമായവർ പിന്നീട് അപ്രത്യക്ഷരായി; ഷീല കൗറിനും അനുരാധയ്ക്കും സംഭവിച്ചത്; ഇന്നത്തെ ജീവിതം
ചുരുങ്ങിയ കാലം കൊണ്ട് സിനിമ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച് പിന്നീട് ലൈം ലൈറ്റിൽ നിന്നും അകന്ന നിരവധി താരങ്ങളുണ്ട്. വെള്ളിനക്ഷത്രം എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട മീനാക്ഷി എന്ന നടിയാണ് ഇക്കൂട്ടത്തിൽ വലിയ തോതിൽ ചർച്ചയായത്. സിനിമകളിൽ നിന്നും അകന്ന ശേഷം മീനാക്ഷിയെക്കുറിച്ച് ഒരു വിവരവും ആരാധകർ അറിയുന്നില്ല. ഇത്തരത്തിൽ തെലുങ്ക് സിനിമാ രംഗത്ത് വലിയ തരംഗം സൃഷ്ടിച്ച രണ്ട് നടിമാരാണ് ഷീല കൗറും അനുരാധ മെഹ്തയും.
മലയാളത്തിലുൾപ്പെടെ ഒരുപിടി സിനിമകളിൽ ഷീല കൗർ അഭിനയിച്ചിട്ടുണ്ടെങ്കിലും അനുരാധയെ ഓർക്കാൻ ആര്യ എന്ന ഒറ്റ സിനിമ മതി. അല്ലു അർജുൻ നായകനായി 2004 ൽ പുറത്തിറങ്ങിയ ആര്യയിൽ ഗീത എന്ന കഥാപാത്രത്തെയാണ് അനുരാധ അവതരിപ്പിച്ചത്.

മലയാളത്തിലേക്ക് മൊഴിമാറ്റിയെത്തിയ ആര്യ കേരളത്തിൽ വലിയ ജനപ്രീതി അല്ലു അർജുന് നേടിക്കൊടുത്തു. നായികയായെത്തിയ അനുരാധയെയും പ്രേക്ഷകർ ശ്രദ്ധിച്ചു. ആര്യക്ക് ശേഷം മലയാളികൾ അനുരാധയെ കണ്ടിട്ടില്ല. അതേസമയം നടി തെലുങ്കിലും കന്നഡയിലും ഒഡിയ ഭാഷയിലും അഭിനയിച്ചിട്ടുണ്ട്. മികച്ച വിജയം നേടിയ ചിത്രമാണ് ആര്യ. എന്നാൽ പിന്നീട് ടോളിവുഡിലും അധികം സിനിമകളിൽ അനു മെഹ്തയെ കണ്ടിട്ടില്ല.
2004 മുതൽ 2008 വരെയാണ് അനുരാധ മെഹ്ത കരിയറിൽ സജീവമായിരുന്നത്. ഇക്കാലയളവിൽ ആകെ ചെയ്തത് ആറ് സിനിമകൾ മാത്രം. കന്നഡ ചിത്രം ഹൊംഹനസുവിലാണ് അനുരാധ അവസാനമായി അഭിനയിച്ചത്. കൗതുകരമെന്നോണം പിന്നീട് എവിടെയും അനുരാധ മെഹ്തയെ കണ്ടിട്ടില്ല. നടിയുടെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് ഒരു വിവരവും ആരാധകർക്ക് ലഭ്യമല്ല. ആര്യ എന്ന സിനിമയിലൂടെ വൻ ജനപ്രീതി നേടി അനു മെഹ്ത ഇന്നെവിടെയെന്നാണ് മിക്കവരുടെയും ചോദ്യം.

ഷീല കൗറിന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. തമിഴ് സിനിമകളിൽ ബാലതാരമായി അഭിനയിച്ച ഷീല കൗർ 2006 ൽ പുറത്തിറങ്ങിയ സീതകൊക ചിലുക എന്ന തെലുങ്ക് സിനിമയിലൂടെയാണ് നായികയായി അരങ്ങേറുന്നത്. പിന്നീട് കൈ നിറയെ അവസരങ്ങൾ തെലുങ്കിൽ നിന്നും ഷീല കൗറിന് ലഭിച്ചു. രാജു ഭായ്, മസ്ക, അധൂർസ്, പറഗ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം ഷീല കൗർ ചെയ്തു. 2008 ൽ പുറത്തിറങ്ങിയ പറഗു മലയാളത്തിൽ കൃഷ്ണ എന്ന പേരിൽ മൊഴി മാറ്റിയെത്തി.
വമ്പൻ ഹിറ്റായ സിനിമയിൽ മികച്ച പ്രകടനമാണ് ഷീല കൗർ കാഴ്ച വെച്ചത്. മലയാളത്തിൽ മേക്കപ്പ് മാൻ, മായാ ബസാർ എന്നീ സിനിമകളിൽ ഷീല അഭിനയിച്ചിട്ടുണ്ട്. 2018 ൽ പുറത്തിറങ്ങിയ ഹൈപർ എന്ന കന്നഡ സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. യഥാർത്ഥത്തിൽ അതിന് മുമ്പേ നടി കരിയറിൽ സജീവമല്ലാതായിട്ടുണ്ട്. 2018 ൽ അവസാന സിനിമ ചെയ്യുന്നതിന് മുമ്പ് ഷീല കൗറിനുള്ള റിലീസ് 2011 ലാണ്.
പരമവീര ചക്ര എന്ന തെലുങ്ക് ചിത്രം. നായികയായി അരങ്ങേറിയ ശേഷം അഞ്ച് വർഷങ്ങൾ മാത്രമേ നടി കരിയറിൽ സജീവമായിരുന്നുള്ളൂ. 2020 ൽ നടി വിവാഹിതയുമായി. ബിസിനസുകാരനായ സന്തോഷ് റെഡ്ഡിയെയാണ് ഷീല വിവാഹം ചെയ്തത്. അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. ചെന്നെെയിൽ വെച്ചാണ് വിവാഹം നടന്നത്. വിവാഹശേഷം ഷീല കൗറിനെ ലൈം ലൈറ്റിൽ കണ്ടിട്ടില്ല.


Click it and Unblock the Notifications











