എന്നെ മാദക നടിയാക്കാൻ നോക്കി; അക്കാര്യത്തിൽ മനസ്താപമുണ്ട്; സിറിയൻ കത്തോലിക്കരാണ് ഞങ്ങൾ: ഷീല പറഞ്ഞത്
മലയാള സിനിമാ ലോകം ബഹുമാന്യ സ്ഥാനം നൽകുന്ന നടി ഷീല ഏവർക്കും പ്രിയങ്കരിയാണ്. ബ്ലാക്ക് ആന്റ് വെെറ്റ് സിനിമകളുടെ കാലം മുതൽ ഇന്ന് വരെയുള്ള മോളിവുഡിന്റെ വളർച്ച കണ്ട നടിയാണ് ഷീല. ഇന്നത്തെ അഭിനേതാക്കളെ പോലെ സിനിമയോടുള്ള പാഷൻ കൊണ്ടോ അതിയായ ആഗ്രഹം കൊണ്ടോ ഈ കരിയർ തെരഞ്ഞെടുത്തയാളല്ല ഷീല. അച്ഛന്റെ മരണ ശേഷം കുടുംബത്തിന്റെ ഉത്തരവാദിത്വം ഷീലയ്ക്ക് ഏറ്റെടുക്കേണ്ടി വന്നതാണ്. പത്ത് മക്കളായിരുന്നു ഷീലയുടെ മാതാപിതാക്കൾക്ക്. ഇവരുടെ ഭാവി സുരക്ഷിതമാക്കാൻ ക്യാമറയ്ക്ക് മുന്നിലെത്താൻ ഷീല തയ്യാറായി.
പിന്നീട് സിനിമ ഷീലയുടെ ജീവിതമായി. പതിമൂന്നാം വയസിലാണ് ഷീല അഭിനയ രംഗത്തേക്ക് വരുന്നത്. ബാല്യവും യൗവനവുമെല്ലാം സിനിമാ കരിയറിന് വേണ്ടി ഷീലയ്ക്ക് നഷ്ടപ്പെടുത്തേണ്ടി വന്നു. ഇതിൽ വലിയ വിഷമം ഷീലയ്ക്കുണ്ട്. ഇതേക്കുറിച്ച് ഒരിക്കൽ നടി സംസാരിച്ചിട്ടുണ്ട്. അതിൽ വലിയ മനസ്താപം ഉണ്ട്. അഭിനയിക്കാൻ ഒട്ടും ഇഷ്ടമില്ലാതെ വന്ന നടി ഞാനായിരിക്കുമെന്നും ഷീല അന്ന് പറഞ്ഞു.

എനിക്ക് മലയാള സിനിമയിൽ വന്നിട്ട് ഒരു ദുരനുഭവങ്ങളും ഇല്ല. തമിഴിലാണ് ഞാൻ ആദ്യം വന്നത്. പക്ഷെ തമിഴിൽ നിൽക്കാനൊക്കില്ല. എന്റെ അമ്മ വളരെ സ്ട്രിക്റ്റാണ്. അത്രയും മനസിലാക്കിയാൽ മതി. മലയാളത്തിൽ വന്നപ്പോൾ രണ്ട് കെെയും നീട്ടി എന്നെ സ്വീകരിച്ചു. മലയാള സിനിമ എന്റെ അമ്മയാണ്. എനിക്കും എന്റെ അമ്മയ്ക്കും ഇഷ്ടപെടാത്ത എല്ലാ കാര്യങ്ങളിൽ നിന്നും മലയാള സിനിമ എന്നെ സംരക്ഷിച്ച് നിർത്തി. തമിഴിൽ ഞാൻ കംഫർട്ടബിൾ ആയിരുന്നില്ല. എന്നെ ഒരു മാദക നടിയാക്കി മാറ്റാൻ ശ്രമിച്ചു. അത് തനിക്കിഷ്ടമായിരുന്നില്ലെന്നും ഷീല വ്യക്തമാക്കി. മലയാളത്തിൽ ഗ്ലാമറസായാലും നല്ല കഥാപാത്രങ്ങൾ ലഭിച്ചിരുന്നെന്നും ഷീല ചൂണ്ടിക്കാട്ടി.
താൻ നമ്പൂതിരി സ്ത്രീയാണെന്ന തെറ്റായ വിവരം പ്രചരിച്ചതിനെക്കുറിച്ചും ഷീല സംസാരിച്ചു. ഛായ എന്ന സിനിമ ഞാൻ ചെയ്തിരുന്നു. താത്രിക്കുട്ടിയായാണ് ഞാൻ അഭിനയിച്ചത്. പിന്നീടാണ് അങ്ങനെയൊരു പ്രചരണമുണ്ടായത്. ഞാനും അച്ഛനും അമ്മയും കുടുംബവുമെല്ലാം സിറിയൽ കത്തോലിക്കരാണ്. ആരാണ് പറഞ്ഞ് പരത്തിയതെന്ന് അറിയില്ല. ഞാൻ ആംഗ്ലോ ഇന്ത്യനാണെന്ന് കുറേപ്പേർ പറഞ്ഞു. ഞാൻ ജനിച്ചത് ക്രിസ്ത്യൻ ആയാണെന്നും ഷീല വ്യക്തമാക്കി. കെെരളി ടിവിയിൽ സംസാരിക്കുകയായിരുന്നു നടി.

77 കാരിയാണ് ഷീല. അഭിനയ രംഗത്ത് നടി സജീവമല്ല. ചെന്നെെയിലാണ് ഷീല മകനോടൊപ്പം താമസിക്കുന്നത്. അനുരാഗം എന്ന സിനിമയിലാണ് ഷീലയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. തനിക്ക് പ്രാധാന്യമില്ലാത്ത അമ്മ റോളുകൾ ചെയ്ത് കരിയറിൽ തുടരാൻ താൽപര്യമില്ലെന്ന് ഷീല നേരത്തെ വ്യക്തമാക്കിയതാണ്.
തിരക്കേറിയ സിനിമാ ലോകത്ത് നിന്നും പൂർണമായും മാറി നിന്ന ഷീല പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് അഭിനയ രംഗത്തേക്ക് തിരിച്ച് വരുന്നത്. തിരിച്ച് വരവിൽ ചെയ്ത അകലെ, മനസിനക്കരെ എന്നീ സിനിമകൾ ഏറെ ശ്രദ്ധ നേടി. പിന്നീട് കുറച്ച് സിനിമകൾ ചെയ്ത ഷീല വീണ്ടും മാറി നിന്നു. അവാർഡ് ഷോകളിലും മറ്റും ഷീല സാന്നിധ്യം അറിയിക്കാറുണ്ട്. നടിയെ വീണ്ടും സിനിമകളിൽ കാണണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്.


Click it and Unblock the Notifications