ഒരു വീട്ടിൽ ചെന്ന് ഇഷ്ടം പോലെ കഴിയാൻ ഒരു അച്ഛനും അമ്മയും പറയില്ല; ശ്വേതയോട് ആനി; മറുപടി നൽകി നടി
സിനിമാ രംഗത്ത് ചുരുങ്ങിയ കാലം മാത്രമേ ആനിയെ കണ്ടിട്ടുള്ളൂയെങ്കിലും അതിനുള്ളിൽ ശ്രദ്ധേയമായ ഒരുപിടി സിനിമകളുടെ ഭാഗമാകാൻ നടിക്ക് കഴിഞ്ഞു. സംവിധായകൻ ഷാജി കൈലാസുമായുള്ള വിവാഹത്തിന് ശേഷമാണ് ആനി അഭിനയ രംഗം വിട്ടത്. വിവാഹശേഷം കുടുംബനിയായി കഴിയാൻ തീരുമാനിച്ച ആനിക്ക് മൂന്ന് ആൺമക്കളും പിറന്നു. വർഷങ്ങൾക്ക് ശേഷം ആനീസ് കിച്ചൺ എന്ന ഷോയിലൂടെ ആനി പ്രേക്ഷകർക്ക് മുമ്പിൽ വീണ്ടുമെത്തി. വലിയ ജനപ്രീതി നേടിയ കുക്കറി ഷോയായിരുന്നു ഇത്.
ഷോയിലൂടെ ജനസ്വീകാര്യത ലഭിച്ചപ്പോൾ ചില വിവാദങ്ങളും ആനിയുടെ പേരിലുണ്ടായി. നടി പങ്കുവെക്കുന്ന അഭി്പ്രായങ്ങൾ സ്ത്രീ വിരുദ്ധവും പിന്തിരിപ്പിൻ ആശയങ്ങളുമാണെന്നായിരുന്നു വിമർശനം. എന്നാൽ ആനി തന്റെ അഭിപ്രായങ്ങൾ മാറ്റാൻ തയ്യാറായില്ല. ഷോയുടെ ജനപ്രീതിയെ ഇത് ബാധിച്ചതുമില്ല. ഇപ്പോഴിതാ ആനീസ് കിച്ചൺ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ആനി.

അമൃത ടിവിയിലെ സൂപ്പർ അമ്മയും മകളും എന്ന ഷോയിൽ സംസാരിക്കുകയായിരുന്നു ആനി. ആനീസ് കിച്ചൺ തുടങ്ങുന്നതാണ് എന്റെ സന്തോഷം. ആനീസ് കിച്ചണിന്റെ നിത്യ പ്രേക്ഷകയായിരുന്നു അമ്മായിയമ്മ. ഈ വർഷം അമ്മയൊപ്പമില്ല എന്ന വിഷമം ഉണ്ട്. മുമ്പ് എല്ലാം പറഞ്ഞ് തരുമായിരുന്നു. പക്ഷെ 2024 നല്ലൊരു വർഷമായിരിക്കട്ടെ. ചെറിയ കാര്യങ്ങളിൽ പോലും സന്തോഷമായിരിക്കുയെന്നും ആനി പ്രേക്ഷകരെ ആശംസിച്ചു.
തന്റെ മൂന്ന് ആൺമക്കൾക്ക് നൽകിയ ഉപദേശത്തെക്കുറിച്ചും ആനി സംസാരിച്ചു. എല്ലാം തികഞ്ഞ് ജീവിക്കാൻ പാടില്ല. ഒരു രൂപയുടെ വിലയും അറിയണം. എന്നെ വളർത്തിയത് പോലെയാണ് കുഞ്ഞുങ്ങളെയും ഞാൻ വളർത്തിയത്. കല്യാണം കഴിഞ്ഞാൽ വരുന്ന കൊച്ചിനെ തുല്യ പങ്കാളിയായി കാണണം. അവരെ ഡൊമിനേറ്റ് ചെയ്യാൻ പാടില്ല. മക്കൾ വീട്ടിലെ ജോലികളിൽ സഹായിക്കുന്നവരാണെന്നും ആനി പറയുന്നു. ഞാൻ മുറ്റമടിക്കാൻ ഇറങ്ങിയാൽ അവരും ഇറങ്ങും.

രാത്രി പാത്രം കഴുകുമ്പോൾ അവർ വന്ന് സഹായിക്കും. അവർ നാളെ ഒരു കുടുംബം തുടങ്ങുമ്പോൾ ഭാര്യയെ അവർ സഹായിക്കണം. അതുകൊണ്ട് എല്ലാം പഠിപ്പിച്ചിട്ടുണ്ടെന്ന് ആനി വ്യക്തമാക്കി. ഷോയിൽ പങ്കെടുത്ത ശ്വേത മേനോനും തന്റെ വീട്ടു വിശേഷങ്ങൾ പങ്കുവെച്ചു. തനിക്ക് വീട്ടിൽ നിയന്ത്രണങ്ങളൊന്നും ഇല്ലായിരുന്നെന്ന് ശ്വേത പറഞ്ഞു. അച്ഛനെന്നെ ഫ്രീയായാണ് വളർത്തിയത്. ഭാഗ്യത്തിന് അങ്ങനെയൊരു ഭർത്താവിനെയും കിട്ടിയെന്നും നടി പറഞ്ഞു.
ഇത് കേട്ട ആനി ഇതേക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ചു, ശ്വേതയ്ക്കും പറഞ്ഞ് കൊടുത്തിട്ടുണ്ടാവും. നീ വീട്ടിൽ ചെന്ന് ഇഷ്ടം പോലെ ജീവിക്കെന്ന് ഒരു അച്ഛനും അമ്മയും പറഞ്ഞ് കൊടുക്കില്ലെന്നാണ് ആനി പറഞ്ഞത്. ഇതിന് ശ്വേത മറുപടിയും നൽകി. ട്രെയ്നിംഗിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. എന്റെ വീട്ടിൽ എല്ലാ ജോലികളും ചെയ്തിട്ടുണ്ട്. കിച്ചൺ വർക്കുകളും മറ്റും. അത് സാധാരണ പോലെയായിരുന്നു.
ഏഴാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുമ്പോൾ പോലും ചെറിയ സാധനങ്ങൾ അടുക്കളയിൽ കയറി ഉണ്ടാക്കാനാറിയാമായിരുന്നു. അതൊരു സാധാരണ കാര്യമായിരുന്നു. നമ്മുടെ വീട്ടിലെ അന്തരീക്ഷം വളരെ പ്രധാനമാണ്. വീട്ടുകാർ ആളുകളെ ബഹുമാനിക്കുമ്പോൾ നമ്മൾ ചെയ്യുമെന്നും ശ്വേത മേനോൻ വ്യക്തമാക്കി. ആനീസ് കിച്ചണിന്റെ പുതിയ സീസണിൽ ആരൊക്കെ അതിഥികളായെത്തും എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications