സുകന്യയുടെ കൈയിൽ നിന്നും എന്റെ മകൾ താഴേക്ക്; എന്ത് ചെയ്യണമെന്ന് മനസിലായില്ല; സിബി മലയിൽ
സിബി മലയിലിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായെത്തിയ സിനിമയാണ് സാഗരം സാക്ഷി. 1994 ൽ പുറത്തിറങ്ങിയ ചിത്രം തിയറ്ററിൽ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ലോഹിതദാസ് തിരക്കഥയെഴുതിയ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം സുകന്യ, തിലകൻ എന്നിവരും പ്രധാന വേഷം ചെയ്തു. സുകന്യയുടെ ആദ്യ മലയാള സിനിമയായിരുന്നു സാഗരം സാക്ഷി. പിന്നീട് നിരവധി മലയാള സിനിമകൾ നടിയെ തേടി വന്നു. യഥാർത്ഥത്തിൽ സുകന്യ ആയിരുന്നില്ല സിനിമയിലേക്ക് പരിഗണിച്ച ആദ്യ നായിക.
ഇതേക്കുറിച്ചും സാഗരം സാക്ഷിയുടെ ഷൂട്ടിംഗിനിടെ നടന്ന സംഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് സംവിധായകൻ സിബി മലയിൽ. കൗമുദി മൂവീസിനോടാണ് പ്രതികരണം. മമ്മൂട്ടിയോടൊപ്പം നായികയായി ആര് എന്ന ചോദ്യം ഉണ്ടായി. നിർമാതാവ് ഔസേപ്പച്ചന്റെ താൽപര്യം മീനയെ കാസ്റ്റ് ചെയ്യാമെന്നായിരുന്നു. മീന മലയാളത്തിലേക്ക് വരുന്നത് ഔസേപ്പച്ചന് വേണ്ടി ഞാൻ സംവിധാനം ചെയ്ത സ്വാതന്ത്ര്യം എന്ന സിനിമയിലൂടെയാണ്.

മീനയുമായുള്ള പരിചയവും അടുപ്പവും കാരണം അവരെ കാസ്റ്റ് ചെയ്യാമെന്ന് തീരുമാനിച്ചു. പക്ഷെ ആ സമയത്ത് മീനയ്ക്ക് ഡേറ്റില്ല. അങ്ങനെയാണ് തമിഴിൽ സിനിമകൾ ചെയ്ത് കൊണ്ടിരുന്ന സുകന്യയിലേക്ക് എത്തുന്നത്. സുകന്യ അതിന് മുമ്പ് മലയാള സിനിമകൾ ചെയ്തിരുന്നില്ലെന്നും സിബി മലയിൽ ചൂണ്ടിക്കാട്ടി. സുകന്യ നെഞ്ചോട് ചേർത്ത് വെച്ച സിനിമയാണത്. അവർ തമിഴിൽ ചെയ്തു കൊണ്ടിരുന്ന നായികാ കഥാപാത്രങ്ങളേക്കാൾ കാമ്പുളള, അഭിനേത്രിയെന്ന നിലയിൽ പെർഫോം ചെയ്യാൻ ഒരുപാട് സന്ദർങ്ങൾ ലഭിച്ചെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി.
സുകന്യ മികച്ച പ്രകടനമാണ് സാഗരം സാക്ഷിയിൽ കാഴ്ച വെച്ചതെന്നും സിബി മലയിൽ പറയുന്നു. സുകന്യയുടെ അതിഗംഭീര പെർറഫോമൻസായിരുന്നു. ആ കഥാപാത്രത്തിന്റെ ഗ്രാവിറ്റിയെക്കുറിച്ച് ബോധ്യപ്പെട്ട സുകന്യക്ക് ഏറ്റവും നന്നായി അഭിനയിക്കണമെന്ന ആഗ്രഹവും ഉണ്ടായിരുന്നു. നല്ല രീതിയിൽ കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് അഭിനേതാവ് ആഗ്രഹിക്കുമ്പോൾ അവരെ ആ രീതിയിൽ പരുവപ്പെടുത്താനുള്ള പ്രചോദനം നമുക്കും ലഭിക്കും. വലിയ പിൻബലം കൊടുക്കാൻ തനിക്ക് കഴിഞ്ഞെന്നും സിബി മലയിൽ വ്യക്തമാക്കി.

ഈ സിനിമയിൽ മമ്മൂട്ടിയുടെ കുട്ടിയായി അഭിനയിക്കാൻ ഒരു പെൺകുഞ്ഞിനെ വേണമായിരുന്നു. ഷൂട്ടിംഗ് തുടങ്ങി കുറേ ദിവസമായി അന്വേഷിക്കുന്നുണ്ട്. പക്ഷെ അങ്ങനെ ഒരാളെ കിട്ടുന്നില്ല. നമ്മളെന്തിനാണ് ഇങ്ങനെ തപ്പി നടക്കുന്നത്,, സിബിയുടെ വീട്ടിൽ ഒരു കുഞ്ഞില്ലേ എന്ന് ഔസേപ്പച്ചൻ ചോദിച്ചു. എന്റെ രണ്ടാമത്തെ കുട്ടി മകളാണ്. അവൾക്ക് ഒന്നര വയസേ ആയുള്ളൂ. ഷൂട്ടിംഗ് മുടങ്ങാതിരിക്കാൻ വേണ്ടി മകളെ കൊണ്ടു വന്നു. ആദ്യത്തെ ദിവസം മകളെ കൊണ്ടുവന്നപ്പോൾ കുഴപ്പമില്ല. ആദ്യത്തെ സീൻ മമ്മൂട്ടിയും സുകന്യയും സംസാരിച്ച് തെറ്റുന്ന സീനാണ്.
മമ്മൂട്ടി പോകുന്ന വഴിക്ക് സുകന്യയെ തട്ടി മാറ്റിയപ്പോൾ സുകന്യ വേച്ച് പോയി. കുട്ടി താഴേക്ക് മലർന്ന് വീഴാൻ പോയി. ഞാൻ ക്യാമറയുടെ പിറകിലാണ്. എനിക്കെന്ത് ചെയ്യണം എന്നറിയില്ലായിരുന്നു. കുട്ടിയും പേടിച്ചു. അന്ന് തൊട്ട് ഷൂട്ടിംഗ് എന്ന് കേട്ടൽ അവൾ കരച്ചിൽ തുടങ്ങി. ഞാൻ രാവിവെ ഷൂട്ടിന് പോകാൻ ഒരുങ്ങുമ്പോൾ അവൾ പേടിച്ച് അമ്മയുടെ അടുത്ത് പോകും.
വലിയ ബുദ്ധിമുട്ടോടെയാണ് അവളെ വെച്ച് അഭിനയിപ്പിച്ചത്. മകൾ കാരണം ഷൂട്ടിംഗ് നീണ്ട് പോകുന്നു എന്ന് പറയുമെന്ന ടെൻഷൻ തനിക്കുണ്ടായിരുന്നു. പക്ഷെ മമ്മൂട്ടി അവളുടെ കരച്ചിലൊക്കെ മാറട്ടെ എന്ന് പറയുന്നുണ്ടായിരുന്നു. മകൾ ഇന്ന് വിവാഹിതയായി രണ്ട് കുട്ടികളുടെ അമ്മയായെന്നും സിബി മലയിൽ വ്യക്തമാക്കി.


Click it and Unblock the Notifications