സിൽക് സ്മിതയുടെ സമ്പാദ്യം അവർ ഊറ്റിയെടുത്തു; കാമുകനെ ഞാൻ കണ്ടിരുന്നു; കാന്തരാജ്
സിനിമാ ലോകത്തിന് ഒരിക്കലും മറക്കാനാകാത്ത നടിയാണ് സിൽക് സ്മിത. തെന്നിന്ത്യയിലെ മാദക താരമായി തരംഗം സൃഷ്ടിച്ച സിൽക് സ്മിതയുടെ ജീവിതത്തിൽ ചുരുളഴിയാത്ത രഹസ്യം പോലെ പല കാര്യങ്ങളുമുണ്ട്. 1996 ലാണ് സിൽക് സ്മിത ആത്മഹത്യ ചെയ്തത്. ആത്മഹത്യയുടെ കാരണമെന്തെന്ന് ഇന്നും വ്യക്തമല്ല. സാമ്പത്തിക ബുദ്ധിമുട്ടുകളും കരിയറിലെ വീഴ്ചയും നടിയെ ബാധിച്ചിരുന്നു എന്നാണ് സിനിമാ ലോകത്തെ സംസാരം. ഡോക്ടർ രാധാകൃഷ്ണൻ എന്ന വ്യക്തിയുമായി നടി പ്രണയത്തിലായിരുന്നു.
സിൽക് സ്മിതയുടെ മരണത്തിന് ശേഷം ഇദ്ദേഹത്തെക്കുറിച്ചും വിവരമില്ല. സിൽക് സ്മിതയുടെ കുടുംബാംഗങ്ങളെക്കുറിച്ചും വ്യക്തമായ വിവരമില്ല. സിൽക് സ്മിതയെക്കുറിച്ച് സിനിമാ, രാഷ്ട്രീയ നിരീക്ഷകനായ ഡോ. കാന്തരാജ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സിൽക് സമിത അക്കാലത്തെ തിരക്കേറിയ താരമായിരുന്നെന്ന് കാന്തരാജ് ഓർത്തു.

കോൾ ഷീറ്റ് കൊടുക്കാനുണ്ടായിരുന്നില്ല, തമിഴിലും തെലുങ്കിലും വലിയ തിരക്കായിരുന്നു. കന്നഡത്തിലും മലയാളത്തിലും അത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്റെ സുഹൃത്തിന്റെ വീട്ടിൽ സിൽക് സ്മിതയുടെ സിനിമാ ഷൂട്ടുംഗ് നടന്നിരുന്നു. അപ്പോൾ അവിടെ ഈ താടിക്കാരൻ( ഡോ. രാധാകൃഷ്ണൻ) ഉണ്ടായിരുന്നു. ഞാൻ പുറത്തിരിക്കവെ അടുത്ത് ഇദ്ദേഹവും ഉണ്ടായിരുന്നു. വരുന്നവരൊക്കെ അദ്ദേഹത്തെ ബഹുമാനിക്കുന്നുണ്ട്. എന്റെ സുഹൃത്തിന്റെ ഭാര്യയോട് ആരാണ് ഇതെന്ന് ചോദിച്ചു. സിൽകിന്റെ ആളാണ്.
സിൽക് ഇവരെയാണ് കല്യാണം കഴിക്കുന്നതെന്ന് കേൾക്കുന്നെന്ന് അവർ പറഞ്ഞു. പിന്നീട് അവർ പിരിഞ്ഞെന്നാണ് വന്ന അഭ്യൂഹങ്ങളെന്നും കാന്തരാജ് ഓർത്തു. സിനിമാനടിമാർ സമ്പാദിക്കുന്നത് മുഴുവൻ കൈക്കലാക്കാൻ കുടുംബത്തിലും മറ്റുമുള്ള ഒരു കൂട്ടർ ഉണ്ടാകും. സിൽക്കിന്റെ വരുമാനം കൈക്കലാക്കാനും നിരവധി പേരുണ്ടായിരുന്നെന്ന് ഞാൻ കേട്ടിട്ടുണ്ട്. അട്ടയെപ്പോലെ അവരുടെ സമ്പാദ്യം ഊറ്റിയെടുത്തു. പക്ഷെ സ്മിതയുടെ ജീവിതത്തെക്കുറിച്ച് അവരാരും ചിന്തിച്ചില്ലെന്നും കാന്തരാജ് വ്യക്തമാക്കി.

സിൽക് സ്മിതയെ അടുപ്പക്കാർ സാമ്പത്തികമായി വഞ്ചിച്ചെന്ന് നേരത്തെ അഭ്യൂഹങ്ങൾ വന്നിരുന്നു. എന്നാൽ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്നതിൽ വ്യക്തതയില്ല. കുടുംബത്തെക്കുറിച്ചൊന്നും സിൽക് സ്മിത എവിടെയും തുറന്ന് സംസാരിച്ചിട്ടില്ല. സിൽക് സ്മിതയെക്കുറിച്ച് സംസാരിക്കവെ പഴയ കാല നടി അനുരാധ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സിൽക് സ്മിതയ്ക്ക് അടുത്ത സുഹൃത്തുക്കളായി ആരും ഉണ്ടായിരുന്നില്ല.
എല്ലാവരിൽ നിന്നും ഒരു അകലം നടിക്കുണ്ടായിരുന്നു. അതിനാൽ വ്യക്തിപരമായ കാര്യങ്ങൾ അധികമാർക്കും അറിയില്ലെന്ന് അനുരാധ ചൂണ്ടിക്കാട്ടി. നടൻ സഫ്ടകം ജോർജും സിൽക് സ്മിതയെക്കുറിച്ച് മുമ്പൊരിക്കൽ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടി. സ്ഫടികം ഷൂട്ട് ചെയ്യുന്ന സമയത്തെ സിൽക് സ്മിതയുടെ പെരുമാറ്റ രീതികളെക്കുറിച്ചാണ് നടൻ സംസാരിച്ചത്.
സിൽക് സ്മിത വളരെ സീരിയസായ ആളായിരുന്നു. ആരോടും മിണ്ടാത്ത പ്രകൃതം. അൽപ്പം മൂഡ് ഓഫ് ആയിരുന്നെന്നാണ് എനിക്ക് തോന്നിയത്. വന്ന് തന്റെ സീനിൽ അഭിനയിച്ച് പോകുന്നതായിരുന്നു രീതി. സ്ഫടികം കഴിഞ്ഞ് അധിക നാൾ അവർ ഉണ്ടായിരുന്നില്ല. ആത്മഹത്യ ചെയ്തു. അവർ എന്തോ ഡിപ്രഷനിലൂടെ കടന്ന് പോയിരുന്നെന്നും സ്ഫടികം ജോർജ് പറഞ്ഞു.
സിൽക് സ്മിതയുടെ ജീവിതവും മരണവും വർഷങ്ങൾക്കിപ്പുറവും സിനിമാ ലോകത്ത് ചർച്ചയാകുന്നു. മാദക നടിമാരായി അഭിനയിച്ച ഒട്ടനവധി പേരുണ്ടെങ്കിലും ഇവർക്കൊന്നും കിട്ടാത്ത പ്രശസ്തി സിൽക് സ്മിതയ്ക്ക് ലഭിച്ചിരുന്നു. അടുത്തിടെ മാർക് ആന്റണി എന്ന ചിത്രത്തിൽ സിൽക് സ്മിതയുടെ അതേ ലുക്കിൽ നടിയുമായി രൂപ സാദൃശ്യമുള്ള വിഷ്ണുപ്രിയ ഗാന്ധി എന്ന നടിയെത്തിയപ്പോൾ ആരാധകർ ആഘോഷമാക്കി.


Click it and Unblock the Notifications











