'പഴികൾ ഏറ്റുവാങ്ങി എന്നെ രക്ഷിച്ചു... എനിക്ക് ജീവിക്കാൻ നീ മതി'; സഹോദരിയോട് അമൃത, കരച്ചിലടക്കാനാവാതെ അഭിരാമി!
സഹോദരിമാർ എന്നതിലുപരി നല്ല സുഹൃത്തുക്കളാണ് അമൃത സുരേഷും അഭിരാമി സുരേഷും. അച്ഛൻ പകർന്ന് തന്ന സംഗീതം അമൃതംഗമയ വഴി ഇവരുവരും ആരാധകരിലേക്ക് എത്തിക്കുകയാണ്. അഭിരാമിയാണ് എപ്പോഴും അമൃതയുടെ ശബ്ദമായി എത്താറുള്ളത്.
ചേച്ചി അമൃത കഴിഞ്ഞ് മാത്രമെ അഭിരാമിയുടെ ജീവിതത്തിൽ മറ്റ് ഏത് വ്യക്തിക്കും സ്ഥാനമുള്ളു. ജീവിതത്തിലെ വിഷമഘട്ടങ്ങളിലെല്ലാം അഭിരാമിയുടെ പിന്തുണയാണ് അമൃതയ്ക്ക് കരുത്ത് പകർന്നത്. അമൃതയുടെ മകളെ സ്വന്തം മകളെപ്പോലെയാണ് അഭിരാമി സ്നേഹിക്കുന്നതും പരിപാലിക്കുന്നതും.
അമൃതയ്ക്ക് ഗായിക എന്ന ലേബലാണ് ഏറ്റവും കൂടുതൽ ചേരുന്നതെങ്കിൽ അഭിരാമിക്ക് യോജിക്കുന്നത് സംഗീത സംവിധായികയെന്ന ടാഗാണ്. വരികൾക്ക് സംഗീതം നൽകുന്ന കാര്യത്തിൽ അഭിരാമി തന്നെ പലപ്പോഴും വിസ്മയിപ്പിച്ചിട്ടുണ്ടെന്ന് ഗോപി സുന്ദർ വരെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അഭിരാമിയുടെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി എത്തിയിരിക്കുകയാണ് അമൃത സുരേഷ്.

തന്റെ ആദ്യത്തെ മകൾ അഭിരാമിയാണെന്നും തനിക്ക് വേണ്ടി എപ്പോഴും പഴികൾ ഏറ്റുവാങ്ങിയിരുന്നതും അഭിരാമിയാണെന്നും അമൃത കുറിച്ചു. 'വർഷങ്ങൾക്ക് മുമ്പ് ഈ ദിവസം എന്റെ ആദ്യത്തെ മകളായി എന്റെ കുഞ്ഞാവ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. അവൾ എനിക്ക് എന്താണ് എന്നത് വിശദീകരിക്കാൻ എനിക്ക് വാക്കുകൾ ഇല്ല.'
'ഞങ്ങൾ കുഞ്ഞു കളികൾ കളിച്ച നാളുകൾ മുതൽ അവൾ എന്നെ കാത്തിരിക്കുന്ന ഞങ്ങളുടെ സ്കൂൾ കാലം വരെ ഓർമകളിൽ തെളിയുന്നു. സ്‌കൂൾ ബസിൽ എനിക്കുവേണ്ടി കരുതിവെച്ച സ്‌നാക്‌സുമായി കാത്ത് നിൽക്കും. ഓരോ തവണയും എന്നെ രക്ഷിച്ച് അവൾ പഴികൾ ഏറ്റുവാങ്ങി. എന്തുവന്നാലും ഒരു ആൽമരം പോലെ അവൾ എന്നോടൊപ്പം നിന്നു.'
'അവളില്ലാതെ ഞാൻ എന്ത് ചെയ്യുമായിരുന്നുവെന്ന് എനിക്ക് ഒരു പിടിയുമില്ല. എന്റെ അഭിക്കുട്ടി മുതൽ എനിക്ക് അറിയാവുന്ന സുന്ദരിയും ദയയും സഹാനുഭൂതിയും ഉള്ള ഈ സ്ത്രീ വരെ... നീ എന്റെ കുഞ്ഞാവയാണ് എന്നേക്കും. ഈ പിറന്നാൾ ദിനത്തിൽ ഞാൻ നിന്നോട് പറയാൻ ആഗ്രഹിക്കുന്നു... നീ അകത്തും പുറത്തും സുന്ദരിയാണ്.'
'നീ ഓരോ ദിവസവും കൂടുതൽ സുന്ദരിയായി പരിണമിക്കുന്നു. എന്റെ ജീവിതത്തിലും മറ്റ് പലരിലും സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്. ഈ സുന്ദരമായ ആത്മാവായി നീ തുടരുക. പിന്നോട്ട് പോകരുത്... പുഞ്ചിരിച്ചുകൊണ്ട് മുന്നോട്ട് പോകൂ. ഞാൻ നിങ്ങളെ ഏറ്റവും അധികം ഇഷ്ടപ്പെടുന്നു. ഞാൻ നിന്നെയാണ് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതെന്ന് ഞാൻ മനസിലാക്കുന്നു.'

'എന്റെ ജീവിതത്തിലെ എല്ലാ ശൂന്യതകളും നീ ഇല്ലാതാക്കുന്നു... എനിക്ക് ജീവിക്കാൻ നീ മതി', എന്നാണ് സഹോദരിക്ക് പിറന്നാൾ ആശംസിച്ച് അമൃത കുറിച്ചത്. അമൃതയുടെ കുറിപ്പ് വായിച്ചപ്പോൾ തനിക്ക് കരച്ചിൽ വന്നുവെന്നാണ് അഭിരാമി മറുപടിയായി കുറിച്ചത്. അമൃതയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് അഭിരാമിക്ക് ആശംസകൾ അറിയിച്ച് എത്തിയത്.
സീരിയലുകളിൽ ചെറുപ്പം മുതൽ അഭിനയിച്ചിട്ടുണ്ട് അഭിരാമി. സിനിമയിൽ അഭിനയിക്കാനുള്ള മോഹവുമായി ഏറെനാൾ നടക്കുകയും ചെയ്തു. ദുൽഖറിനൊപ്പം ഒരു സിനിമയിൽ അഭിനയിക്കുകയും ചെയ്തു. തുടർന്നും അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നതിനാൽ ആ ശ്രമം അഭിരാമി ഉപേക്ഷിച്ചു.
കഫേ ഉട്ടോപ്യ എന്നൊരു റെസ്റ്റോറന്റ് അഭിരാമി നടത്തുന്നുണ്ട്. ഒപ്പം സ്റ്റേജ് ഷോകളുമായും സജീവമാണ്. അമൃതയുടെ ആദ്യ വിവാഹബന്ധം തകർന്നപ്പോഴും അതിനുശേഷം വലിയ രീതിയിൽ ആക്ഷേപം നേരിട്ടപ്പോഴും ഗോപി സുന്ദറുമായി പ്രണയത്തിലായപ്പോഴും എല്ലാം അമൃതയ്ക്കൊപ്പം നിന്നത് അഭിരാമിയായിരുന്നു. അന്നും ഇന്നും ചേച്ചിയുടെ വലംകൈയാണ് അഭിരാമി.


Click it and Unblock the Notifications











