കാത്തിരിപ്പ് നീണ്ടു പോയി,ഞാൻ തകർന്നു പോയിരുന്നു; ഇരട്ടക്കുട്ടികളുടെ അമ്മയായതിനെക്കുറിച്ച് ചിൻമയി
അടുത്തിടെയാണ് ഗായിക ചിൻമയി ഇരട്ടക്കുട്ടികൾക്ക് ജൻമം നൽകിയത്. ഒരാൺകുഞ്ഞും പെൺകുഞ്ഞും ആയിരുന്നു ചിൻമയിക്ക് ജനിച്ചത്. ധൃപ്ത, ഷർവാസ് എന്നിങ്ങനെയാണ് കുട്ടികൾക്ക് പേര് നൽകിയിരിക്കുന്നത്. 2014 ൽ ആണ് രാഹുൽ രവീന്ദ്രനും ചിൻമയിയും വിവാഹിതർ ആയത്. നടനും തിരക്കഥാകൃത്തും സംവിധായകനുമാണ് രാഹുൽ.
ഇപ്പോഴിതാ തനിക്ക് മുമ്പ് ഗർഭഛിദ്രം സംഭവിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് ചിൻമയി. ഏറെക്കാലം കാത്തിരുന്ന് ഗർഭിണി ആയപ്പോഴാണ് ഗർഭം അലസിപ്പോയതെന്നും ഇത് തന്നെ മാനസികമായി തകർത്തിരുന്നെന്നും ചിൻമയി തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

'ഞങ്ങൾക്കെപ്പോഴും മാതാപിതാക്കൾ ആവണമെന്നുണ്ടായിരുന്നു. പക്ഷെ എല്ലാം ആലോചിച്ച് തയ്യാറെടുപ്പുകളോടെ മതിയെന്നായിരുന്നു. ഇതിനിടയിൽ ഞങ്ങൾ റെഡി ആയി എന്ന് തോന്നിയ സമയത്ത് കൊവിഡ് വ്യാപനമുണ്ടായി'
'അന്ന് ഞങ്ങൾ ഗൈനക്കോളജിസ്റ്റുമായി സംസാരിച്ചു. കൊവിഡ് വ്യാപിക്കുന്ന സമയമായതിനാൽ എന്താണ് സംഭവിക്കുന്നതെന്ന ആർക്കും അറിയില്ലായിരുന്നു. ഇത്രയും കാത്തിരുന്ന സ്ഥിതിക്ക് കുറച്ചു കൂടി കാത്തിരിക്കാൻ ഗൈനകോളജിസ്റ്റ് പറഞ്ഞു'

'അങ്ങനെ ഞങ്ങൾ കാത്തിരിക്കാൻ തീരുമാനിച്ചു. ആ കാത്തിരിപ്പ് നീണ്ടുപോയി. കൊവിഡ് രണ്ടാം ഘട്ട വ്യാപനം കഴിഞ്ഞതോടെ ഞാൻ ഗർഭിണി ആയി. പക്ഷെ മൂന്ന് മാസത്തോടടുക്കവെ ഗർഭം അലസി. അത് ഹൃദയ ഭേദകമായിരുന്നു. ഞാൻ വളരെ വിഷമഘട്ടത്തിലൂടെ കടന്നു പോയി'
'ആളുകളോട് സംസാരിച്ചപ്പോൽ ഗർഭം അലസിപ്പോവുന്നതിൽ ഒരുപാട് പേർക്ക് കുറ്റബോധം ഉണ്ടെന്ന് എനിക്ക് മനസ്സിലായി. ഗർഭം അലസൽ ആരുടെയും പിഴവല്ല. അത് ആർക്ക് വേണമെങ്കിലും ഏത് പ്രായത്തിലും സംഭവിക്കാം. ഞാൻ മുപ്പത് കഴിഞ്ഞത് കൊണ്ടല്ല ഇങ്ങനെ സംഭവിച്ചത്. 20 കളിൽ എന്റെ കുടുംബത്തിലെ സ്ത്രീകൾക്ക് ഗർഭഛിദ്രം സംഭവിച്ചത് എനിക്കറിയാം'

'പക്ഷെ നല്ല പിന്തുണയും സഹായവും ലഭിച്ചതിനാൽ ഞാനെന്നെ സ്വയം കുറ്റപ്പെടുത്തിയില്ല. ശ്രുതി ധോനി എന്ന ഇന്റർ ജനറേഷണൽ ട്രോമ ഹീലർ എന്നെ സഹായിച്ചു. കഴിഞ്ഞ കുറച്ചു വർഷമായി അവരെന്നെ ഹീൽ ചെയ്യാൻ സഹായിക്കുന്നു. ഗുളിക കഴിച്ചാൽ ഹീൽ ആയെന്നല്ല. കുറേ ഘട്ടങ്ങളിലൂടെ കടന്നു പോയി. ഒപ്പം ഒരു കൺവെൻഷണൽ തെറാപിസ്റ്റിന്റെ സഹായവും ഞാൻ തേടി. പിന്നീട് നടത്തിയ ചികിത്സകളിലൂടെയാണ് വീണ്ടും ഗർഭിണി ആയതെന്നും ചിൻമയി പറഞ്ഞു'
Recommended Video

ഗർഭിണിയായ കാലത്ത് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ ചിൻമയി പങ്കുവെച്ചിരുന്നില്ല. ഇതിന്റെ പേരിൽ ചില വിവാദങ്ങളും നേരത്തെ ഉണ്ടായിരുന്നു. ഇരട്ടക്കുട്ടികൾക്ക് ജൻമം നൽകി എന്ന് വാർത്ത പുറത്തു വന്നപ്പോൾ വാടക ഗർഭപാത്രത്തിലൂടെയാണ് താരം കുഞ്ഞിനെ സ്വീകരിച്ചതെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു.
ഇതോടെ വിശദീകരണവുമായി ചിൻമയി തന്നെ രംഗത്തെത്തി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ താൻ ഗർഭിണിയായ വിവരം അറിഞ്ഞിരുന്നുള്ളൂ. സ്വകാര്യത സംരക്ഷിക്കാൻ വേണ്ടി ആയിരുന്നു പുറത്തറിയിക്കാതിരുന്നതെന്നായിരുന്നു ചിൻമയി പറഞ്ഞത്.


Click it and Unblock the Notifications











