ആയിരത്തിന് മുകളിൽ സാരികൾ, പലതും ഗിഫ്റ്റ് കിട്ടുന്നത്, അവരെ കാണുന്നത് ഭയം, അനുഭവങ്ങളാണ് കാരണം; ചിത്ര
ലോകമെമ്പാടുമായി വ്യാപിച്ച് കിടക്കുകയാണ് കേരളത്തിന്റെ സ്വന്തം വാനമ്പാടി കെ.എസ് ചിത്രയുടെ ആരാധകർ. ഇത്രയേറെ സ്നേഹം ലഭിക്കുന്ന മറ്റൊരു ഗായിക മലയാളത്തിലുണ്ടാവില്ല. പ്രിയ ഗായിക പൊതുവേദികളിൽ എത്തുമ്പോൾ ഏറ്റവും കൂടുതൽ ധരിക്കാറുള്ളത് സാരിയാണ്. വിരളമായി മാത്രമാണ് സൽവാറുകളിൽ പ്രത്യക്ഷപ്പെടുന്നത്. വലിയൊരു സാരി കലക്ഷൻ തനിക്കുണ്ടെന്ന് പറയുകയാണിപ്പോൾ ഐ ആം വിത്ത് ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗായിക.
എത്ര സാരികൾ എന്റെ കയ്യിലുണ്ടെന്ന് ചോദിച്ചാൽ അതിന് ഒരു കൃത്യമായ കണക്കില്ല. പുതിയത് വരുമ്പോൾ പഴയത് മാറ്റി കൊണ്ടിരിക്കും. കൃത്യമായി എത്ര സാരിയുണ്ടെന്ന് അറിയില്ലെങ്കിലും ആയിരത്തിന് മുകളിലുണ്ടാകും. ഷോപ്പിങിന് പോകുമ്പോൾ ചില സാരികൾ കാണുമ്പോൾ ഇത് എനിക്ക് വേണമെന്ന തോന്നലുണ്ടാകും.

പിന്നെ ഞാൻ ഉടുക്കുന്ന സാരികൾ എല്ലാം ഞാൻ വാങ്ങുന്നത് അല്ല. പലതും പലരുടേയും സമ്മാനമാണ്. അവയിൽ ചിലത് എനിക്ക് ഇഷ്ടമുള്ളയാകും. ചില സ്റ്റഫുകൾ എനിക്ക് ഇഷ്ടമല്ല. ആഗ്രഹിച്ച് തന്നതാണല്ലോ ഞാൻ ഉടുത്ത് കാണാൻ അവർ ആഗ്രഹിക്കുമല്ലോ എന്ന തോന്നൽ കാരണം ചില സാരികൾ ഞാൻ ഉടുക്കും. തൃപ്തിയില്ലെങ്കിലും ധരിക്കും.
സമ്മാനം തന്നവരെ സന്തോഷിപ്പിക്കാൻ വേണ്ടി ഉടുക്കുന്നതാണ് അത്. പിന്നെ ഒരുപാട് സാരികൾ എനിക്ക് ഗിഫ്റ്റ് കിട്ടാറുണ്ട്. ഇന്നലേയും കിട്ടി രണ്ടെണ്ണം. സ്റ്റാർ സിങറിന്റെ ഷൂട്ടിന് വന്നവർ കൊണ്ടുവന്ന് തന്നതാണ്. ഒരുപാട് വണ്ണം തോന്നിപ്പിക്കാത്തതും ഉടുത്താൻ സുഖമുള്ളതുമായ സാരികൾ ധരിക്കാനാണ് എനിക്ക് ഇഷ്ടം ചിത്ര പറയുന്നു. ദേഷ്യം വരാറുള്ള കൂട്ടത്തിലാണ് താനെന്നും ചിത്ര പറയുന്നു. ദേഷ്യം വന്നാൽ ഞാൻ ഒച്ചയെടുക്കും.
കുറച്ച് ശബ്ദം മാത്രമെ ഉണ്ടാക്കൂ. ഒരുപാട് ഒച്ചയിട്ടാൽ തൊണ്ട പോകും. ഭയങ്കരമായി ദേഷ്യം വരുമ്പോൾ പല്ല് കടിക്കുന്ന സ്വഭാവവുമുണ്ട്. എന്റെ ദേഷ്യം ഏറ്റവും കൂടുതൽ കാണുന്നത് ഭർത്താവ് വിജയൻ ചേട്ടൻ തന്നെയാണ്. എന്തെങ്കിലും പറഞ്ഞശേഷം ഞാൻ മൗനം ആചരിക്കും താരം പറഞ്ഞു. സോഷ്യൽമീഡിയയോട് തനിക്കുള്ള ഭയത്തെ കുറിച്ചും ഗായിക മനസ് തുറന്നു.
സോഷ്യൽമീഡിയ പേടിയാണ് എനിക്ക്. എവിടെ പോയാലും ആരെങ്കിലും ഫോണും കൊണ്ട് കൂടെ നടക്കുമല്ലോ. അത് കാണുമ്പോൾ ഭയമാണ്. ദൈവമെ ഇവർ ഏത് ഭാഗവും കട്ട് ചെയ്ത് ഇടാൻ പോകുന്നതെന്ന് ഓർത്ത്. ഒന്ന് രണ്ട് അനുഭവങ്ങൾ ഉണ്ടായതുകൊണ്ടാണ് പേടി. അടുത്തിടെയായിരുന്നു അതിൽ ഒന്ന്. രവീന്ദ്രൻ മാഷിന്റെ പേരിൽ ഒരു അവാർഡുണ്ടായിരുന്നു. ചടങ്ങ് കൊച്ചിയിൽ വെച്ചാണ് നടന്നത്.

ആ ഫങ്ഷനിൽ പങ്കെടുക്കാനായി ചെന്ന് ഞാൻ ഒരു കസേരയിൽ ഇരുന്നതേയുള്ളു. ബൊക്കെ പോലും മാറ്റിയിട്ടില്ല. അതിന് അർത്ഥം സെറ്റിലായിട്ടില്ല എന്നാണ്. പരിചയക്കാരെല്ലാം അടുത്ത് വന്ന് സംസാരിക്കുന്നുമുണ്ട്. അപ്പോഴേക്കും പിറകിൽ നിന്നും ഒരു അമ്മ വന്നു. ഫോട്ടോ എടുക്കാൻ വന്നതാണ്. അതിന്റെ ഇടയിൽ അവരുടെ കൈകൾക്കിടയിൽ എന്റെ മുടി അമർന്നു.
അന്ന് തലയിൽ വേറൊരു വെപ്പ് മുടി കൂടി വെച്ചിരുന്നു. ഒരു പബ്ലിക്ക് ഫങ്ഷനിൽ വെച്ച് അത് ഊരി വീണാൽ നാണക്കേടാവില്ലേ?. അവരുടെ കൈകൾ മുടിയിൽ അമർന്നപ്പോൾ എന്റെ തലയും ചെറുതായി വലിഞ്ഞു. അവരുടെ കൈ എനിക്ക് തട്ടി മാറ്റാൻ കഴിയില്ലല്ലോ. അതുകൊണ്ട് തന്നെ മുടിയിലാണ് കൈ അമർന്നിരിക്കുന്നതെന്ന് അവരോട് ഞാൻ പറഞ്ഞു. ആ പറയുന്ന ഭാഗം കട്ട് ചെയ്ത് ആരൊക്കയോ സോഷ്യൽമീഡിയയിൽ ഇട്ടു.
അതിനുശേഷം ചീത്ത വിളിച്ചുള്ള കമന്റുകൾ ആ വീഡിയോയ്ക്ക് വന്നു. ഞാൻ സോഷ്യൽമീഡിയ നോക്കുന്നയാളല്ല. പക്ഷെ ആരെങ്കിലും എനിക്ക് എല്ലാം അയച്ച് തരും. അങ്ങനെയാണ് ഞാൻ പലതും കാണുന്നത്. ആ സത്രീക്ക് ശേഷവും ഒരുപാട് പേർ വന്ന് ഫോട്ടോയെടുത്ത് പോയി. പക്ഷെ മുടിയെന്ന് ഞാൻ ആ സ്ത്രീയോട് പറഞ്ഞതാണ് പ്രശ്നമായതെന്നും അനുഭവം വിവരിച്ച് കെ.എസ് ചിത്ര പറഞ്ഞു.


Click it and Unblock the Notifications











