'കോംപ്ലിക്കേഷൻ ഉണ്ടായിരുന്നു, ഗർഭിണിയായപ്പോൾ വന്ന ഇടവേള; അച്ഛനും അമ്മയും ഉപദേശിച്ചത് ഭർത്താവും പറയുന്നു'
റിയാലിറ്റി ഷോകളിൽ നിന്നും പിന്നണി ഗാന രംഗത്തേക്ക് കടന്ന് വന്ന ഗായികയാണ് മൃദുല വാര്യർ. ഹിറ്റ് ഗാനങ്ങളുടെ വലിയൊരു നിര തന്നെ മ-ദുലയ്ക്ക് കരിയറിലുണ്ട്. ഒന്നിലേറെ തവണ പുരസ്കാരങ്ങളും മൃദുലയ്ക്ക് ലഭിച്ചു. ഗാന രംഗത്ത് അന്നും ഇന്നും മൃദുലയുടെ പാട്ടുകൾക്ക് ശ്രദ്ധ ലഭിക്കാറുണ്ട്. കോഴിക്കോട്ടുകാരിയായ മൃദുല നാലാം വയസ് മുതൽ സംഗീതം പഠിക്കാൻ തുടങ്ങിയതാണ്. വി രാമൻകുട്ടി വാര്യർ, എംടി വിജയലക്ഷ്മി എന്നിവരാണ് മൃദുലയുടെ മാതാപിതാക്കൾ.
കരിയറിന് വലിയ പിന്തുണ നൽകിക്കൊണ്ട് ഭർത്താവ് ഡോ. അരുണും ഒപ്പമുണ്ട്. 2013 ലാണ് ഇവർ വിവാഹിതരായത്. മൈത്രേയി വാര്യർ എന്നാണ് മകളുടെ പേര്. മകളെക്കുറിച്ചും കരിയറിൽ നിന്ന് മാറി നിന്ന സമയത്തെക്കുറിച്ചും സംസാരിക്കുകയാണ് മൃദുലയിപ്പോൾ. മൈൽസ്റ്റോൺ മേക്കേർസിലാണ് മൃദുല മനസ് തുറന്നത്. മകൾ ആദ്യം പാട്ടിൽ അഭിരുചി കാണിച്ചിരുന്നില്ല. മകളും പാടിയാൽ കൊള്ളാമെന്ന് എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു.

പാട്ട് കേൾക്കാൻ ഇഷ്ടമാണ്. പിന്നീട് ഓൺലൈൻ ക്ലാസുകൾ തുടങ്ങി. ഒരിക്കൽ ഓണത്തിനാണെന്ന് തോന്നുന്നു ടീച്ചർമാർ വരികൾ പാടിപ്പിച്ചപ്പോൾ ഇവൾ ട്യൂണിൽ പാടിത്തുടങ്ങി. അവരാണ് കണ്ടുപിടിച്ചത്. അതുവരെയും എന്റെ കുട്ടിയായതിനാൽ എനിക്കങ്ങനെ തോന്നുന്നതാണെന്ന് കരുതി. പക്ഷെ ടീച്ചർ പറഞ്ഞപ്പോൾ മകൾക്ക് കഴിവുണ്ടെന്ന് ഉറപ്പായി. അപ്പോൾ തനിക്ക് സമാധാനമായെന്നും മൃദുല വ്യക്തമാക്കി.
ഭർത്താവ് അരുണും പാടാറുണ്ടെന്നും മൃദുല പറയുന്നു. പാട്ട് മാത്രമല്ല, സകല കലാവല്ലഭനാണ്. പക്ഷെ ശ്രദ്ധ മുഴുവൻ പഠനത്തിലായി. ആ വഴിയെ പോയി. പാടണമെന്ന് ആൾക്ക് ആഗ്രഹമൊന്നും ഇല്ല. ഞങ്ങളെ നന്നായി സപ്പോർട്ട് ചെയ്യും. ആൾ വർക്ക്ഹോളിക്കാണെന്നും മൃദുല പറയുന്നു. കരിയറിൽ മത്സരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മൃദുല അമ്മായായ ശേഷം കരിയറിൽ നിന്നും കുറച്ച് കാലം മാറി നിന്നതിനെക്കുറിച്ചും സംസാരിച്ചു.

ഞാൻ വിശ്വസിക്കുന്ന കാര്യം എപ്പോഴാണെങ്കിലും അവസരങ്ങൾ എന്നെ തേടി വന്നിട്ടേയുള്ളൂ. ഞാനായിട്ടാണ് ബ്രേക്ക് എടുത്തത്. മകളെ ഗർഭിണിയായ സമയത്താണ് ബ്രേക്ക് എടുത്തത്. അത് ഞാൻ തന്നെ തീരുമാനിച്ച് എടുത്ത ബ്രേക്ക് ആണ്. എനിക്ക് കുറച്ച് കോംപ്ലിക്കേഷനുകൾ ഉണ്ടായിരുന്നു. പ്രൊഫഷനെ പോലെ ഇതും ജീവിതത്തിൽ പ്രധാനപ്പെട്ട കാര്യമാണ്. ആ സമയത്ത് പൂർണമായും രണ്ട് വർഷത്തോളം ബ്രേക്ക് എടുത്തു.
തിരിച്ച് വന്നപ്പോഴും അവസരങ്ങൾ കിട്ടിയത് ദൈവാനുഗ്രഹമാണ്. കൊവിഡിന്റെ സമയത്ത് എല്ലാവരും അനുഭവിച്ചു. അത് പോലെ എനിക്കും ഉണ്ടായിരുന്നു. കൊവിഡ് മാറിയപ്പോൾ ട്രാക്കിലായി. നമ്മുടെ കഴിവിൽ വിശ്വസിച്ച് പ്രാക്ടീസ് ചെയ്യുക. നേരായ വഴിക്ക് പോകുക. കിട്ടുന്നതിൽ തൃപ്തിപ്പെടുക. മറ്റുള്ളവരുടെ ചാൻസ് കളയാതിരിക്കുക.
എന്റെ അച്ഛനും അമ്മയും എപ്പോഴും പറഞ്ഞ കാര്യം നിനക്ക് വരുന്നത് മാത്രം സ്വീകരിച്ച് മുന്നോട്ട് പോകുക, വേറൊരു പരിപാടിക്കും പോകരുത്, അങ്ങനെ നമുക്ക് ഒന്നും വേണ്ടെന്നാണ്. അത് തന്നെയാണ് ഭർത്താവും പറയാറ്. ആരെയും വഞ്ചിച്ച് ഒന്നും വേണ്ട. അതുകൊണ്ട് എപ്പോഴും തൃപ്തിയുണ്ട്. സമാധാനമായി കിടന്നുറങ്ങാൻ സാധിക്കും. അതാണ് ഏറ്റവും പ്രധാനമെന്നും മൃദുല വ്യക്തമാക്കി.


Click it and Unblock the Notifications











