ഞാൻ അവരുടെ ആരാധികയാണ്, പക്ഷെ പ്രശ്നം വരുന്നത് അവിടെയാണ്; ശ്രേയ ഘോഷലിനെക്കുറിച്ച് മൃദുല
റിയാലിറ്റി ഷോകളിൽ നിന്നും നിരവധി ഗായകർ പിന്നണി ഗാന രംഗത്തേക്ക് വന്നിട്ടുണ്ടെങ്കിലും ഇക്കൂട്ടത്തിൽ വൻ ജനപ്രീതി നേടാൻ കഴിഞ്ഞവർ കുറവാണ്. എന്നാൽ മലയാളത്തിലെ മുൻനിര പിന്നണി ഗായികയായി മാറാൻ മൃദുല വാര്യർക്ക് കഴിഞ്ഞു. മൃദുലയുടെ നിരവധി ഗാനങ്ങൾ വൻ ജനപ്രീതി നേടി. മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരവും മൃദുലയെ തേടിയെത്തി. മൃദുലയുടെ ശബ്ദത്തിൽ പലരും എടുത്ത് പറയുന്നത് പ്രശസ്ത ഗായിക ശ്രേയ ഘോഷലുമായുള്ള സാമ്യമാണ്.
രണ്ട് പേരുടെയും മലയാളത്തിലെ മികച്ച ഗാനങ്ങൾക്ക് സംഗീത സംവിധാനം ചെയ്തത് എം ജയചന്ദ്രനാണെന്ന പ്രത്യേകതയുമുണ്ട്. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് മൃദുല വാര്യർ. സൈന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ശ്രേയാജി അത്രയും ലെജൻഡാണ്. ഇപ്പോഴത്തെ യംഗ്സ്റ്റേഴ്സിൽ ഏറ്റവും മികച്ച ഗായിക. ഓരോ ഭാഷയിലും പാടുമ്പോൾ മണിക്കൂറുകളോളം വർക്ക് ചെയ്ത് ആ ഭാഷ പെർഫെക്ട് ആക്കും.

നമ്മളെ പോലുള്ള ഗായകരെ പ്രചോദിപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ അവരിലുണ്ട്. ഞാനവരുടെ ഫാനാണ്. ഞാനുമായി താരതമ്യം ചെയ്യുന്നു എന്ന് പറയുന്നത് തന്നെ ഒരുപടി മുകളിലേക്കെത്തിയത് പോലെയാണ്. പക്ഷെ പ്രശ്നം വരുന്നത് ഞാൻ പാടിയ പാട്ടുകൾ ശ്രേയാജി പാടിയതാണെന്ന് പവരും വിശ്വസിച്ചിട്ടുണ്ട്.
പിന്നീട് കുറച്ച് പാട്ടുകൾ പാടിയപ്പോൾ അത് മാറിത്തുടങ്ങിയെന്നും മൃദുല വ്യക്തമാക്കി. കളിമണ്ണ് എന്ന സിനിമയിൽ ശ്രേയ ഘോഷലും മൃദുലയും പാടിയിട്ടുണ്ട്. ലാലീ ലാലീ എന്ന പാട്ടിൽ അനുപല്ലവിയിൽ ശബ്ദം ഒരപോലെ തോന്നിയെന്ന് കേട്ടിട്ടുണ്ട്. പലരും ആ പാട്ട് ശ്രേയാജി ആണ് പാടിയതെന്ന് ധരിച്ചെന്നും മൃദുല പറഞ്ഞു. ശലഭമായി എന്ന പാട്ടാണ് ചിത്രത്തിൽ ശ്രേയ ഘോഷൽ പാടിയത്.

മൃദുല പാടിയ ലാലീ ലീലീ എന്ന ഗാനമാണ് അന്ന് കൂടുതൽ ശ്രദ്ധ നേടിയത്. ഈ ഗാനത്തിലൂടെ 2013 ലെ പ്രത്യേക ജൂറി അവാർഡും മൃദുല നേടി. ഡോ. അരുൺ വാര്യരെയാണ് മൃദുല വിവാഹം ചെയ്തത്. 2013 ലായിരുന്നു വിവാഹം, ഭർത്താവിനെക്കുറിച്ചും മൃദുല വാര്യർ സംസാരിച്ചു. ആൾ കോളേജിൽ പഠിക്കുന്ന കാലത്ത് സകല കലാ വല്ലഭനായിരുന്നു. മൾട്ടി ടാലന്റഡായ വ്യക്തിയായിരുന്നു. പിന്നീട് പഠിത്തത്തിലേക്ക് ശ്രദ്ധ കൊടുത്തു.
ഇപ്പോൾ ആ പാട്ട് പാടിയാൽ കൊള്ളാം എന്നൊക്കെ പറയും. പക്ഷെ തനിക്ക് പാടുമ്പോൾ തിരുത്തുന്ന സ്വഭാവമാണുണ്ട്. ഇത്രയൊക്കെ മതിയെന്ന് പറഞ്ഞ് പുള്ളി നിർത്തും. എനിക്ക് പാട്ട് കേട്ടാൽ ആ പാട്ട് പാടേണ്ട രീതിയിൽ തന്നെ വരണം. അറിയാതെ വരുന്നതാണ്. അതിൽ ഇറിറ്റേറ്റഡാകുന്നതായിരിക്കാമെന്നും മൃദുല പറഞ്ഞു. മൈത്രെയി വാര്യർ എന്നാണ് മകളുടെ പേര്. 2016 ലാണ് മൃദുലയ്ക്കും അരുണിനും മകൾ പിറന്നത്.
2010 ൽ ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയ്ക്ക് ശേഷമാണ് മൃദുല പിന്നണി ഗാന രംഗത്ത് സജീവമാകുന്നത്. 2022 ൽ പുറത്തിറങ്ങിയ പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയിലെ മയിൽപീല ഇളകുന്നു ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരം മൃദുലയ്ക്ക് ലഭിച്ചിട്ടുണ്ട.


Click it and Unblock the Notifications











