ആ കുടുംബത്തെ പിടിച്ച് നിർത്തുന്നത് അവളാണ്; വീണ് പോയെന്ന് കരുതും, പക്ഷെ ഫീനിക്സ് പക്ഷിയെ പോലെ ഉയരും
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക റിമി ടോമി. ഗായിക എന്നതിനൊപ്പം മികച്ച എന്റർടെയ്നർ കൂടിയായ റിമി ടോമി ഷോകളിലെ താരമാണ്. ടെലിവിഷൻ ഷോകളിലും സ്റ്റേജ് ഷോകളിലും റിമി തിളങ്ങാറുണ്ട്. റിമിയുടെ തമാശകൾക്കും ആരാധകർ ഏറെയാണ്. എപ്പോഴും രസകരമായി സംസാരിക്കുന്ന റിമിയെ അപൂർവമായേ പ്രേക്ഷകർ കരഞ്ഞ് കണ്ടിട്ടുള്ളൂ. അച്ഛന്റെ മരണത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് റിമി എപ്പോഴും വികാര ഭരിതയാകാറ്.
എല്ലാമെല്ലാമായിരുന്ന അച്ഛന്റെ അപ്രതീക്ഷിത മരണം തന്നെ തകർത്ത് കളഞ്ഞിരുന്നെന്ന് റിമി തുറന്ന് പറയുകയുമുണ്ടായി. ഇൻഡസ്ട്രിയിൽ റിമിയുടെ അടുത്ത സുഹൃത്താണ് വിധു പ്രതാപ്. ഇരുവരും വർഷങ്ങളായി പിന്നണി ഗാന രംഗത്ത് തുടരുന്നു. നിരവധി സിനിമകളിലും സ്റ്റേജ് ഷോകളിലും റിമിയും വിധുവും ഒരുമിച്ച് പാടിയിട്ടുണ്ട്. മഴവിൽ മനോരമയിലെ സൂപ്പർ ഫോർ എന്ന ഷോയിൽ ഇരുവരും വിധികർത്താക്കളായെത്തിയിട്ടുണ്ട്.

ഇവർ തമ്മിലുള്ള രസകരമായ സംഭാഷങ്ങളായിരുന്നു ഷോയുടെ പ്രധാന ഹൈലൈറ്റ്. റിമി ടോമിയെക്കുറിച്ച് സംസാരിക്കുകയാണ് വിധു പ്രതാപിപ്പോൾ. താനേറെ ബഹുമാനിക്കുന്ന സുഹൃത്താണ് റിമിയെന്ന് വിധു പ്രതാപ് പറയുന്നു. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. റിമി ഫിനിക്സാണ്. റിമി തറയിൽ വീഴുമെന്ന് നമ്മൾ വിചാരിക്കും. പക്ഷെ തറയിൽ വീണാലും റിമി ഇരട്ടി ശക്തിയിൽ പറന്ന് വരും. ഞാനവളെ വളരെയധികം ബഹുമാനിക്കുന്നു.
ആ കുടുംബത്തെ പിടിച്ച് നിർത്തുന്നതും കൊണ്ട് പോകുന്നതുമൊക്കെ റിമിയാണ്. എവിടെയെങ്കിലും പോകുമ്പോൾ റിമിക്ക് പറ്റുമോ എന്ന് ചിലർ ചോദിക്കും. റിമിയെക്കുറിച്ച് നിങ്ങൾക്ക് അറിയാഞ്ഞിട്ടാണെന്ന് ഞാൻ പറയും. വളരെ ചെറുപ്പത്തിലേ എനിക്ക് അറിയാം. മീശമാധവൻ തൊട്ട് ധാരാളം ഷോകൾ ഒരുമിച്ച് ചെയ്തു. മാസങ്ങളോളം ഒരുമിച്ച് ട്രാവൽ ചെയ്ത് ഷോ ചെയ്തവരാണ്. റിമിയെ എനിക്ക് കൃത്യമായി അറിയാമെന്നും വിധു പ്രതാപ് വ്യക്തമാക്കി.

മറ്റ് സുഹൃത്തുക്കളായ സിത്താര കൃഷ്ണകുമാർ, രമേശ് പിഷാരടി, ജോത്സ്ന തുടങ്ങിയവരെക്കുറിച്ചും വിധു പ്രതാപ് സംസാരിച്ചു. സിത്തു ഭയങ്കര ലക്ഷ്യബോധമുള്ള ആളാണ്. കഠിനാധ്വാനം ചെയ്യും. നിനക്ക് വർക്ക് ചെയ്യാൻ 24 മണിക്കൂർ പോര എന്ന് ഞാൻ പറയും. അങ്ങനെ വർക്ക് ചെയ്യുന്ന ആളാണ്. ആ അധ്വാനം കാണുന്നുമുണ്ടെന്ന് വിധു പ്രതാപ് ചൂണ്ടിക്കാട്ടി. രമേഷ് പിഷാരടി എല്ലാ കാര്യങ്ങളിലും അറിവുള്ള വ്യക്തിയാണെന്നും വിധു പ്രതാപ് ചൂണ്ടിക്കാട്ടി.
എല്ലാത്തിനെക്കുറിച്ചും വളരെ വ്യക്തമായ ധാരണയുണ്ട്. രാഷ്ട്രീയത്തിലായാലും എന്തിലായാലും. ജോത്സ്ന ആവശ്യത്തിൽ കൂടുതൽ ചിന്തിക്കുന്ന ആളാണെന്നും വിധു പ്രതാപ് പറയുന്നു. കൺഫ്യൂഷന്റെ കൂടാരമാണ്. ഞാനും ജോയും കൂടെ ഒരു ഷോയ്ക്ക് ഇറങ്ങാൻ പോകുകയാണ്. ജോ റൂമിൽ നിന്ന് ഇറങ്ങു വരുമ്പോൾ ഇതിലേത് ചെരുപ്പാണ് ഞാനിടേണ്ടത് എന്ന് ചോദിക്കും.
ഓരോ കാലിലും ഓരോ ചെരുപ്പായിരിക്കും. ഇതിട്ടാേ എന്ന് ഞാൻ പറയും. ഈ ഉടുപ്പിനേക്കാളും നല്ലത് ഇതല്ലേ എന്ന് ജോ ചോദിക്കും. എന്നാൽ മറ്റേ ചെരുപ്പിട്ടോ എന്ന് പറയുമ്പോൾ അതിനേക്കാൾ ഇതാണിഷ്ടമെന്ന് പറയും. ഈ സംസാരം തുടർന്ന് കൊണ്ടിരിക്കുമെന്നും വിധി പ്രതാപ് പറഞ്ഞു.


Click it and Unblock the Notifications











