മെസേജിലൂടെ തുടക്കം, എല്ലാം തുടങ്ങിയത് അവിടം മുതൽ; സമാന്തയുടെ വിവാഹ ജീവിതം തകർത്തത് ശോഭിതയോ; സത്യാവസ്ഥ
ഒന്നിന് പിറകെ ഒന്നായി താര വിവാഹങ്ങളായിരുന്നു ഡിസംബർ മാസം. ഇതിൽ ഏറ്റവും കൂടുതൽ ചർച്ചയായത് നാഗ ചൈതന്യ-ശോഭിത ധുലിപാല വിവാഹമാണ്. നാഗ ചൈതന്യയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇതാണ് കൂടുതൽ ജനശ്രദ്ധ ഈ വിവാഹത്തിലേക്ക് പോയതിന് കാരണം. ചൈതന്യയുടെ മുൻ ഭാര്യ തെന്നിന്ത്യൻ താര റാണി സമാന്തയാണ്. സമാന്തയുടെ ആരാധകർ ചൈതന്യക്കും ശോഭിതയ്ക്കും നേരെ വ്യാപക വിമർശനമാണ് ഉന്നയിച്ചത്. സമാന്തയെ നാഗ ചൈതന്യ വഞ്ചിക്കുകയായിരുന്നു എന്നാണ് സമാന്ത ആരാധകരുടെ വാദം.
വിവാഹ ദിവസം പുറത്ത് വന്ന ഫോട്ടോകൾക്ക് താഴെ വ്യാപകമായി കുറ്റപ്പെടുത്തലുകൾ വന്നു. എന്നാൽ താരങ്ങൾ ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. ഇപ്പോഴിതാ ആദ്യമായി തങ്ങളുടെ പ്രണയത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നാഗ ചൈതന്യയും ശോഭിതയും. ന്യൂയോർക്ക് ടെെംസിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും പ്രണയ കഥ പങ്കുവെച്ചത്. 2018 ലാണ് താരങ്ങൾ ആദ്യമായി കാണുന്നത്. അന്ന് നാഗ ചൈതന്യയുടെ പിതാവ് നാഗാർജുനയുടെ ക്ഷണ പ്രകാരം താരത്തിന്റെ വീട്ടിലെത്തിയതായിരുന്നു ശോഭിത.

അന്ന് കണ്ടെങ്കിലും ഇവർ തമ്മിൽ സൗഹൃദമൊന്നുമുണ്ടായില്ല. 2022 ലാണ് ശോഭിത നാഗ ചൈതന്യയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. ഇതിന് ഒരു വർഷം മുമ്പാണ് നാഗ ചൈതന്യയും സമാന്തയും വേർപിരിഞ്ഞത്. താനാണ് നാഗ ചൈതന്യയെ ആദ്യം ഫോളോ ചെയ്തതെന്ന് ശോഭിത പറയുന്നു. 2022 ലാണ് ഞാൻ ഫോളോ ചെയ്യുന്നത്. അടുത്ത ദിവസം തന്നെ ചൈതന്യയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിക്ക് മറുപടി നൽകി.
സുഷി ഡിഷിനെക്കുറിച്ചായിരുന്നു ഈ സ്റ്റോറി. താൻ ഫുഡിയാണ്. ഭക്ഷണത്തെക്കുറിച്ച് ചൈതന്യയുമായി സംസാരിച്ചു. ഭക്ഷണത്തിനപ്പുറം ഭാഷയും ഇവരെ ഒരുമിപ്പിച്ചു. രണ്ട് പേരും ആന്ധ്രാക്കാരാണ്. ശോഭിത വാക്കുകൾക്ക് ആഴമുണ്ടെന്ന് നാഗ ചൈതന്യ അഭിമുഖത്തിൽ പറയുന്നുണ്ട്. തന്റെ വ്യക്തിത്വത്തെ പ്രകടിപ്പിക്കുന്ന ഇൻസ്റ്റഗ്രാം സ്റ്റോറികൾക്ക് നാഗ ചൈതന്യ ലൈക്ക് ചെയ്യുന്നത് തനിക്കിഷ്ടപ്പെട്ടെന്നാണ് ശോഭിത പറയുന്നത്.

സോഷ്യൽ മീഡിയയിലൂടെ പരസ്പരം അറിഞ്ഞ ശേഷം മുംബൈയിൽ വെച്ചായിരുന്നു ഇവരുടെ ആദ്യ ഡേറ്റ്. ഹൈദരാബാദിൽ നിന്നും മുംബൈയിലേക്ക് ശോഭിതയെ കാണാൻ നാഗ ചൈതന്യ എത്തുകയായിരുന്നു. ഇത് തന്നെ ഏറെ ആകർഷിച്ചെന്ന് ശോഭിത പറയുന്നു. പിന്നീട് ആമസോൺ പ്രെെമിന്റെ ഇവന്റിൽ വെച്ചാണ് കാണുന്നത്. ഇതിന് ശേഷം പ്രണയത്തിലായെന്നും ശോഭിത വ്യക്തമാക്കി.
2022 ലാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. സമാന്തയുടെ വിവാഹ ജീവിതം ശോഭിത തകർത്തു എന്ന ആരോപണത്തിന് ഇതോടെ അവസാനമായിരിക്കുകയാണ്. സമാന്തയുമായി ചൈതന്യ പിരിയാൻ കാരണമെന്തെന്ന് വ്യക്തമല്ല. വിവാഹ ശേഷം സമാന്തയ്ക്ക് കരിയറിൽ വലിയ ഉയർച്ചയുണ്ടായിരുന്നു. ഇത് ബന്ധത്തെ ബാധിച്ചെന്ന് അഭ്യൂഹങ്ങളുണ്ട്. വിവാഹ മോചനത്തിന് ശേഷം മറ്റ് ചില പ്രതിസന്ധികളും സമാന്തയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നു. മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ നടിയെ ബാധിച്ചു. ചെറിയ ഇടവേളയ്ക്ക് ശേഷം കരിയറിൽ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് സമാന്ത.


Click it and Unblock the Notifications