''ഞാൻ തൊരത്തി തൊരത്തി അടിക്കും'', കണ്ട് നിന്നവരെ പോലും രോമാഞ്ചത്തിലാക്കി; ഇങ്ങേരെന്ത് റേഞ്ചുള്ള നടനാണ്...
തരികിട സാബു അഥവ സാബുമോന്‍ അബ്ദുസമദ് എന്നറിയപ്പെടുന്ന താരത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അത്രത്തോളം പ്രേക്ഷക പ്രശംസ പിടിച്ച് പറ്റാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ബിഗ് ബോസിലെ പ്രകടനത്തിലൂടെയാണ് സാബു ജനകീയനാവുന്നത്. അതുവരെ തന്നെ കുറിച്ചുണ്ടായിരുന്ന മുന്‍വിധികളൊക്കെ കാറ്റില്‍ പറത്താന്‍ താരത്തിന് സാധിച്ചിരുന്നു.
ഇപ്പോഴിതാ രജനികാന്തിന്റെ പുതിയ സിനിമ വേട്ടയാനിലും പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സാബുമോനാണ്. ആരും പ്രതീക്ഷിക്കാത്ത സമയത്ത് സിനിമയില്‍ സാബുമോനെ കണ്ടതിനെ കുറിച്ച് പറയുകയാണ് അനു ചന്ദ്ര. സാബുവിന്റെ ചില പ്രകടനം കണ്ട് ഞെട്ടിയതിനെ കുറിച്ചായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ എഴുത്തുകാരി വ്യക്തമാക്കുന്നത്...

'സാബുമോന്‍- വേട്ടയാന്‍ സിനിമക്കകത്തിങ്ങേരെ പെട്ടന്നങ്ങ് കണ്ടപ്പോള്‍ ഒരു നിമിഷമെങ്കിലും അറിയാതെയങ്ങ് ചിന്തിച്ചു പോയി 'എന്റമ്മോ ഇയാളൊക്കെ എന്തൊരു റേഞ്ചുള്ള നടനാണെന്ന്.' 'തരികിട സാബു' എന്ന പേരൊക്കെ പണ്ടേക്ക് പണ്ടേ മനസ്സില്‍ പതിഞ്ഞതാണ്. 2002 കാലത്ത് പുറത്തിറങ്ങിയ നക്ഷത്രകണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്ന സിനിമയിലെ 'പല്ലന്‍ ഭാസ്‌കരന്‍' എന്ന കഥാപാത്രത്തിലൂടെ ശരാശരിക്കും താഴെയുള്ള അഭിനയം മാത്രം കാഴ്ച്ചവെച്ച നടനാണ്.
അതിന്‌ശേഷം പന്ത്രണ്ടോളം സിനിമകളില്‍ ഇങ്ങേര് ചെറുതും വലുതുമായ കഥാപാത്രങ്ങളൊക്കെ ചെയ്‌തെങ്കിലും അതിലെ ഒരൊറ്റ കഥാപാത്രം പോലും ഹൃദയത്തില്‍ പതിയുന്ന ഒന്നായിരുന്നില്ല. അങ്ങനെ നില്‍ക്കുന്ന കാലത്താണ് ബിഗ് ബോസിലേക്കൊരു പോക്ക് പോയത്.
'ദിസ് ഈസ് ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപള്ളി താലൂക്കില്‍ പത്തിയൂര്‍ വില്ലേജില്‍ എരിവംമുറയില്‍ വാവക്കുഞ്ഞ് മകന്‍ കുഞ്ഞുണ്ണുണ്ണി മകന്‍ അബ്ദുസമദ് മകന്‍ സാബുമോന്‍'
'യുദ്ധമെങ്കില്‍ യുദ്ധം തന്നെ. അറഞ്ചം പുറഞ്ചം, എന്നെ തൂക്കാന്‍, എന്റെ മുന്‍പിലേക്ക് വന്നു നിന്ന് പറയാന്‍ ഇച്ചിരി പാടാണ്, ഞാന്‍ തൊരത്തി തൊരത്തി അടിക്കും'.... അതിനകത്തെ ഇയാളുടെ ഇമ്മാതിരി ലെവല്‍ ഡയലോഗ്‌സ് കാരണം ചുമ്മ പ്രോഗ്രാം കണ്ട് നിന്നവര്‍ക്ക് പോലും രോമാഞ്ചം വരും എന്ന അവസ്ഥയായി.
ഒടുവില്‍ ബിഗ് ബോസില്‍ നിന്നും കപ്പും തൂക്കിയാണിയാള്‍ ഇറങ്ങി പോന്നത്. അപ്പോഴേക്കും 'തരികിട സാബു'വില്‍ നിന്നും 'ബുദ്ധിമാനായ സാബു'വായി പ്രേക്ഷകരുടെ മനസ്സിലിയാള്‍ അങ്ങേയറ്റമങ്ങ് മാറി കഴിയുകയും ചെയ്തു.

പിന്നൊരുദിവസം ഒട്ടും പ്രതീക്ഷിക്കാത്ത നേരത്താണ് ലിജോ പെല്ലിശ്ശേരിയുടെ 'ജെല്ലിക്കെട്ട്' സിനിമയില്‍ 'ഒരു പൂവനെ പിടിച്ചു കറി വെച്ചേര്.. ഞാനിങ്ങെത്തുവാ' എന്നുച്ചത്തില്‍ വിളിച്ചു പറഞ്ഞു, ജീപ്പിന്റെ മുകളിലിരുന്ന് നാട് കയറി വരുന്ന കുട്ടച്ചനായി സാബുമോന്‍ ഞെട്ടിച്ചത്. ശരാശരിക്കും താഴെയെന്ന് കരുതിവെച്ചൊരു നടനില്‍ നിന്നും അയാളുടെ അഭിനയം കുത്തനെ ഉയര്‍ന്നു വരുന്നത് നോക്കി നില്‍ക്കേണ്ടുന്ന അവസ്ഥ.
യെസ്, നടനിലേക്കുള്ള അയാളുടെ യഥാര്‍ത്ഥ പരിവര്‍ത്തനം അതായിരുന്നു. അവിടന്നങ്ങോട്ട് പിന്നെയും അയാളുടെ സിനിമകള്‍ വന്നെങ്കിലും ഒന്നും ഓര്‍മ്മയില്‍ നിക്കുന്നതായിരുന്നില്ല. പക്ഷേ ഇന്നിതാ ജെല്ലിക്കെട്ടും കഴിഞ്ഞുള്ള അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ ആ വീറോടെ, അല്ല, അതിലും വീറോടെ അയാളെ വീണ്ടും സ്‌ക്രീനില്‍ കാണുന്നു. ജെല്ലിക്കെട്ടിലുള്ളതിനേക്കാള്‍ ഗംഭീര പെര്‍ഫോര്‍മന്‍സില്‍. സ്‌ക്രീന്‍ ടൈം കുറവായിരിക്കാം. ബട്ട് പെര്‍ഫോര്‍മന്‍സ് ഊഫ്, അത് ഗംഭീരം...
ഹൈ 'റേഞ്ച്' നടന്‍, അതേ മലയാള സിനിമ വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ പലപ്പോഴും വിട്ട് പോകുന്ന അസാധ്യ അഭിനയ വഴക്കമുള്ള ഒരു നടനായി സാബുമോന്‍ മാറികഴിഞ്ഞിരിക്കുന്നു ഗയ്‌സ്. അയാള്‍ വേട്ടയാനില്‍ തകര്‍ത്തിരിക്കുന്നു... എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.


Click it and Unblock the Notifications











