നാല്‍പതുകളിലെ പ്രണയത്തിനു വശ്യത കൂടുതലാണ്! ദിവ്യയും ക്രിസും ഇപ്പോള്‍ ആസ്വദിക്കുന്നത് അതാണ്; കുറിപ്പ് വൈറല്‍
രണ്ടാമതും വിവാഹിതരായതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും വലിയ വിമര്‍ശനം നേരിടേണ്ടി വന്ന താരങ്ങളാണ് ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും. ടെലിവിഷന്‍ താരങ്ങളായ ഇരുവരും കഴിഞ്ഞ ആഴ്ചയായിരുന്നു വിവാഹിതരാവുന്നത്. പിന്നാലെ ക്രിസിനെതിരെ ഗുരുതരമായ അധിഷേപങ്ങള്‍ ഉയര്‍ന്ന് വന്നു.
പ്രായം കൂടുതലുള്ള ആളാണെന്നും ഈ പ്രായത്തില്‍ വിവാഹം കഴിച്ചത് ശരിയായില്ലെന്നുമൊക്കെയായിരുന്നു കമന്റുകള്‍. എന്നാല്‍ ഈ വിവാഹത്തിലേക്ക് പ്രവേശിക്കാനുണ്ടായ കാരണത്തെ കുറിച്ച് ഇരുവരും തുറന്ന് സംസാരിച്ചിരുന്നു. ഇതോടെ വലിയ പിന്തുണയും താരങ്ങള്‍ക്ക് ലഭിച്ചു. ഇപ്പോഴിതാ ക്രിസിനെയും ദിവ്യയെയും അവരുടെ പാട്ടിന് വിടുകയാണ് വേണ്ടെന്നും അവരുടെ ജീവിതം ആഘോഷിക്കട്ടെ എന്നും പറയുകയാണ് എഴുത്തുകാരി കൂടിയായ ദീപ സെയ്‌റ.

'നാല്‍പതുകളിലെ പ്രണയത്തിനു വശ്യത കൂടുതലാണ്.. ദിവ്യയും ക്രിസും ഇപ്പോള്‍ ആസ്വദിക്കുന്നത് അതാണ്. അവരെ അവരുടെ പാട്ടിനു വിടുക..
എന്തിനാണ് വിവാഹം കഴിക്കുന്നത്? എന്താണ് എല്ലാവരുടെയും മറുപടി? 'സുരക്ഷ, തണല്‍, കുട്ടികള്‍' - ഇതാണോ എല്ലാവരുടെയും ഉത്തരം? അതോ പ്രണയം, സെക്‌സ് എന്നാണോ? ഇവരുടെ പ്രണയത്തെ അസൂയയോടെ നോക്കിക്കാണുകയും 'ഏട്ടന്റെ തണലില്‍ കഴിയണം, മക്കള്‍ക്ക് സുരക്ഷയുണ്ടാവണം, മക്കള്‍ക്ക് അച്ഛനുണ്ടാവണം' എന്നിങ്ങനെ ദിവ്യ പറഞ്ഞുകൊണ്ടേയിരിക്കുന്നത് കേള്‍ക്കുമ്പോള്‍ ദേഷ്യം വരികയും ചെയ്യുന്നത് എനിക്ക് മാത്രമാവും ല്ലേ?
ക്രിസ് അതു ഒരു വാക്കില്‍ ഒതുക്കുന്നു. 'എനിക്കൊരു കൂട്ട് വേണമെന്ന് തോന്നി, കെട്ടി'. 64 -ാം വയസ്സില്‍ വിവാഹം ചെയ്ത ഒരു അങ്കിളിനെ അറിയാം. വിവാഹശേഷം ആന്റിയെക്കൂട്ടി വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ വെറുതെ ആന്റിയോട് ചോദിച്ചു എന്തിനാണ് ഈ പ്രായത്തില്‍ വിവാഹത്തിലേക്ക് എത്താന്‍ കാരണമെന്ന്.
'യാത്രകള്‍ പോകാന്‍ ഏറെ ഇഷ്ടമാണ്. ഒറ്റയ്ക്ക് പോകാന്‍ ഇഷ്ടമല്ല. പേടി കൊണ്ടല്ല, മിണ്ടി പറഞ്ഞു പോകാന്‍ ആരേലും വേണം. പുള്ളിയ്ക്ക് യാത്രകള്‍ നല്ല വൈബ് ആണ്. കെട്ടിയിട്ട് പോകുമ്പോള്‍ ഇടയ്ക്ക് വച്ചു സ്ഥലം വിട്ടു കളയില്ലെന്ന് പ്രതീക്ഷിക്കാം. അതു കൊണ്ട് കെട്ടി' - ഈ ഉത്തരം എനിക്ക് ഇഷ്ടപ്പെട്ടു.
കല്യാണത്തിന് സുരക്ഷ എന്നൊരു അര്‍ത്ഥമൊക്ക ഇപ്പോഴും ഉണ്ടോ എന്നെനിക്ക് സംശയമാണ്. അനുവാദം തരാനും, സുരക്ഷ തരാനുമൊക്കെ ഒരാളെ ജീവിതത്തിലേക്ക് വലിച്ചു കയറ്റി എന്നതിന് പകരം 'ഇടയില്‍ പിരിയാതെ ഒരുമിച്ച് പാട്ട് പാടാന്‍, യാത്ര പോകാന്‍, പ്രേമിക്കാന്‍, ഒരു പങ്കാളിയ്‌ക്കൊപ്പം നല്ലൊരു സെക്ഷ്യൂല്‍ ലൈഫ് ആസ്വദിക്കാന്‍ ഞങ്ങള്‍ വിവാഹം കഴിച്ചു' എന്ന് പറയുന്ന സ്ത്രീയും പുരുഷനുമുണ്ടാവട്ടെ...

മറ്റൊന്ന് 'ഞാനൊരു വളര്‍ത്തു മൃഗമായിരുന്നു കഴിഞ്ഞ ബന്ധത്തില്‍' എന്ന ക്രിസിന്റെ തുറന്നു പറച്ചിലാണ്. അതോടെ അയാളോടുള്ള ആരാധന മുഴുവന്‍ പോയി പോയെന്നൊക്കെ എഴുതി കണ്ടു. ടോക്‌സിക് ആയ സ്ത്രീകള്‍ക്കൊപ്പം ജീവിക്കുന്ന പുരുഷന്റെ അവസ്ഥ നേരിട്ടറിയാം. ക്രിസ് പറയുന്നത് ശരിയാണെങ്കില്‍ അയാള്‍ അനുഭവിച്ചത് ചില്ലറയായിരിക്കില്ല. പുരുഷന് സമൂഹം സ്വതവേ നല്‍കിയിട്ടുള്ള പരിവേഷം വാ തുറക്കാന്‍ കഴിയാത്ത വിധം അവരെ പൂട്ടുന്നു.
അഡ്ജസ്റ്റ്‌മെന്റിന്റെ അറ്റത്തെത്തി അവിടുന്ന് താഴേക്ക് വീണുപോകുമെന്ന് പറയുന്ന ആണ്‍ സുഹൃത്തുക്കളുണ്ട്. നിവൃത്തിയില്ലാതെ അതൊന്നു തുറന്നു പറയുമ്പോഴേക്കും 'നീ പുരുഷനാണോടാ' എന്നൊക്കെ ചോദിക്കുന്ന ടീമുകളെ കമന്റ് ബോക്‌സിലൊക്കെ കണ്ടു.. കഷ്ടമെന്നേ പറയാനുള്ളു...
അവര്‍ പ്രേമിക്കട്ടെ... അതേ..നാല്‍പതുകളിലെ പ്രണയത്തിനു വശ്യത കൂടുതലാണ്.. പ്രിയപ്പെട്ട ദിവ്യ, ക്രിസ്...ഈ നല്ല സമയം മുഴുവന്‍ ഇന്റര്‍വ്യൂ കൊടുത്തു കളയാതെ പ്രേമിക്കാന്‍ നോക്കണന്നേ...' എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications