കല്യാണത്തിന് എന്ത് നിറമായിരിക്കും? മോനിഷയെ പോലൊരു മകള്‍ കൂടിയെനിക്കുണ്ട്, മകളെ ശ്രീദേവി ഉണ്ണിയുടെ വാക്കുകള്‍
മലയാള സിനിമയ്ക്ക് ഏറ്റവും നഷ്ടമുണ്ടായ ദിവസമാണിന്ന്. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 1992 ലെ ഡിസംബര്‍ അഞ്ചിനാണ് നടി മോനിഷയെ വിധി തട്ടിയെടുക്കുന്നത്. ഒരു കാര്‍ അപകടത്തില്‍ മോനിഷ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത കേരളത്തെയാകെ ഉലച്ച് കളഞ്ഞു. സിനിമയുടെ ലൊക്കേഷനില്‍ നിന്നും എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയിലായിരുന്നു മോനിഷയും അമ്മയും.
അന്ന് അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ മരിച്ചെങ്കിലും മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണി മാത്രം രക്ഷപ്പെട്ടു. പില്‍ക്കാലത്ത് മകളെ കുറിച്ച് ശ്രീദേവി പറഞ്ഞതൊക്കെ വലിയ വാര്‍ത്തകളാവുകയും ചെയ്തു. അത്തരത്തില്‍ കല്യാണത്തെ കുറിച്ച് മോനിഷ പറഞ്ഞ ആഗ്രഹം ഒരിക്കല്‍ ശ്രീദേവി വെളിപ്പെടുത്തിയിരുന്നു. നടിയുടെ ഓര്‍മ്മദിനത്തില്‍ ഈ കഥ വൈറലാവുകയാണ്.

അഭിനയിച്ച ആദ്യ സിനിമയിലൂടെ ദേശീയ പുരസ്‌കാരം വാങ്ങി കൊണ്ടാണ് മോനിഷ എന്ന നടി തുടക്കം കുറിച്ചത്. കേവലം പതിനഞ്ച് വയസില്‍ അഭിനയിക്കാനെത്തി പത്ത് വര്‍ഷം കൊണ്ടാണ് മോനിഷ തന്റെ കരിയറില്‍ തിളങ്ങിയത്. ഇരുപത്തിയഞ്ചാമത്തെ വയസില്‍ മരിക്കുമ്പോള്‍ ഒത്തിരി നേട്ടങ്ങള്‍ സ്വന്തമാക്കിയതിന് ശേഷമാണെന്ന് ആരും അഭിമാനത്തോടെ പറയുമായിരുന്നു. എന്നാല്‍ മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള മോനിഷയുടെ ഓര്‍മ്മകളാണ് ശ്രീദേവി പലപ്പോഴും പറയാറുള്ളത്.

മോനിഷ ഒരു സ്വപ്‌നജീവിയാണെന്ന് തോന്നുമെങ്കിലും വളരെ പ്രാക്ടിക്കലായിരുന്നു അവളുടെ ചിന്തകളെന്നാണ് ഒരിക്കല്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീദേവി പറഞ്ഞത്. 'അമ്മ എപ്പോഴും സ്വപ്‌നലോകത്താണല്ലോ, എനിക്കിതൊന്നും പറ്റില്ല, ഐ ആം എ പ്രാക്ടിക്കല്‍ ഗേള്‍' എന്ന് അവള്‍ ഇടയ്ക്കിടെ പറയുമായിരുന്നു. കളിയും ചിരിയും തമാശയുമൊക്കെ ഉണ്ടെങ്കിലും കാര്യങ്ങളൊക്കെ മനസിലാക്കി വിവേകത്തോടെ ജീവിതത്തെ കണ്ടിരുന്ന കുട്ടിയായിരുന്നു മോനിഷ.

എല്ലാം ആസ്വദിക്കുമെങ്കിലും സ്വപ്‌നങ്ങള്‍ കെട്ടിപ്പടുക്കാന്‍ ഇഷ്ടമല്ലായിരുന്നു. അതുകൊണ്ടൊന്നും ജീവിക്കാന്‍ പറ്റില്ലമ്മേ, എന്നവളെന്നോട് പറയുമായിരുന്നു. നല്ല ഇംഗ്ലീഷ് പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് വേഗത്തില്‍ വായിച്ച് തീര്‍ക്കും. കുറച്ച് ഉള്‍വലിഞ്ഞ പ്രകൃതമായിരുന്നു മോനിഷയ്ക്ക്. ആരോടും അത്രയ്ക്കങ്ങ് അടുക്കില്ല. ഒരേ മനസുള്ള വളരെ കുറച്ച് ചങ്ങാതിമാരെ അവള്‍ക്കുണ്ടായിരുന്നുള്ളു. അവരുടെ കൂടെയുള്ളപ്പോള്‍ അവള്‍ സന്തോഷവതിയായിരുന്നുവെന്ന് ശ്രീദേവി സൂചിപ്പിക്കുന്നു.

പിന്നെ കല്യാണത്തെ കുറിച്ചും അവള്‍ ചോദിച്ചിട്ടുണ്ട്. 'എന്റെ കല്യാണത്തിന് എന്ത് നിറമാണ് എന്നെ ഇടീക്യാ? എല്ലാ നിറവും അമ്മ എന്നെ ഇടീപ്പിച്ചില്ലേ, എന്നാകും' ചിലപ്പോള്‍ പറയുന്നത്. ''നിന്നെ സ്വര്‍ണത്തില്‍ പൊതിയും, സാരിയും ബ്ലൗസും എല്ലാം സ്വര്‍ണമായിരിക്കുമെന്ന്'', ഞാനും പറയും. എന്നാ പിന്നെ എന്റെ മുഖത്ത് കൂടി സ്വര്‍ണം പൂശിക്കോളൂ സ്വര്‍ണപ്രതിമയാകാലോ എന്നാവും അവളുടെ മറുപടിയെന്ന് ശ്രീദേവി ഓര്‍മ്മിക്കുന്നു.

മോനിഷയെ പോലെ മകളായി ഒരാള്‍ കൂടി തനിക്കുണ്ടെന്നും ശ്രീദേവി പറഞ്ഞു. 'എന്റെ സഹോദരന്റെ മകള്‍ ചൈതന്യയാണത്. മോനിഷയെ പോലെ തന്നെ എനിക്ക് പ്രിയപ്പെട്ടവളാണ് ചൈതന്യ. ഈ തണലില്‍ ഇത്തിരി നേരം, സദയം, അധ്യായം, തുടങ്ങി കുറച്ച് സിനിമകളില്‍ ചൈതന്യ അഭിനയിച്ചിട്ടുണ്ട്.
മോനിഷയും ചൈതന്യയും തലസ്ഥാനം എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഓര്‍മ്മയില്‍ എന്ന സിനിമയിലെ അഭിനയത്തിന് 1988 ലെ മികച്ച ബാലനടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡും ചൈതന്യ നേടിയിട്ടുണ്ടെന്ന് അഭിമുഖത്തില്‍ ശ്രീദേവി പറഞ്ഞു.


Click it and Unblock the Notifications











